ഗുര്‍മീത് റഹീമിന്റെ ആശ്രമം സൈന്യത്തിന്റെ നിയന്ത്രണത്തില്‍; ആയിരത്തിലധികം പേര്‍ കസ്റ്റഡിയില്‍; എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു

ദില്ലി: അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ സിര്‍സയിലെ ദേരാ സച്ചാ സൗദാ ആസ്ഥാനത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രദേശത്ത് നിന്നും രണ്ട് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ സുരക്ഷാ സേന പിടിച്ചെടുത്തു. ഹരിയനയിലെ ദേരാ സച്ചാ സൗദയുടെ മറ്റ് കേന്ദ്രങ്ങളും അടച്ചു പൂട്ടിയതായി ഹരിയാന ഡിജിപി അറിയിച്ചു.

ഹരിയാനയിലും പഞ്ചാബിലും വിവിധയിടങ്ങളില്‍ സംഘര്‍ഷം തുടരുന്നതിനിടയാണ് ദേരാ സച്ചാ സൗദയുടെ സിര്‍സയിലെ ആസ്ഥാനത്ത് സൈന്യം എത്തിയത്. ഫ് ളാഗ് മാര്‍ച്ച് നടത്തിയ സേനാ ഇവിടെ നിന്നും അനുയായികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അകത്തേക്ക് പുതിയതായി ആരെയും പ്രവേശിപ്പിക്കുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം റാം റഹീം സിംഗ് അനുയായികള്‍ ആശ്രമത്തിനകത്തുണ്ട്.

കലാപത്തെ തുടര്‍ന്ന് ആയിരത്തിലധികം പേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹന പരിശോധനയും ശക്തമാക്കി. സിര്‍സയിലെ ദേരാ സച്ചൗ സൗധാ ആസ്ഥാനത്തിനു സമീപത്തു നിന്നും ആയൂധങ്ങള്‍ പിടിച്ചെടുത്തു. രണ്ട് എകെ 47 തോക്കുകളും കൈത്തോക്കുകളുമാണ് പിടിച്ചെടുത്തത്.

ഹരിയാനയില്‍ വിവിധ സ്ഥലങ്ങളിലുള്ള ദേരാ സച്ചാ സൗധാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടിയതായി ഹരിയാന പൊലീസ് മേധാവി അറിയിച്ചു. അംബാല, കുരുക്ഷേത്ര,കര്‍നാല്‍, കൈതല്‍, പാഞ്ചകുള തുടങ്ങിയ സ്ഥലങ്ങളിലെ ആശ്രമങ്ങളാണ് അടച്ചു പൂട്ടിയത്. എല്ലായിടത്തു നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. കുരുക്ഷേത്രയില്‍ നിന്നും 2500 ലാത്തികളാണ് പിടികൂടിയത്. ഇന്നലെ പിടികൂടിയ റാം റഹീം സിംഗിന്റെ ആറ് സ്വകാര്യ സേനാംഗങ്ങള്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

എല്ലാ ആശ്രമങ്ങളും അടച്ചുപൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞുപോകണമെന്ന് ഹരിയാന പഞ്ചാബ് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ആക്രമണങ്ങളിലുണ്ടായ നഷ്ടം നികത്താന്‍ ഗുര്‍മീത് റാമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു. സംഘര്‍ഷഭരിതമായ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും ദ്രുതകര്‍മസേനയും അക്രമ മേഖലകളില്‍ റോന്ത് ചുറ്റുന്നുണ്ട്.

പീഡനക്കേസില്‍ ഗുര്‍മീത് റാം കുറ്റക്കാരനാണെന്ന് പാഞ്ചകുള സിബിഐ പ്രത്യേക കോടതി ഇന്നലെയാണ് വിധിച്ചത്. ശിക്ഷ 28ന് പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി വിധി.

2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.

കേസില്‍ വിധി വന്നതോടെ, ഗുര്‍മീത് അഞ്ചു സംസ്ഥാനങ്ങളില്‍ വന്‍അക്രമമാണ് അഴിച്ചുവിട്ടത്. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഹരിയാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ അതൃപ്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ അറിയിക്കും. അക്രമങ്ങളും കൊള്ളിവെപ്പും നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരന്വേഷണത്തിന് പോലും ഖട്ടാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News