കേന്ദ്രത്തിന് വന്‍തിരിച്ചടി; സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി; സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കോടതി

ദില്ലി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഐക്യകണ്‌ഠ്യേനയാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയിരിക്കുന്നത്. സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുളള അവകാശമായ ആര്‍ട്ടിക്കിള്‍ 21ന്റെ ഭാഗമാണ് സ്വകാര്യതയെന്നും കോടതി വിലയിരുത്തി.

ആധാര്‍ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് പരിശോധിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. ഈ വിധിയോടെ, സ്വകാര്യത മൗലികാവകാശമല്ലെന്ന 1954ലേയും 1962ലേയും സുപ്രീംകോടതിയുടെ തന്നെ വിധികള്‍ അസാധുവായി.

ആധാര്‍ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ഉയര്‍ന്ന സ്വാകാര്യ മൗലികാവകാശമാണോ എന്ന സംശയത്തിനാണ് ഒമ്പതംഗ ഭരണഘടനാ ബഞ്ച് തീര്‍പ്പ് കല്‍പ്പിച്ചത്. ഭരണഘടനയുടെ 21-ാം അനുഛേദം ഉറപ്പ് നല്‍കുന്ന മൗലികാവകാശമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും പരിധിയില്‍ വരുന്നതാണ് സ്വകാര്യതയെന്ന് പരമോന്നത കോടതി അടിവരയിട്ട് ഉറപ്പിച്ചു.

സ്വകാര്യതയുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന രണ്ട് സുപ്രീംകോടതി വിധികള്‍ റദ്ദ് ചെയ്തുകൊണ്ടാണ് ബഞ്ച് വിധി പ്രസ്താവിച്ചത്. സ്വകാര്യത മൗലികാവകാശമല്ലെന്ന് വ്യക്തമാക്കിയ 1954ലെ എംപി ശര്‍മ്മ കേസ്, 1962ലെ ഖരക് സിംഗ് കേസിലെ വിധികള്‍ ഇതോടെ അപ്രസക്തമായി.

കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീംകോടതി നിലപാട് ആരാഞ്ഞിരുന്നു. സ്വകാര്യത മൗലികാവകാശമല്ലെന്ന് ശക്തമായി വാദിച്ച കേന്ദ്ര സര്‍ക്കാറിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും വിധി കനത്ത പ്രഹരമായി. സ്വകാര്യത മൗലികാവകാശമാണന്നും വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുത് എന്നുമുള്ള ശക്തമായ നിലപാടാണ് കേരളം സ്വീകരിച്ചത്.

ഇതിനുള്ള അംഗീകാരം കൂടിയാണ് സുപ്രീംകോടതിയുടെ വിധി. ആധാര്‍ കേസ്, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ സ്വകാര്യത, ഐടി ആക്ടിലെ 66 എ റദ്ദ് ചെയ്ത മുന്‍ സുപ്രീംകോടതി വിധി, സ്വവര്‍ഗ്ഗരതി തടഞ്ഞ സുപ്രീംകോടതി വിധി തുടങ്ങി നിരവധി കേസുകളെ ഇപ്പോഴുണ്ടായിരിക്കുന്ന വിധി ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News