ദില്ലി: പീഡനക്കേസില്‍ അകത്തായ സ്വയപ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്റെ അനുയായികള്‍ അഴിച്ചുവിട്ട കലാപം തടയുന്നതില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് വീഴ്ച സംഭവിച്ചതായി കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. 32 പേരെ കൊന്നൊടുക്കി കലാപം ആളി പടരുമ്പോളും നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു ഖട്ടാറിന്റെ സര്‍ക്കാര്‍.
വിധി എതിരായാല്‍ സംസ്ഥാനത്ത് വന്‍ അക്രമം അരങ്ങേറുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് മുഖ്യമന്ത്രി ഖട്ടാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ഖട്ടാറിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിന് കടുത്ത അതൃപ്തിയുണ്ട്. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്.
രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നത് അടക്കം വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗുര്‍മീത് അനുയായികള്‍ തടിച്ചുകൂടിയപ്പോള്‍ അവരെ പിരിച്ചുവിടുന്നതില്‍ പോലും സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായാണ് കേന്ദ്ര വിലയിരുത്തല്‍.
മണിക്കൂറുകളോളം സംസ്ഥാനത്ത് അക്രമമികള്‍ അഴിഞ്ഞാടിയപ്പോളും സര്‍ക്കാരിന് കൃത്യമായി ഇടപെടാന്‍ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇന്നത്തെ ഉന്നതതലയോഗത്തില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഹരിയാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ അതൃപ്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ അറിയിക്കും. അക്രമങ്ങളും കൊള്ളിവെപ്പും നടന്ന് മണിക്കൂറുള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരന്വേഷണത്തിന് പോലും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടില്ല.

Get real time update about this post categories directly on your device, subscribe now.