അസ്ത്രപ്രജ്ഞരായ പ്രതിപക്ഷം; വിഷയദാരിദ്യം നേരിടുമ്പോള്‍

നിയമനിര്‍മാണത്തിനു മാത്രമായി ചേര്‍ന്ന സമ്മേളനമായിരുന്നു 14-ാം നിയമസഭയുടെ ഏഴാം സമ്മേളനം. 12 ദിവസത്തെ സമ്മേളനത്തിനിടയില്‍ ധനവിനിയോഗബില്ലിന് പുറമെ ഒമ്പതു ബില്ലാണ് പാസാക്കിയത്. ജൂലൈ-ആഗസ്ത് മാസങ്ങളില്‍ ചേരുന്ന സഭയാണ് സാധാരണ സമ്പൂര്‍ണ ബജറ്റ് പാസാക്കിയിരുന്നത്. ഈ സര്‍ക്കാര്‍ ആ രീതിക്ക് ഈ സമ്മേളനത്തോടെ മാറ്റം വരുത്തി. ഏപ്രില്‍-മെയ് മാസത്തില്‍തന്നെ സമ്പൂര്‍ണ ബജറ്റ് പാസാക്കി. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് കൂടുതല്‍ സമയം ലഭിക്കാന്‍ സഹായകമായി. നിയമനിര്‍മാണത്തിന് കൂടുതല്‍ സമയം മാറ്റിവയ്ക്കാനും നിയമനിര്‍മാണമെന്ന നിയമസഭയുടെ മൌലിക കര്‍ത്തവ്യം അര്‍ഥപൂര്‍ണമാക്കാനുമാണ് ഈ സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത്.

ഓര്‍ഡിനന്‍സ് രാജിലൂടെ നിയമസഭയെ നോക്കുകുത്തിയാക്കിയിരുന്ന യുഡിഎഫ് കാലത്തെ ജനാധിപത്യ ധ്വംസനത്തിന് ഈ സര്‍ക്കാര്‍ അന്ത്യം കുറിക്കുകയാണ്. സമഗ്രവും ജനാധിപത്യപരവുമായ ചര്‍ച്ചകളിലൂടെ നിയമനിര്‍മാണത്തെ അര്‍ഥപൂര്‍ണമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, യുഡിഎഫിന്റെ സമീപനം പഴയതു തന്നെ. നിയമനിര്‍മാണവുമായി സഹകരിക്കാതെ പല ബില്ലിനോടും അസഹിഷ്ണുത പുലര്‍ത്തുകയോ സഭയ്ക്കുള്ളില്‍ ബഹളംവച്ച് തടസ്സപ്പെടുത്തുകയോ ആയിരുന്നു യുഡിഎഫ് ചെയ്തത്.

പത്തുബില്ലാണ് പ്രധാനമായും സമ്മേളനത്തിനു മുമ്പാകെ വന്നത്. എന്നാല്‍, പ്രതിരോധവകുപ്പിനു കീഴില്‍ അല്ലാത്ത മുഴുവന്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ ക്ളിനിക്കല്‍ സ്ഥാപനങ്ങളിലെയും സേവന നിലവാരവും അടിസ്ഥാന സൌകര്യവും ഉറപ്പാക്കുന്ന 2017ലെ കേരള ക്ളിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും നിയന്ത്രണവും) ബില്‍ വിശദമായ പരിശോധനയ്ക്ക് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചതിനാല്‍ അതൊഴിച്ച് ഒമ്പത് ബില്ലാണ് പാസാക്കിയത്.

ഈ നിയമനിര്‍മാണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചരക്ക് സേവന നികുതി ബില്ലായിരുന്നു. ചരക്ക് സേവന നികുതി സംബന്ധിച്ച കേന്ദ്ര നിയമത്തിന് പൂരകമായി സംസ്ഥാന നിയമസഭകളും നിയമം പാസാക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിനായിരുന്നു ഈ ബില്‍. സഭയില്‍ ഉയര്‍ന്ന ആശങ്കകള്‍ ജിഎസ്ടി കൌണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 24 ഇനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. ജിഎസ്ടി പാസാക്കുന്നതിന്റെ ഭാഗമായുള്ള കേരള മോട്ടോര്‍വാഹന നികുതി ചുമത്തല്‍ (ഭേദഗതി) ബില്ലും പാസാക്കി.

ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ സംഘങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന 2017ലെ കേരള സഹകരണ സംഘം (ഭേദഗതി) ബില്‍, സ്വകാര്യ മെഡിക്കല്‍കോളേജുകളിലെ പ്രവേശനം ക്രമീകരിക്കാനും ഫീസ് നിശ്ചയിക്കാനും നീറ്റില്‍നിന്ന് പ്രവേശനം നല്‍കാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന 2017ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ബില്‍ എന്നിവയും പാസാക്കി.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ നിയമനം പിഎസ്സിക്ക് വിടുന്ന കേരള പബ്ളിക് സര്‍വീസ് കമീഷന്‍ (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്‍, മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന പഞ്ചായത്ത് രാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും വ്യവസ്ഥകള്‍ എടുത്തുകളയുന്ന 2017ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, 2017ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി)ബില്‍ എന്നിവയും പാസാക്കി. നിലവിലുള്ള നിയമം ഏകീകൃത അബ്കാരി നിയമം നടപ്പാക്കാന്‍ തടസ്സമാണെന്നും തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്നത് പലപ്പോഴും ഇരട്ടനിയന്ത്രണം എന്ന അവസ്ഥ സൃഷ്ടിക്കുന്നതായും പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ബില്‍ അവതരിപ്പിച്ച ഈ ലേഖകന്‍ അറിയിച്ചു.

സംസ്ഥാനത്ത് മത്സ്യലഭ്യത കുറയുന്ന സാഹചര്യത്തില്‍ കടലിലെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയും ജീവിതോപാധിയും സംരക്ഷിക്കുന്നതിനുള്ള കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ (ഭേദഗതി) ബില്‍, ചെറുകിട തുറമുഖങ്ങളുടെയും അതുമായി ബന്ധപ്പെട്ട സംരംഭങ്ങളുടെയും ഭരണവും നിയന്ത്രണവും നടത്തിപ്പും മാരിടൈം ബോര്‍ഡില്‍ നിക്ഷിപ്തമാക്കുന്ന കേരള മാരിടൈം ബോര്‍ഡ് ബില്‍ എന്നിവയാണ് പാസാക്കിയ മറ്റ് ബില്ലുകള്‍.

യുഡിഎഫ് അവതരിപ്പിച്ച 10 അടിയന്തര പ്രമേയങ്ങളില്‍ ആറെണ്ണവും ആരോഗ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ്. സ്വകാര്യ മെഡിക്കല്‍കോളേജുകളിലെ ഫീസ് നിരക്കുകള്‍ കോടതി വര്‍ധിപ്പിച്ചതിനെതിരെയായിരുന്നു മൂന്നുദിവസത്തെ അടിയന്തരപ്രമേയം. 85 ശതമാനം സീറ്റില്‍ അഞ്ചുലക്ഷം രൂപ എന്ന സര്‍ക്കാര്‍ തീരുമാനത്തെ ചില മാനേജ്മെന്റുകള്‍ കോടതിയില്‍ ചോദ്യം ചെയ്തു. ചിലര്‍ക്ക് അനുകൂല വിധി ലഭിച്ചു. അതിന്റെ പേരിലായിരുന്നു സഭയിലെ പ്രതിപക്ഷ ബഹളം. സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റുകളെ കയറൂരിവിട്ടവരാണ് ഇപ്പോള്‍ സഭയില്‍ കള്ളക്കണ്ണീര്‍ ഒഴുക്കുന്നതെന്ന് മന്ത്രി പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചുലക്ഷം രൂപ തന്നെയാണ് ഒടുവില്‍ കോടതി അംഗീകരിച്ചത്. സഭ പിരിയുംമുമ്പ് തന്നെ ഇതുസംബന്ധിച്ച കോടതിവിധി വരുകയും ചെയ്തു. ഇതിന്റെ പേരിലെ സമരകോലാഹലം ഏശാതെ വന്നപ്പോള്‍ ബാലാവകാശ കമീഷനിലെ ഒരാളുടെ നിയമനത്തെച്ചൊല്ലിയായി അടുത്ത ബഹളം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചോദ്യോത്തരവേള അടക്കമുള്ള സഭാ നടപടി തടസ്സപ്പെടുത്തി. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് എംഎല്‍എമാര്‍ സത്യഗ്രഹവും ആരംഭിച്ചു.

ഇതേ ആവശ്യം ഉന്നയിച്ച് സമ്മേളനത്തിന്റെ അവസാന ദിവസവും അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി എല്ലാ ആക്ഷേപങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി നല്‍കി. സഭ പിരിയുംമുമ്പ് തന്നെ മന്ത്രിക്കെതിരായ പരാമര്‍ശം കോടതി നീക്കംചെയ്യുകയും സമരം ചെയ്തവര്‍ ഇളിഭ്യരാകുകയും ചെയ്തു.

ഗതാഗതമന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന ആരോപണത്തിന് മന്ത്രിയുടെ തന്നെ മറുപടിക്കു മുന്നില്‍ പ്രതിപക്ഷ നേതാവ് നിശ്ശബ്ദനായി. പി വി അന്‍വര്‍ എംഎല്‍എക്കെതിരായ ആക്ഷേപം ശരിയല്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

അവസാന ദിവസം അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനിടെ കെ സി ജോസഫ് ലാവ്ലിന്‍ കേസിനെക്കുറിച്ച് പരാമര്‍ശിച്ചു. കേസിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇതിനു പിന്നില്‍ നടന്ന ഗൂഢാലോചനകളും രാഷ്ട്രീയനീക്കങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.

വിവിധ മേഖലകളിലെ അടിയന്തര പ്രാധാന്യമുള്ള 19 ശ്രദ്ധക്ഷണിക്കലുകള്‍ക്കും 104 സബ്മിഷനുകള്‍ക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി നല്‍കി. പാലക്കാട് കോച്ച് ഫാക്ടറി അനുവദിക്കുന്നതിന് കേന്ദ്രത്തില്‍ വീണ്ടും സമ്മര്‍ദം ചെലുത്തുമെന്നും കെഎസ്ആര്‍ടിസിയുടെ നിലവിലെ പ്രതിസന്ധി പരിഹരിക്കുമെന്നും കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയിലെ അപാകത പരിഹരിക്കുമെന്നും മന്ത്രിമാര്‍ സഭയില്‍ ഉറപ്പുനല്‍കി. കാലവര്‍ഷത്തിന്റെ കുറവ് കാര്‍ഷിക മേഖലയെയും കുടിവെള്ളത്തെയും ബാധിക്കുന്നതു സംബന്ധിച്ചും റബര്‍ കര്‍ഷകരുടെ പ്രതിസന്ധി സംബന്ധിച്ചും പാചകവാതക സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് സംബന്ധിച്ചും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സംബന്ധിച്ചും വന്യമൃഗങ്ങളില്‍നിന്നു മനുഷ്യന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടത് സംബന്ധിച്ചും അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ പൂര്‍ത്തീകരണം സംബന്ധിച്ചും എംഎല്‍എമാര്‍ സഭയുടെ ശ്രദ്ധക്ഷണിക്കുകയും മന്ത്രിമാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുകയും ചെയ്തു.

രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്ന ബ്ളൂവെയില്‍ ഗെയിം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രിയും സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന് സാംസ്കാരിക മന്ത്രിയും സിനിമാ മേഖലയിലെ സാങ്കേതികവിഭാഗം തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് തൊഴില്‍ മന്ത്രിയും ക്ഷേത്രാചാരങ്ങളുടെ മറവില്‍ അയിത്താചാരം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രിയും മലയാളികളുടെ വിശേഷനാളുകളില്‍ വിമാനക്കമ്പനികള്‍ പ്രവാസികളില്‍നിന്ന് അമിത യാത്രാക്കൂലി ഈടാക്കുന്നത് ഒഴിവാക്കണമെന്ന് വ്യോമയാനവകുപ്പിനോട് വീണ്ടും ആവശ്യപ്പെടുമെന്നും പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രിയും 27 ആശുപത്രികളില്‍ ആധുനിക ട്രോമാകെയര്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു.

ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച ഒരു പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി. ഭൂമിയും വീടും ഈടുനല്‍കി വായ്പ എടുത്തവരെ തിരിച്ചടവ് തെറ്റിയാലുള്ള ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കണമെന്നതായിരുന്നു പ്രമേയം. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഓരോ പ്രസ്താവന നടത്തി. മഴക്കുറവ് മൂലമുള്ള പ്രതിസന്ധി നേരിടാന്‍ ഫലപ്രദവും സത്വരവുമായ നടപടി സ്വീകരിക്കുമെന്ന പ്രസ്താവനയായിരുന്നു മുഖ്യമന്ത്രിയുടേത്. കൃഷിവകുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ചായിരുന്നു കൃഷിമന്ത്രിയുടെ പ്രസ്താവന.

ചോദ്യോത്തരവേള പലപ്പോഴും പ്രതിപക്ഷം തടസ്സപ്പെടുത്തിയെങ്കിലും 48 ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ സഭയില്‍ വാക്കാല്‍ മറുപടി നല്‍കി. 362 ഉപചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ മറുപടി പറഞ്ഞു. 390 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളും 4088 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുമാണ് സഭയുടെ മുമ്പാകെ വന്നത്.

മറ്റൊരു മാതൃകാ പ്രവര്‍ത്തനത്തിനുകൂടി സഭ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. വോട്ട് ഓണ്‍ അക്കൌണ്ട് കൂടാതെ മാര്‍ച്ച് 31നുതന്നെ സമ്പൂര്‍ണ ബജറ്റ് പാസാക്കാന്‍ കക്ഷിനേതാക്കളുടെ യോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഇത് സഹായകമാകും. ഫണ്ട് വിനിയോഗത്തിന് പൂര്‍ണമായും ഒരുവര്‍ഷം ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകും.

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തുപകരുന്ന നിയമനിര്‍മാണങ്ങളും ചര്‍ച്ചയും ആയിരുന്നു ഈ സമ്മേളനത്തിന്റെ പ്രത്യേകത. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങളും നവകേരള സൃഷ്ടിക്കുള്ള പുതിയ പദ്ധതികളും ഭരണപക്ഷം സഭയില്‍ വ്യക്തമാക്കി. വിഷയദാരിദ്യ്രം കൊണ്ട് ബുദ്ധിമുട്ടുകയും സര്‍ക്കാരിനെ പ്രതിഷേധത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താമെന്ന് സ്വപ്നംകണ്ട് സ്വയം നിരാശരാകുകയും ചെയ്ത പ്രതിപക്ഷത്തെയായിരുന്നു ഈ സമ്മേളനത്തില്‍ ഉടനീളം കണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel