സംസ്ഥാനം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി; ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി; ഖട്ടറുടെ രാജി ഇന്ന് തന്നെയെന്നും സൂചന

ദില്ലി: ദേരാ സച്ചാ സൗദ അനുയായികള്‍ നടത്തിയ അക്രമങ്ങള്‍ തടയുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. സര്‍ക്കാരും അക്രമികള്‍ക്ക് കീഴടങ്ങിയോ എന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാഷ്ട്രീയ ലാഭത്തിനായി കൂട്ടുനിന്നെന്നും സംഘര്‍ഷങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കാര്യങ്ങള്‍ ബോധ്യമില്ലാതിരിക്കുന്നതെന്നും കോടതി ചോദിച്ചു.

ദേരാ സച്ചാ സൗദാ പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ കലാപഭൂമിയാക്കുന്ന തടയാന്‍ ഹരിയാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. സംസ്ഥാനം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായെന്നും ഹൈക്കോടതി തുറന്നടിച്ചു. 32 പേരാണ് ഇതുവരെയും ഗുര്‍മീത് അനുകൂലികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ കൊല്ലപ്പെട്ടത്.

ഇതിനിടെ, മനോഹര്‍ ലാല്‍ ഖട്ടറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചു. ഇപ്പോള്‍ ദില്ലിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുന്ന ഖട്ടര്‍ രാജിവയ്ക്കുമെന്നും സൂചനയുണ്ട്.

അതേസമയം, പീഡനക്കേസില്‍ അകത്തായ ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ സൈന്യം പ്രവേശിച്ചു. സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയിലാണ് സൈന്യം പ്രവേശിച്ചത്. ഇതിനുള്ളില്‍ ലക്ഷക്കണക്കിന് ഗുര്‍മീത് അനുയായികള്‍ തടിച്ചുകൂടി നില്‍ക്കുകയാണെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. സൈന്യം ഫ് ളാഗ് മാര്‍ച്ച് നടത്തുകയും ആശ്രമത്തിലെ രണ്ടു ഓഫീസുകള്‍ പൂട്ടുകയും ചെയ്തു.

എല്ലാ ആശ്രമങ്ങളും അടച്ചുപൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞുപോകണമെന്ന് ഹരിയാന പഞ്ചാബ് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ആക്രമണങ്ങളിലുണ്ടായ നഷ്ടം നികത്താന്‍ ഗുര്‍മീത് റാമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം, സംഘര്‍ഷഭരിതമായ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും ദ്രുതകര്‍മസേനയും അക്രമ മേഖലകളില്‍ റോന്ത് ചുറ്റുന്നുണ്ട്.

പീഡനക്കേസില്‍ ഗുര്‍മീത് റാം കുറ്റക്കാരനാണെന്ന് പാഞ്ചകുള സിബിഐ പ്രത്യേക കോടതി ഇന്നലെയാണ് വിധിച്ചത്. ശിക്ഷ 28ന് പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News