സൗദി ബാലന്റെ മരണത്തില്‍ ദുരൂഹത; കുളത്തില്‍ നിന്നും ഷോക്കേറ്റാണ് മരണമെന്ന് പിതാവ്; അവേദ റിസോര്‍ട്ട് ജീവനക്കാര്‍ മോശമായി പെരുമാറി; നീതി ലഭിക്കാതെ രാജ്യം വിട്ടുപോകില്ലെന്നും കുടുംബം

കോട്ടയം: സൗദി അറേബ്യ സ്വദേശിയായ എട്ടു വയസുകാരന്‍ കുമരകത്തെ റിസോര്‍ട്ടില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മജീദ് ആദിന്‍ ഇബ്രാഹിം എന്ന  നാലു വയസുകാരനാണ് കുമരകത്തെ അവേദ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചത്.

റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ നിന്നും ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നാണ് പിതാവ് പറയുന്നത്. കുട്ടിയെ രക്ഷിക്കാന്‍ കുളത്തില്‍ ഇറങ്ങിയ ചിലര്‍ക്കും ഷോക്കേറ്റെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ച തങ്ങളോട് റിസോര്‍ട്ട് ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും കുട്ടിയുടെ പിതാവ് ഇബ്രാഹി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

അഞ്ച് കുട്ടികളടക്കം ഏഴംഗ സൗദി കുടുംബം മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ബുധനാഴ്ച്ച രാവിലെയാണ് കുമരകത്തെത്തിയത്. മുതിര്‍ന്ന സഹോദരങ്ങള്‍ക്കൊപ്പം ഹോട്ടലിന്റെ നീന്തല്‍കുളത്തിന് സമീപം കളിച്ചിരുന്ന ആലാദിന്‍ മജിദ് കുളത്തിലേക്കിറങ്ങുമ്പോള്‍ ഷോക്കേറ്റ് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നയാള്‍ രക്ഷിക്കാനെത്തിയെങ്കിലും അദ്ദേഹത്തിനും ഷോക്കേറ്റതോടെ ശ്രമം വിഫലമായി. തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിസോര്‍ട്ടുകാരുടെ അനാസ്ഥയാണ് മകന്റെ മരണത്തിന് കാരണമെന്നും നീതി ലഭിക്കാതെ രാജ്യം വിട്ടുപോകില്ലെന്നും പിതാവ് ഇബ്രാഹിം പീപ്പിള്‍ ടിവിയോട് പറഞ്ഞു.

കോട്ടയം ഡിവൈഎസ്പി സഖറിയാ മാത്യൂസ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തി. ദൃക്‌സാക്ഷിയുടെ മൊഴിയെടുത്തു. ശാസ്ത്രിയമായ പരിശോധനകള്‍ക്ക് വിദഗ്ധരുടെ സഹായം തേടും. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, സൗദി എംബസി അധികൃതരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിലേക്ക് കൊണ്ടുപോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News