“ദേ ഓട്ടോ”: കൊച്ചിയില്‍ ഓട്ടോയും ഇനി ഓണ്‍ലൈനില്‍

ഓട്ടോറിക്ഷ വിളിക്കാനും ഇനി ഓണ്‍ലൈന്‍ ബുക്കിംഗ് . അനുദിനം സ്മാര്‍ട്ടാകുന്ന കൊച്ചിയില്‍ നിന്ന് തന്നെയാണ് ഈ വാര്‍ത്തയും. ദേ ഓട്ടോ എന്ന പേരില്‍ ഓണ്‍ലൈന്‍ ഓട്ടോറിക്ഷ ബുക്കിങ് സംവിധാനം ഉടന്‍ നിലവില്‍ വരും . നഗരത്തിലെ ഇരുന്നൂറില്‍ പരം ഓട്ടോറിക്ഷകളാണ് പുതിയ പദ്ധതിയുടെ ഭാഗമാവുക. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്കും ഈ സംവിധാനം ഉപയോഗിക്കാം എന്നതാണ് മേന്മ .

കിയോസ്‌കുകള്‍ വഴിയാണ് സംവിധാനം നടപ്പാക്കുക . യാത്രക്കൂലി ഓണ്‍ലൈനായി നല്‍കാം .കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ മെലോസിസ് എന്ന സ്ഥാപനമാണ് ജിപിഎസ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന കിയോസ്‌കകള്‍ വികസിപ്പിച്ചെടുത്തത് .
കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുക . 20 മുതല്‍ 30 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ആണ് കിയോസ്‌കുകളില്‍ ഉള്ളത്.

യാത്ര പോകേണ്ട സ്ഥലം, നിരക്ക്, തുടങ്ങിയ ഓപ്ഷനുകള്‍ കിയോസ്‌കില്‍ ഉണ്ട്. പത്തംഗ മൊബൈല്‍ നമ്പര്‍ കിയോസ്‌കില്‍ രേഖപ്പെടുത്തുന്നതോടെ രജിസ്റ്റര്‍ ചെയ്ത നമ്പരിലേക്ക് എസ്എംഎസ് വരും. കൂടാതെ ബുക്കുചെയ്ത് വാഹനത്തിന്റെ ഡ്രൈവറുടെ പേര് , വാഹന നമ്പര്‍ മൊബൈല്‍ നമ്പര്‍ യാത്രാനിരക്ക് എന്നിവയടങ്ങുന്ന പ്രിന്റൗട്ടും ലഭിക്കും . ഓട്ടോറിക്ഷ മാത്രമല്ല കാര്‍ ടാക്‌സി വേണ്ടവര്‍ക്കു കിയോസ്‌കുകള്‍ വഴി ബുക്ക് ചെയ്യാം . ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള പദ്ധതി വൈകാതെ വാണിജ്യ അടിസ്ഥാനത്തില്‍ നിലവില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here