ബലാത്സംഗക്കേസ് പ്രതിയ്ക്കുവേണ്ടി രാജ്യം കത്തിക്കുന്നു; അഞ്ചു സംസ്ഥാനങ്ങളില്‍ പരക്കെ അക്രമം; 32 മരണം; 400ലധികം പേര്‍ക്ക് പരുക്ക്; കലാപം നിയന്ത്രിക്കാന്‍ സൈന്യവും രംഗത്ത്

ദില്ലി: ബലാല്‍സംഗക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന വിധിയെ തുടര്‍ന്നുണ്ടായ കലാപം രാജ്യമാകെ വ്യാപിക്കുന്നു. രാജ്യതലസ്ഥാനമടക്കം 5 സംസ്ഥാനങ്ങള്‍ കലാപത്തിന്റെ പിടിയിലാണ്. ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ കലാപം ദില്ലി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി തുടരുകയാണ്.

ദില്ലിയിലെ ആനന്ദ് വിഹാറില്‍ ഗുര്‍മീത് അനുയായികള്‍ ട്രെയിന്‍ കത്തിച്ചു. ട്രെയിനിന്റെ രണ്ടു കോച്ചുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ദില്ലിയിലെ വിവിധ പ്രദേശങ്ങളില്‍ കലാപം പടരുകയാണ്. വിവിധ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. നോര്‍തേണ്‍ റെയില്‍വെ 236 തീവണ്ടികള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യ്തിട്ടുണ്ട്.

കലാപത്തില്‍ ഇതുവരെ 35 ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും വ്യക്തമായിട്ടുണ്ട്. കലാപം അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിജയിച്ചിട്ടില്ല. പലമേഖലകളിലും അതിരൂക്ഷമായി കലാപം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അതിക്രമമുണ്ടായി. ചാനലുകളുടെ ഒ ബി വാനടക്കം കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കലാപം നടത്തിയ ആയിരത്തിലധികം ദേരാ സച്ചാ സൗദ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കലാപം അടിത്തമര്‍ത്താനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. 4 സംസ്ഥാനങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. സമാധാന ആഹ്വാനവുമായി രാഷ്ട്രപതിയടക്കമുള്ളവര്‍ രംഗത്തെത്തി. അക്രമവും പൊതുസ്വത്ത് നശിപ്പിക്കലും രാജ്യത്തിന് നാണക്കേടാണെന്ന് രാം നാഥ് കോവിന്ദ് ഓര്‍മ്മിപ്പിച്ചു.സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. അനുയായികള്‍ സംയമനം പാലിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു. അതേസമയം ഗുര്‍മീതിനെ പിന്തുണച്ച് ബി ജെപി നേതാവ് സാക്ഷി മഹാരാജ് രംഗത്തെത്തി. 4 കോടി ജനങ്ങളുടെ ആരാധനാപാത്രത്തിനെതിരായ കോടതി വിധി അംഗീകരിക്കാനാകുന്നതല്ലെന്നാണ് സാക്ഷി പറയുന്നത്.

അതേസമയം, ദേര സച്ചാ സൗദ ആശ്രമം അടച്ചുപൂട്ടാന്‍ തീരുമാനമായി. അന്തേവാസികള്‍ ആശ്രമത്തില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കലാപം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടന്ന വിലയിരുത്തല്‍ ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രസേനയടക്കം കലാപം നിയന്ത്രിക്കാന്‍ രംഗത്തെത്തി. 50 ബറ്റാലിയന്‍ സൈന്യത്തെ കേന്ദ്രം വിന്യസിച്ചു കഴിഞ്ഞു.

അതിനിടെ അക്രമ സംഭവങ്ങളില്‍ കോടതിയുടെ അടിയന്തര ഇടപെടലുമുണ്ടായി. ഗുര്‍മീത് റാം റഹീമിന്റെ സ്വത്ത് വകകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹരിസാന പഞ്ചാബ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

പാഞ്ച കുള മേഖലയിലാണ് കലാപം ഏറ്റവും ശക്തമായിട്ടുള്ളത്. ഗുര്‍മീതിന്റെ സംഘടനയായ ദേരാ സച്ചാ സൗദയാണ് വ്യാപമായി അക്രമം അഴിച്ചുവിടുന്നത്. പാഞ്ച കുള മേഖലയില്‍ മാത്രം 17 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഗുര്‍മീതിനെ സൈന്യം ആകാശമാര്‍ഗം റോത്തക് ജയിലിലെത്തിച്ചു.

പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് പാഞ്ചകുള സിബിഐ പ്രത്യേക കോടതിയാണ് വിധിപുറപ്പെടുവിച്ചത്. ഗുര്‍മീത് റാമിനെതിരെയുള്ള ശിക്ഷ 28ന് പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി വിധി.

പാഞ്ചകുള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനമായ ചണ്ഡീഗഡിലെ സര്‍ക്കാസ് ഓഫീസുകള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ദേശീയപാത 19ലൂടെയുള്ള ഗതാഗതം ഇന്നലെ വൈകുന്നേരം മുതല്‍ നിരോധിച്ചു. 150 റൂട്ടുകളിലുള്ള സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. മേഖലയില്‍ നിരാധനാജ്ഞയും പ്രഖ്യാപിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ പാഞ്ചകുള സിവില്‍ ആശുപത്രിയില്‍ 100 ബെഡ്ഡുകള്‍ ഒഴിച്ചിട്ടു. 30 ആംബൂലന്‍സുകളും സജ്ജ്മാക്കി നിര്‍ത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് സേവനങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റയും ലഭ്യമാകില്ല.

2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News