വര്‍ഗീയകലാപത്തിന് ആഹ്വാനം; ടി.ജി മോഹന്‍ദാസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം; പള്ളിക്ക് പൊലീസ് സംരക്ഷണം

ആലപ്പുഴ: വര്‍ഗീയകലാപത്തിന് ആഹ്വാനം ചെയ്ത ടി.ജി മോഹന്‍ദാസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. അര്‍ത്തുങ്കല്‍ പള്ളിയെക്കുറിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍ ട്വിറ്റ് ചെയ്ത സംഭവത്തിലാണ് കേസ്. കേസെടുക്കാന്‍ അര്‍ത്തുങ്കല്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍ അറിയിച്ചു. സിആര്‍പിസി 153(എ) പ്രകാരമാണ് കേസെടുക്കുക. പള്ളിക്ക് പൊലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശിച്ചു.

അര്‍ത്തുങ്കലിലെ ക്രൈസ്തവ ദേവാലയം ശിവക്ഷേത്രമായിരുന്നെന്നും പള്ളി തിരിച്ചു പിടിക്കണമെന്ന ആഹ്വാനമാണ് ടിജി മോഹന്‍ദാസ് സംഘപരിവാര്‍ അനുഭാവികള്‍ക്ക് നല്‍കിയത്. പള്ളി ശിവക്ഷേത്രമാണെന്നും ഇത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഇനി ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നും മോഹന്‍ദാസ് ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടത്.

അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍ എന്നറിയപ്പെടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപമുളള സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയാണ് ആര്‍ത്തുങ്കല്‍ പള്ളിയെന്നറിയപ്പെടുന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്നവരില്‍ ചിലര്‍ പള്ളിയിലെത്തി മാലയൂരാറുണ്ട്. ഇത് മുതലെടുത്താണ് മോഹന്‍ദാസിന്റെ രംഗപ്രവേശനം.

അര്‍ത്തുങ്കല്‍ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കിമാറ്റിയതാണെന്നും മോഹന്‍ദാസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. പള്ളി പൊളിച്ച് ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാന്‍ കഴിയുമെന്നും വര്‍ഗീയ ലാക്കോടെ മോഹന്‍ദാസ് പ്രചരിപ്പിക്കുകയാണ്. ക്ഷേത്രം തിരിച്ചുപിടിക്കുകയെന്നത് എല്ലാ ഹിന്ദുക്കളുടെയും കടമയാണെന്നും ഇയാള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News