കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടവര്‍ എവിടെ? മാളത്തിലോ? ഉത്തരേന്ത്യ കത്തിയെരിയുമ്പോള്‍ പുറത്താവുന്നത് ബിജെപിയുടെ ഇരട്ടത്താപ്പ്

തിരുവനന്തപുരം: സ്വയംപ്രഖ്യാപിത വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹിമിന്റെ ശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യ കത്തിയെരിയുമ്പോള്‍ പുറത്താവുന്നത് ബിജെപിയുടെ ഇരട്ടത്താപ്പ് കൂടിയാണ്. നിരവധി ആളുകള്‍ കൊല്ലപ്പെട്ട കലാപത്തില്‍ ബിജെപി സംസ്ഥാനങ്ങളിലെ ക്രമസമാധാനം തകര്‍ന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെല്ലപ്പോക്ക് തുടരുകയാണ്.

എന്നാല്‍ അടുത്തിടെ ശ്രീകാര്യത്ത് ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരും സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളും കേരളത്തിനതിരെ വലിയ പ്രചരണമാണ് അഴിച്ച് വിട്ടത്.

ശ്രീകാര്യത്ത് ആര്‍എസ്എസ് ബസ്തികാര്യവാഹ് രാജേഷ് കൊല്ലപ്പെട്ട സംഭവം വ്യക്തിവിരോധം ആണെന്ന് വ്യക്തമായിട്ടും കേന്ദ്രസര്‍ക്കാര്‍ അത് രാഷ്ട്രീയ ആയുധം ആക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒരു ക്രമസമാധാന പ്രശ്‌നവും ഉണ്ടായില്ലെങ്കിലും മുഖ്യമന്ത്രിയെ സമന്‍സ് ചെയ്ത് വരുത്തുകയാണെന്ന് ഗവര്‍ണര്‍ സദാശിവം ട്വീറ്റ് ചെയ്തത് ബിജെപി വലിയ പ്രചരണായുധമാക്കി. തൊട്ട് പിന്നാലെ കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്നും അതിനാല്‍ സര്‍ക്കാരിനെ പിരിച്ച് വിടണമെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളള വാര്‍ത്തസമ്മേളത്തില്‍ ആവശ്യപ്പെട്ടു.

ബിജെപി അനുകൂല വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ കുപ്രസിദ്ധി ആര്‍ജിച്ച ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ കേരളത്തിന് എതിരെയായ ഹെയ്റ്റ് ക്യാമ്പെയിന് ഊര്‍ജ്ജം പകര്‍ന്ന് ഇടതടവില്ലാതെ വാര്‍ത്തകള്‍ നല്‍കി. രംഗം കൊഴുപ്പിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെറ്റ്‌ലി തന്നെ തിരുവനന്തപുരത്ത് എത്തി. ലോകസ്ഭയില്‍ ഇടതുപക്ഷ പ്രതിനിധികളെ സംസാരിക്കാന്‍ പോലും അനുവദിക്കാതെ ലോക്‌സഭയില്‍ ബിജെപി കനത്ത പ്രതിരോധം തീര്‍ത്തു.

ദേശീയ മനുഷ്യവാകാശ കമ്മീഷനും, പട്ടികജാതി കമ്മീഷനും കേരളത്തിലെത്തി. വ്യക്തിവിരോധം മൂലമുളള കൊലപാതകമെന്ന് പ്രതിഭാഗം തന്നെ കോടതിയില്‍ പറഞ്ഞ കേസിലാണ് കേരളത്തിലെ ക്രമസമാധാനം മുഴുവന്‍ തകര്‍ന്നെന്ന് പ്രചരിപ്പിച്ച് ഇത്രയും വലിയ പ്രചരണ കോലഹലം നടത്തിയത്.

എന്നാല്‍ ആള്‍ദൈവത്തിന്റെ അനുയായികള്‍ അക്രമം നടത്തിയേക്കും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ട് പോലും അക്രമം തടയാതിരുന്നത് വഴി ഇതിനോടകം നിരവധി പേരാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളും ട്രെയിനും സര്‍ക്കാര്‍ ഓഫീസുകളും അഗ്‌നിക്കിരയാക്കിയിട്ടും ബിജെപി ഭരിക്കുന്ന സര്‍ക്കാരുകളുടെ തലവന്‍മാരെ ഗവര്‍ണര്‍ സമന്‍സ് ചെയ്ത് വരുത്തിയില്ലെന്നതും, സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധയമാണ്. കേന്ദ്രസര്‍ക്കാരിന്റെ മൂക്കിന് താഴെയുളള ദില്ലിയില്‍ പോലും ക്രമസമാധാനം തകര്‍ന്നു.

സിഖ് കൂട്ടകൊലക്ക് ശേഷം ഉത്തരേന്ത്യ കണ്ട ഏറ്റവും വലിയ അക്രമപരമ്പര നടന്നത് ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പരാജയമാണ്. ഒപ്പം കേരള സര്‍ക്കാരിനെ ക്രമസമാധാന തകര്‍ച്ച ചൂണ്ടികാട്ടി പിരിച്ച് വിടാന്‍ ശ്രമിച്ചവര്‍ക്ക് കാലം നല്‍കിയ മറുപടി കൂടിയായി സര്‍ക്കാരിന്റെ നിഷ്‌ക്രയത്വം മൂലമുളള ഉത്തരേന്ത്യയിലെ കലാപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News