ദിലീപിനെതിരെ 223 തെളിവുകള്‍; എങ്ങനെ പുറത്തിറങ്ങും; വിധി ദിനം നാളെ; ജാമ്യമില്ലെങ്കില്‍ ഓണം ഇക്കുറി ജയിലിലാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. അതിശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയിരിക്കുന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. രണ്ടു ദിവസമാണ് കോടതിയില്‍ വാദം നടന്നത്.

ദിലീപിനെതിരേ 223 തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ്  പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചത്. കൂടാതെ ദിലീപ് കുറ്റക്കാരനാണെന്നു തെളിയിക്കുന്ന 169 രേഖകളും 15 രഹസ്യമൊഴികളും തങ്ങളുടെ പക്കലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ദിലീപ് കിങ് ലയര്‍ ആണെന്നായിരുന്നു പ്രോസിക്യൂഷന്‍ വിശേഷിപ്പച്ചത്. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താന്‍ മികച്ച കളിക്കാരനെയാണ് ഇറക്കിയത്. കാക്കനാട് ജയിലില്‍ വച്ച് ഡൂട്ടിയിലുണ്ടായിരുന്ന അനീഷ് എന്ന പോലീസുകാരനോട് ദിലീപ് നല്‍കിയ ക്വട്ടേഷനെക്കുറിച്ച് സുനി വെളിപ്പെടുത്തിയതായും പ്രോസിക്യൂഷന്‍ വാദിച്ചു. കാവ്യയും കുടുംബവുമായി നല്ല ബന്ധമാണ് ഉള്ളതെന്ന് സുനി പറഞ്ഞിട്ടുണ്ട്.

തൃശൂര്‍ ടെന്നിസ് ക്ലബ്ബിലെ ജീവനക്കാരന്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടതായി രഹസ്യ മൊഴിയില്‍ ഉണ്ട്. മൊബൈലും സിം കാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണ സംഘം അത് വിശ്വസിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് ഡയറിയും ഹാജരാക്കി. തുടര്‍ന്നാണ് ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിയത്.

ദിലീപിനെതിരെ സിനിമാ മേഖലയില്‍ നിന്ന് തന്നെ ഗൂഢാലോചന ഉണ്ടായെന്നും പള്‍സര്‍ സുനിയാണ് ആസൂത്രകന്‍ എന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ഇതിനായി ഗൂഢാലോചനക്കാര്‍ രാഷ്ട്രീയക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു.

സുനിയേപ്പോലുള്ള കള്ളന്മാര്‍ പറയുന്ന നുണകള്‍ വിശ്വസിച്ച് സിനിമയെപ്പോലും വെല്ലുന്ന തിരക്കഥയാണ് പൊലീസ് തയ്യാറാക്കിയത്. സുനി ജയിലില്‍ നിന്നയച്ച കത്തും ഗൂഢാലോചനയുടെ ഭാഗമാണ്. ജയിലിനു പുറത്ത് കുശാഗ്രബുദ്ധിക്കാരാണ് കത്തിന്റെ കരട് രൂപം തയ്യാറാക്കിയതെന്നും പ്രതിഭാഗം വാദിച്ചു.

ദിലീപിന്റെ മുറിയിലെത്തി സുനി ഗൂഢാലോചന നടത്തി എന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ വാങ്ങിയ സുനി ഒരിക്കല്‍ പോലും ദിലീപിനെ വിളിച്ചിട്ടില്ലെന്നും മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ ഒന്നിച്ചു വന്നാല്‍ എങ്ങനെ ഗൂഢാലോചന ആകുമെന്നും പ്രതിഭാഗം വാദിച്ചു.

എന്തായാലും ദിലീപിനെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായക ദിനമാണ് വെള്ളിയാ‍ഴ്ച. നാളെ ജാമ്യം ലഭിച്ചില്ലെങ്കില്‍ താരത്തിന്‍റെ ഇത്തവണത്തെ ഓണം ജയിലിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News