ഇതാണ് ബി ജെ പി മുഖ്യമന്ത്രി; ഐഎസ്ആര്‍ മിസൈലുകള്‍ ശ്രീരാമന്‍റെ അമ്പുകള്‍ പോലെയെന്ന് മോദിയുടെ സ്വന്തം മുഖ്യമന്ത്രി

ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയുടെ മിസൈലുകള്‍ ശ്രീരാമന്റെ അമ്പുകള്‍ പോലെയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ശ്രീരാമന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചെയ്ത കാര്യങ്ങളാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഇപ്പോള്‍ ചെയ്യുന്നതെന്നും രൂപാണി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ഐഎസ്ആര്‍ഒ സ്‌പേസ് ആപ്‌ളിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്രയും വേദിയിലുണ്ടായിരുന്നു. എന്‍ജിനീയറിംഗ് മേഖലയെയാകെ ശ്രീരാമനും രാമായണവുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രസംഗം.

‘ശ്രീ രാമന്റെ ഓരോ അമ്പും ഓരോ മിസൈലുകളായിരുന്നു. അന്ന് ശ്രീ രാമന്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് ഇന്ന് ഐഎസ്ആര്‍ഒ ചെയ്യുന്നത്. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ ബന്ധിപ്പിച്ച രാമസേതു നിര്‍മ്മിക്കാന്‍ ശ്രീ രാമന്റെ കാലത്ത് സാധിച്ചുവെങ്കില്‍ അന്നത്തെ എന്‍ജിനിയറിംഗ് രംഗം എത്രത്തോളം മികച്ചതായിരിക്കും. അണ്ണാന്മാര്‍ പോലും അന്ന് പാലം നിര്‍മ്മിക്കാന്‍ രാമനെയും സംഘത്തെയും സഹായിച്ചു. രാമസേതുവിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും കടലിലുണ്ടെന്നാണ് പറയപ്പെടുന്നത്’ രൂപാണി ശാസ്ത്ര വിദ്യാര്‍ത്ഥികളോടായി പറഞ്ഞു.

രൂപാണിയുടെ പ്രസംഗത്തെ വിദ്യാര്‍ത്ഥികള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചതോടെ വീണ്ടും കത്തിക്കയറി. രാമ-രാവണ യുദ്ധത്തിനിടെ ലക്ഷ്മണന്‍ ബോധരഹിതനായതിനെക്കുറിച്ചും രൂപാണി പരാമര്‍ശിച്ചു. വടക്കു നിന്നുള്ള ഒരു ഔഷധത്തിന് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവിനു പിന്നില്‍ അന്നത്തെ ഗവേഷണമായിരുന്നു. ഹനുമാന് ഔഷധം തിരിച്ചറിയാനാകാതെ വന്നതിനാലാണ് ഒരു മല മുഴുവനായി ഉയര്‍ത്തിക്കൊണ്ടു വന്നത്. ഒരു മല മുഴുവനും ഉയര്‍ത്താന്‍ പറ്റുന്ന സാങ്കേതികവിദ്യ അന്നേ നിലവിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വാചാലനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here