ഒടുവില്‍ പേരറിവാളന് പരോള്‍; ജയിലിന് പുറത്തിറങ്ങുന്നത് 26 വര്‍ഷത്തിന് ശേഷം

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് ഒടുവില്‍ പരോള്‍. 26 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ ആദ്യമായാണ് പേരറിവാളന് പരോള്‍ അനുവദിക്കുന്നത്. പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ നല്‍കിയ അപേക്ഷയിലാണ് പരോള്‍ ലഭിച്ചരിക്കുന്നത്. ഒരു മാസമാണ് പരോള്‍ കാലാവധി.

മരണശയ്യയിലായ അച്ഛനെ കാണാന്‍ അനുവദിക്കണമെന്ന അപേക്ഷയിന്‍ മേല്‍ ഒരുമാസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. പരോള്‍ അനുവദിച്ചു കൊണ്ടുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ട്. കൂടാതെ ജയിലിന് പുറത്തിറങ്ങുന്ന പേരറിവാളന് ശക്തമായ പൊലീസ് അകമ്പടി നല്‍കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. 46കാരനായ പേരറിവാളന്‍ വെല്ലുര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്.

1991 മുതല്‍ ജയിലില്‍ കഴിയുന്ന പേരളിവാളനും കേസിലെ മറ്റ് പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീംകോടതി ഇളവ് നല്‍കുകയായിരുന്നു. ഇക്കാലയളവില്‍ പ്രതികളില്‍ ഒരാളായ നളിനിയ്ക്ക് മാത്രമേ പരോള്‍ അനുവദിച്ചിരുന്നുളളു. ഇതിനിടെ പലതവണ പേരറിവാളന്റെ പരോള്‍ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയും ചെയ്തു.

കേസില്‍ ഏറ്റവും കൂടുതല്‍ തടവുശിക്ഷ അനുഭവിച്ചവരില്‍ ഒരാളാണ് പേരളിവാളന്‍. എല്‍ടിടിഇയ്ക്ക് ബോംബ് നിര്‍മ്മാണത്തിനായി ബാറ്ററി വാങ്ങി നല്‍കിയെന്ന കുറ്റമാണ് പേരറിവാളന്റെ മേല്‍ ചുമത്തിയത്. 1991 മെയിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി ഉള്‍പ്പടെ 14 പേര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News