മന്ത്രി ശൈലജ രാജി വയ്ക്കണമെന്ന് ചെന്നിത്തല; പരാമര്‍ശം കോടതി നീക്കിയത് കൊണ്ട് മന്ത്രി വിശുദ്ധയാകില്ല

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരായ കോടതി പരാമര്‍ശം നീക്കിയത് കൊണ്ട് മന്ത്രി വിശുദ്ധയാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാലാവകാശ കമീഷന്‍ നിയമനത്തില്‍ ക്രമക്കേടെന്ന കോടതി വിധി നിലനില്‍ക്കുന്നുവെന്നും മന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്നലെയാണ് ശൈലജയ്‌ക്കെതിരായ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം ഡിവിഷന്‍ ബഞ്ച് നീക്കം ചെയ്തത്. മന്ത്രിയുടെ വാദങ്ങള്‍ കേള്‍ക്കാതെയായിരുന്നു സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കേസില്‍ മന്ത്രി കക്ഷിയല്ലെന്നും മന്ത്രിക്കെതിരെ മാത്രം പരാമര്‍ശം ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു.

ബാലാവകാശ കമീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് സിംഗിള്‍ ബഞ്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഡിവിഷന്‍ ബഞ്ച് നീക്കിയത്. മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് പരാമര്‍ശങ്ങള്‍ നടത്തിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി അനുവദിച്ച കോടതി സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശങ്ങള്‍ നീക്കുകയായിരുന്നു.

കക്ഷിയുടെ അഭാവത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. അപ്പീല്‍ പരിഗണിക്കവേ ഡിവിഷന്‍ ബഞ്ച് ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതായി ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here