മധ്യതിരുവിതാംകൂറിന്റെ ഓണപ്പൊലിമയിലൂടെ ഒരു സഞ്ചാരം

നിരവധി ഓണപ്പൊലിമകളാല്‍ സമ്പന്നമാണ് മധ്യതിരുവിതാംകൂര്‍. മങ്ങാട്ട് ഭട്ടതിരിയുടെ തോണിയാത്രയും ഉത്രാടക്കിഴിയും അത്ത ചമയ ഘോഷയാത്രയും ജലോത്സവങ്ങളും ഓണാഘോഷത്തിന് കൂടുതല്‍ മാറ്റ് നല്‍കും. ഒപ്പം പകിട കളിയോടെ ഗ്രാമങ്ങളില്‍ ഓണഘോഷത്തിന്റെ ആരവങ്ങളുയരും. മധ്യതിരുവിതാംകൂറിന്റെ ഓണപ്പൊലിമയിലൂടെ ഒരു സഞ്ചാരം.

  • അക്ഷരനഗരിയിലെ അത്തച്ചമയം

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ നടക്കുന്ന അതേ ഘോഷയാത്രയുടെ പകിട്ട് അക്ഷരനഗരിയിലെ അത്തച്ചമയ ഘോഛയാത്രയ്ക്കുമുണ്ട്. കഴിഞ്ഞ ആറുവര്‍ഷമായി വിവിധ സാംസ്‌കാരി സംഘടനകളുടെ സഹകരത്തോടെയാണ് ഈ ഘോഷയാത്ര നടത്തിവരുന്നത്. മധ്യതിരുവിതാം കൂറിലെ ഓണാഘോഷങ്ങള്‍ തുടങ്ങുന്നതുതന്നെ ഈ ഘോഷയാത്രയോടെയാണ്.

  • തിരുവോണത്തോണി

ഐതീഹ്യവും ചരിത്രവും ഇഴചേര്‍ന്ന മങ്ങാട്ട് കുടുംബത്തിലെ ഭട്ടതിരിമാരുടെ യാത്രയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മങ്ങാട്ട് മന പണ്ട് സ്ഥിതിചെയ്തിരുന്നത് ആറന്മുളക്ക് കിഴക്ക് കാട്ടൂര്‍ ദേശത്തായിരുന്നു. പിന്നീട് മങ്ങാട്ടുമന കാട്ടൂരില്‍ നിന്നും മാറി കോട്ടയത്തിനടുത്ത് കുമാരനല്ലൂരില്‍ വന്ന് മാറി താമസിച്ചുവന്നതോടെയാണ് തിരുവോണത്തോണിയുടെ പുറപ്പെടല്‍ ചടങ്ങ് കുമാരനല്ലൂരില്‍ നിന്നും തുടങ്ങുന്നത്. കുമാരനെല്ലൂരില്‍ നിന്നും മീനച്ചിലാര്‍, മണിമലയാര്‍, പമ്പാനദി എന്നി പ്രധാന നദികള്‍ വഴി സഞ്ചരിച്ചാണ് തിരുവോണത്തോണി ആറന്മുളയില്‍ എത്തുന്നത്.

മങ്ങാട്ടില്ലത്തെ കടവില്‍ നിന്നു സഹായിക്കൊപ്പമാണ് ഭട്ടതിരിയുടെ യാത്ര. നാഗമ്പടം, ചുങ്കം വഴി ആദ്യം കൊടൂരാറ്റില്‍ പ്രവേശിക്കും. ആദ്യ ദിനത്തിലെ യാത്ര കിടങ്ങറയിലാണ് അവസാനിക്കുന്നത്. ഇവിടെ രണ്ടാം പാലത്തിനു സമീപം ഭട്ടതിരി വിശ്രമിക്കും. സമീപത്തെ ഇല്ലത്തു നിന്നു ഭക്ഷണം കഴിച്ചു രാത്രിയില്‍ ഭട്ടതിരിയും തുഴച്ചില്‍ക്കാരനും വള്ളത്തില്‍ തന്നെയാണു കഴിച്ചുകൂട്ടുക. പിറ്റേന്നു കൊടുതറ വഴി തിരുവല്ല പുഴക്കരയിലെത്തി മണിമലയാറ്റിലേക്കു പ്രവേശിക്കും.

മൂവടമഠത്തിലാണ് അന്നത്തെ ഉച്ചയൂണ്.പിന്നീട് ആറാട്ടുപുഴയിലൂടെ പമ്പാനദിയില്‍ എത്തുന്ന തോണി, വൈകിട്ടു ക്ഷേത്രക്കടവില്‍ അടുക്കും. അന്നു ഭട്ടതിരിക്ക് ക്ഷേത്ര ദര്‍ശനമില്ല. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഭട്ടതിരി തോണിയില്‍ കോഴഞ്ചേരിയിലെ വെള്ളൂര്‍ മനക്കടവിലേക്കു പോകും. ഇവിടെ നിന്ന് അയിരൂര്‍ പുതിയകാവു ക്ഷേത്രം, കാട്ടൂര്‍ ക്ഷേത്രം എന്നിവ ചുറ്റി തിരുവോണപ്പുലരിയില്‍ വീണ്ടും ആഘോഷമായി ആറന്മുളയില്‍ എത്തിചേരും.

തിരുവോണ ദിനത്തില്‍ ആറന്മുള ഭഗവാന്‍ പള്ളിയുണരുന്നതോടെ ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. മങ്ങാട്ട് ഭട്ടതിരി കൊണ്ടുവരുന്ന വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണു സദ്യ ഒരുക്കുന്നത്. അത്താഴപൂജ കഴിഞ്ഞു ക്ഷേത്ര പൂജാരിയില്‍ നിന്നു പണക്കിഴി ഏറ്റുവാങ്ങുന്നതോടെ യാത്രയ്ക്കു സമാപനമാകും.

  • ഉത്രാടക്കിഴി

കൊച്ചി രാജവംശത്തിലെ സ്ത്രീകള്‍ക്ക് രാജവാഴ്ച്ച കാലത്ത് പുതുവസ്ത്രം വാങ്ങാന്‍ നല്‍കി വന്നിരുന്നതാണ് ഉത്രാടക്കിഴി. ഈ ഉത്രാടക്കിഴിക്ക് ഇന്നും കോട്ടയത്ത് ഒരു അവകാശിയുണ്ട്. കോട്ടയം വയസ്‌കര രാജ് ഭവനില്‍ സൗമ്യവതി തമ്പുരാട്ടി. കൊച്ചി രാജവംശത്തില്‍പ്പെട്ട ഇളങ്കുന്നപ്പുഴ നടക്കല്‍ കോവിലകത്തെ അംഗമാണ് സൗമ്യവതി തമ്പുരാട്ടി. കൊച്ചി രാജവംശത്തിലെ പിന്‍മുറക്കാരി എന്ന നിലയില്‍ 1001 രൂപയാണ് ഉത്രാടക്കിഴിയായി നല്‍കുന്നത്. 

സംസ്ഥാനത്ത് 74 പേര്‍ക്കാണ് ഉത്രാടക്കിഴി നല്‍കുന്നതെങ്കിലും കോട്ടയം ജില്ലയില്‍ സൗമ്യവതി തമ്പുരാട്ടി മാത്രമാണ് ഉത്രാടക്കിഴിയുടെ അവകാശി. തൃശൂര്‍ ജില്ലാകലക്ടര്‍ പ്രത്യേക പ്രതിനിധി വഴി കോട്ടയം തഹസില്‍ദാര്‍ക്ക് നല്‍കുന്ന കിഴിപണം വയ്ക്കര രാജ്ഭവന്‍ കോവിലകത്തെത്തി തമ്പുരാട്ടിക്ക് കൈമാറുന്ന ചടങ്ങ് ഇപ്പോഴും തുടരുന്നു.

  • പകിടകളി

മധ്യതിരുവിതാംകൂറില്‍ ഏറ്റവും പ്രചാരമുള്ള വിനോദമാണ് പകിടകളി. ഓണക്കാലമാകുമ്പോള്‍ പകിട കളിയുടെ ആവേശത്തിലാകും ഇവിടുത്തെ ഒരോ ഗ്രാമങ്ങളും. പുരയിടങ്ങളിലും പറമ്പുകളിലും പാതയോരത്തുമൊക്കെ താത്കാലിക ഷെഡ്ഡുകെട്ടി പകിട കളമുണ്ടാക്കിയാണ് പകിട കളി ടൂര്‍ണമെന്റുകല്‍ നടത്തുന്നത്. രണ്ടുടീമുകള്‍ നേര്‍ക്കുനേര്‍ നിന്ന് പകിട പകിട പന്ത്രണ്ടേ എന്ന് നീട്ടിവിളിച്ച് കളിക്കളത്തിലേക്ക് പകിടകള്‍ ഉരുട്ടിവിടുന്നതോടെ ആരവവും ഉച്ഛസ്ഥായിയിലെത്തും.

പകിടകള്‍ ഉരുണ്ടുമറിഞ്ഞ് നിശ്ചലമാകുമ്പോള്‍ കാണുന്ന എണ്ണത്തിന്റെ ഏറ്റകുറച്ചിലനുസരിച്ച് കളിക്കാരിലും കാണികളിലും ഒരുപോലെ വാശിയും ആവേശവും പതഞ്ഞുയരും. ഒരോ ടീമീനും കരുക്കള്‍ നീക്കാന്‍ ഓരോ പോരുകാരനും കളി നിയന്ത്രിക്കുന്ന അമ്പയറുമൊക്കെയുണ്ട്.

പിച്ചള, ഓട്, ചെമ്പ് തുടങ്ങിയ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കുന്ന പകിടയുടെ ഉള്ളു പൊള്ളയായിരിക്കും.രണ്ട് പകിടകള്‍ ചേര്‍ത്താണ് ഉരുട്ടുന്നത്. പകിടയുരുട്ടി കിട്ടുന്ന എണ്ണത്തിനനുസരിച്ച് നാലുകരുക്കള്‍ കളത്തിലെ കോളങ്ങളിലൂടെ മുന്നോട്ടുനോക്കി നടുക്കളത്തിലെ തായത്തിലെത്തുമ്പോഴാണ് പകിട കളിയുടെ വിജയിയെ പ്രഖ്യാപിക്കുക.

  • ഉത്രട്ടാതി ഊരുചുറ്റല്‍ വള്ളംകളി

മധ്യതിരുവിതാംകൂറിലെ ഓണാഘോഷത്തിന് കുമാരനല്ലൂര്‍ ഊരുചുറ്റ് ജലോത്സവത്തോടെയാണ് തിരശീല വീഴുന്നത്. ദേശവഴികളില്‍ ഭക്തരെ സന്ദര്‍ശിക്കാന്‍ കുമാനല്ലൂര്‍ ഭഗവതി പള്ളിയോടത്തില്‍ ഉത്രട്ടാതി നാളില്‍ സന്ദര്‍ശനം നടത്തുന്നു എന്നതാണ് ഐതിഹ്യം. ജാതിയുടെയും മതത്തിന്റെയും അതിരുകള്‍ ഭേദിച്ചാണ് വഞ്ചിയുടെ യാത്രയാണിത്.

മീനച്ചിലാറിന്റെ കൈവഴികളിലൂടെ ഉത്രട്ടാതി നാളില്‍ കുമാരനല്ലൂര്‍ ഭഗവതി എഴുന്നള്ളുമ്പോള്‍ നിറപറയും നിലവിളക്കും ആര്‍പ്പും കുരവയുമായി കരകളില്‍ വരവേല്‍പ്പ് തിമിര്‍ക്കും. കരയിലെ ആവേശം വഞ്ചിയിലും പ്രതിഫലിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News