സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം;സുപ്രീംകോടതി

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു. മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും പതിനൊന്ന് ലക്ഷം രൂപ ഫീസ് വാങ്ങാം. അഞ്ച് ലക്ഷം രൂപ ഫീസ് നിജപ്പെടുത്തണമെന്ന് കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ ആറ് ലക്ഷം രൂപ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും അധികമായി വാങ്ങാമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായോ പണമായോ നല്‍കാം. ബോണ്ടായി നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി പരിഷ്‌ക്കരിച്ചു.

പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ 15 ദിവസത്തിനുള്ളില്‍ തുക നല്‍കണം. ഫീസ് 11 ലക്ഷം രൂപയെന്നത് രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രമാക്കിയതിനെതിരെ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. ഇത് പ്രകാരം സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട മെഡിക്കല്‍ കോളേജുകളടക്കം എല്ലാ സ്വാശ്രയ കോളേജുകള്‍ക്കും 11 ലക്ഷം രൂപ ഫീസ് വാങ്ങാം.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച രാജേന്ദ്രബാബു കമ്മീഷന്‍ അഞ്ച് ലക്ഷം രൂപ ഫീസ് തീരുമാനിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വാദവും കോടതി പരിഗണിച്ചില്ല. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, എല്‍.നാഗേശ്വര റാവു എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News