ഗുര്‍മീത് റഹീമിന്റെ ആശ്രമത്തില്‍ സൈന്യം പ്രവേശിച്ചു; തടിച്ചുകൂടിയിരിക്കുന്നത് ലക്ഷക്കണക്കിന് അനുയായികള്‍; കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യത

ദില്ലി: പീഡനക്കേസില്‍ അകത്തായ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ സൈന്യം പ്രവേശിച്ചു. സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയിലാണ് സൈന്യം പ്രവേശിച്ചത്. ഇതിനുള്ളില്‍ ലക്ഷക്കണക്കിന് ഗുര്‍മീത് അനുയായികള്‍ തടിച്ചുകൂടി നില്‍ക്കുകയാണെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. സൈന്യം ഫ് ളാഗ് മാര്‍ച്ച് നടത്തുകയും ആശ്രമത്തിലെ രണ്ടു ഓഫീസുകള്‍ പൂട്ടുകയും ചെയ്തു.

എല്ലാ ആശ്രമങ്ങളും അടച്ചുപൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞുപോകണമെന്ന് ഹരിയാന പഞ്ചാബ് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ആക്രമണങ്ങളിലുണ്ടായ നഷ്ടം നികത്താന്‍ ഗുര്‍മീത് റാമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം, സംഘര്‍ഷഭരിതമായ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും ദ്രുതകര്‍മസേനയും അക്രമ മേഖലകളില്‍ റോന്ത് ചുറ്റുന്നുണ്ട്.

പീഡനക്കേസില്‍ ഗുര്‍മീത് റാം കുറ്റക്കാരനാണെന്ന് പാഞ്ചകുള സിബിഐ പ്രത്യേക കോടതി ഇന്നലെയാണ് വിധിച്ചത്. ശിക്ഷ 28ന് പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി വിധി.

2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.

കേസില്‍ വിധി വന്നതോടെ, ഗുര്‍മീത് അഞ്ചു സംസ്ഥാനങ്ങളില്‍ വന്‍അക്രമമാണ് അഴിച്ചുവിട്ടത്. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഹരിയാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ അതൃപ്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ അറിയിക്കും. അക്രമങ്ങളും കൊള്ളിവെപ്പും നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരന്വേഷണത്തിന് പോലും ഖട്ടാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here