പ്രതിപക്ഷം സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ വളഞ്ഞിട്ട് ആക്രമിച്ചെന്ന് മന്ത്രി ശൈലജ; തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ ഒരു മടിയുമില്ല

തിരുവനന്തപുരം: ബാലാവകാശ കമീഷന്‍ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതിപക്ഷം തന്നോട് ക്രൂരമായാണ് പെരുമാറിയതെന്ന് മന്ത്രി കെ.കെ ശൈലജ. സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ ഒരു മടിയുമില്ല. കമീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചെയ്യാത്ത കുറ്റത്തിന് തന്നെ കുരിശിലേറ്റുകയായിരുന്നുവെന്നും മന്ത്രി ശൈലജ പറഞ്ഞു.

പ്രതിപക്ഷം തനിക്കെതിരെ ആസൂത്രിതമായി വ്യക്തിഹത്യ നടത്തുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ വേട്ടയാടിയത്. കോടതിയുടെ ന്യായമായ വിധിയില്‍ സന്തോഷമുണ്ടെന്നും മന്ത്രി ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു.

മനപ്പൂര്‍വ്വം വേട്ടയാടാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഇതിനു വേണ്ടി ഫയലില്‍ കൃത്രിമമായി രേഖയുണ്ടാക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം വരെ നടത്തുകയുണ്ടായി. ഇതിനെല്ലാം ജനങ്ങളുടെ മുന്‍പാകെ അവര്‍ സമാധാനം പറയണം.

രാഷ്ട്രീയ ജീവിതത്തില്‍ ഇന്നേ വരെ വ്യക്തിപരമായ ലാഭത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണ ബോധ്യമുണ്ട്. മറ്റ് വികസന പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമമാണോ ഇത്തരം ആരോപണങ്ങളെന്നും സംശയമുണ്ട്. തുടക്കം മുതലേ ഉദ്യോഗസ്ഥരുള്‍പ്പെയുള്ളവര്‍ തനിക്കൊപ്പം നിന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here