നിയമസഭയിൽ മുഖ്യമന്ത്രിയുടെ മിന്നുന്ന മറുപടി

*കെ.സി. ജോസഫിന്റെ അടിയന്തര പ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി*

വിഷയദാരിദ്ര്യം മൂലമാണ് ഒരേ വിഷയം തന്നെ ഒന്നിലധികം തവണ സഭയില്‍ ഉന്നയിക്കുന്നത്. അടിയന്തരപ്രമേയ നോട്ടീസില്‍ പ്രതിപാദിക്കുന്ന കാര്യം കഴിഞ്ഞ ആഗസ്റ്റ് 21-ാം തീയതി ഈ സഭയില്‍ പരിഗണിച്ചതാണ്. ആ ഘട്ടത്തില്‍ വ്യക്തമാക്കിയതുപോലെ സര്‍ക്കാര്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടുന്നതിനായി അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യം ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ നടത്തിയതായി പറയപ്പെടുന്ന പരാമര്‍ശങ്ങളാണ്. ഹൈക്കോടതിയുടെ രേഖാമൂലം ഇടക്കാല ഉത്തരവോ രേഖാമൂലമുള്ള മറ്റ് പരാമര്‍ശങ്ങളോ അപ്പീല്‍ പരിഗണിച്ച ശേഷം ഉണ്ടായിട്ടില്ല. അപ്പീല്‍ ഇന്ന് വീണ്ടും കോടതി പരിഗണിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ സഭയില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ല.

അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിയതു സംബന്ധിച്ച് കോടതി പരാമര്‍ശിച്ചിരുന്നത് താഴെപ്പറയും പ്രകാരമാണ്:

‘When the Minister issues a specific direction in this regard, according to me the file should disclose the reason on the basis on which such decision was taken by the Minister.’

ഇതിനര്‍ത്ഥം ഫയലില്‍ കാര്യങ്ങള്‍ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കില്‍ നടപടിയില്‍ വീഴ്ചയൊന്നും ഇല്ലായിരുന്നുവെന്നാണ്. എന്നാല്‍ നേരത്തെ സഭയില്‍ വ്യക്തമാക്കിയിരുന്നതുപോലെ ബന്ധപ്പെട്ട ഫയലില്‍ മന്ത്രിയുടെ ഉത്തരവില്‍ തൊട്ടുമുമ്പുള്ള ഖണ്ഡികയില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി രേഖപ്പെടുത്തിയിരുന്ന വസ്തുതകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുന്നതിന് സമയപരിധി നീട്ടാനുള്ള ഉത്തരവ് ഫയലില്‍ നല്‍കേണ്ടി വന്നതായി കാണുന്നത്. ഇതില്‍ ഒരു തരത്തിലുമുള്ള അപാകതയും ഉള്ളതായി കാണുന്നില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടുന്നത് സംസ്ഥാനത്ത് പുതിയ കാര്യമല്ല. ഇതേ കാര്യത്തില്‍ തന്നെ മുന്‍സര്‍ക്കാരിന്റെ കാലത്തും അപേക്ഷ നീട്ടുകയും നീട്ടിയ കാലയളവില്‍ ലഭിച്ച അപേക്ഷയില്‍ നിന്നും ചെയര്‍പേഴ്‌സണെ ഉള്‍പ്പെടെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. അപേക്ഷിക്കാനുള്ള കാലാവധി നീട്ടിയ കാലയളവില്‍ ലഭിച്ച അപേക്ഷകളില്‍ യോഗ്യരായ അപേക്ഷകളും പരിഗണിക്കേണ്ടി വരും. അല്ലെങ്കില്‍ കാലാവധി നീട്ടേണ്ടതില്ലല്ലോ?

ബാലാവകാശ കമ്മീഷനില്‍ ഇപ്പോള്‍ അംഗങ്ങളെ തെരഞ്ഞെടുത്ത രീതിയെക്കുറിച്ച് കോടതി ഒരു തരത്തിലുള്ള പ്രതികൂല പരാമര്‍ശങ്ങളും നടത്തിയിട്ടില്ല. കോടതി വിധിയിലെ ഒരു ഭാഗം ശ്രദ്ധേയമാണ്;

‘There is nothing on record to indicate that the selection made based on the interview conducted by the selection committee consisting of the Minister, Health and Social Justice, Secretary, Social Justice and Secretary, Law is vitiated in any manner.’

അപേക്ഷകരില്‍ തെരഞ്ഞെടുക്കപ്പെടാത്ത ഒരാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരിയെ തെരഞ്ഞെടുക്കണമെന്നും കോടതി നിര്‍ദ്ദേശമില്ല.

തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളായ ശ്രീ സുരേഷ് കേസുകളില്‍ പ്രതിയാണ് എന്നുള്ളതാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സുരേഷിന്റെ കേസുകള്‍ സാമൂഹ്യവിഷയങ്ങളുയര്‍ത്തി നടത്തിയ സമരത്തിന്റെ ഭാഗമായുള്ളതാണ്. ജനകീയ സമരങ്ങളില്‍ ഭാഗമായതിന്റെ പേരില്‍ പ്രതികളായ നിരവധി പേര്‍ അപ്പുറവും ഇപ്പുറവും ഉണ്ട്. നിയമാനുസൃതം അയോഗ്യതയുണ്ടോയെന്നതാണ് പരിശോധിക്കേണ്ടി വരുന്നത്. ഇപ്രകാരമുള്ള വിശദമായ പരിശോധന സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. നിയമവകുപ്പ് സെക്രട്ടറി ഇക്കാര്യത്തില്‍ നല്‍കിയ നിയമോപദേശം താഴെപറയുംപ്രകാരമാണ്:

‘the offences charged and proved against him do not come within the purview of the expression ‘moral turpitude’. Hence there is no objection in issuing final orders appointing the selected candidates as Members of the State Child Rights Commission’

ശ്രീ. സുരേഷ് 14 വര്‍ഷം വയനാട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിയും സമിതിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. ഇതാവട്ടെ,എല്‍.ഡി.എഫ്-യു.ഡി.എഫ്. ഭരണകാലയളവിലുള്ളതാണുതാനും. മാത്രമല്ല, ശിശുക്ഷേമ പ്രവര്‍ത്തന മേഖലയില്‍ കാല്‍ നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തന പാരമ്പര്യവുമുണ്ട്. കാര്‍ഷികവിളകളെ നശിപ്പിക്കുന്ന വന്യജീവി ശല്യത്തിന് എതിരായി സമരം നയിച്ചതിന് ഒരു ദിവസം കോടതി പിരിയുന്നതുവരെ മാത്രമുള്ള ശിക്ഷയാണ് ശ്രീ സുരേഷിനുണ്ടായത്.

അപ്പീല്‍ പരിഗണിക്കുമ്പോള്‍ പറയപ്പെടുന്നതായ പ്രതിപക്ഷം ആരോപിക്കുന്ന കോടതിയുടെ പരാമര്‍ശം രേഖകള്‍ പ്രകാരമുള്ളതല്ല. അത് കോടതിയുടെ കാഷ്വല്‍ പരാമര്‍ശമാണ്. ഇതും പുതുതായ കാര്യമല്ല. ഇത്തരം പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ മന്ത്രിമാര്‍ രാജിവെച്ച കീഴ്‌വഴക്കവുമില്ല. കേസുകള്‍ നടത്തുമ്പോള്‍ കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ വിധിന്യായവുമല്ല. കേസില്‍ കക്ഷിയല്ലാത്ത മന്ത്രിയെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെക്കേണ്ട സാഹചര്യവുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News