വിധി അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഗുര്‍മീത് കോടതിയില്‍ ഇരിപ്പുറപ്പിച്ചു; തൂക്കിയെടുത്ത് പൊലീസ്

റോത്തക്: ബലാത്സംഗക്കേസില്‍ കോടതി ശിക്ഷ വിധിച്ചതോടെ അംഗീകരിക്കില്ലെന്ന നിലപാടാണ് ഗുര്‍മീത് സ്വീകരിച്ചത്. വിധി കേട്ട ശേഷം നിലത്ത് കുത്തിയിരുന്നു കരഞ്ഞ ഗുര്‍മീതീനോട് വൈദ്യപരിശോധനയ്ക്കായി പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ നാടകീയ രംഗങ്ങള്‍ക്കാണ് കോടതി മുറി സാക്ഷ്യം വഹിച്ചത്.

പുറത്തിറങ്ങാനായി പല തവണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കരച്ചില്‍ നിര്‍ത്താത്ത ഗുര്‍മീത് കോടതി മുറിയില്‍ നിന്ന് പുറത്തു വരാന്‍ കൂട്ടാക്കിയില്ല. വിധി അംഗീകരിക്കുന്നില്ലെന്ന് ഇടയ്ക്കിടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ട അവസ്ഥ വന്നു.

ഗുര്‍മീതിനെ തൂക്കിയെടുത്താണ് കോടതി മുറിയില്‍ നിന്ന് പുറത്തിറക്കിയത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്ന് ഗുര്‍മീത് പറഞ്ഞതോടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ദീപ അദ്ദേഹത്തെ പരിശോധിച്ചു. റോത്തക് കോടതിയിലെ ലൈബ്രറിയിലാണ് ഗുര്‍മീതിന്റെ വിധി പ്രസ്താവിക്കുന്നതിനായുള്ള പ്രത്യേക കോടതി സജ്ജമാക്കിയിരുന്നത്.

വിധി പ്രസ്താവിക്കും മുന്‍പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ജഡ്ജിക്ക് മുന്നില്‍ മുട്ടുകുത്തിയിരുന്ന് പൊട്ടിക്കരയുകയായിരുന്നു വിവാദ ആള്‍ദൈവം ചെയ്തത്. കൂപ്പുകൈകളോടെ മാപ്പ് തരണമെന്ന് യാചിക്കുകയും ചെയ്തു. ജയിലില്‍ പ്രതിക്ക് ഒരു തരത്തിലുള്ള വിവിഐപി പരിഗണനയും നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഗുര്‍മീതിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം ഗുര്‍മീതിന് പരമാവധി ശിക്ഷ ലഭിക്കാനായി അപ്പീല്‍ നല്‍കുമെന്നായിരുന്നു പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News