ബാബമാരും ആള്‍ദൈവങ്ങളും വിരാജിക്കുമ്പോള്‍ നിയമം എന്തുചെയ്യും

ദേരകളും മതാചാര്യപരിവേഷമുള്ള ബാബമാരും പ്രത്യേക മതവുമായി ഗാഢസൌഹൃദം പുലര്‍ത്തുന്നവരാണ്. മധ്യവര്‍ഗത്തിന്റെയും ദരിദ്ര കീഴാളരുടെയും അധ്യാപകരാണവര്‍. ദൈവത്തിനും ജനങ്ങള്‍ക്കുമിടയിലുള്ള സന്ദേശവാഹകരായാണ് ഇവര്‍ ഉയര്‍ന്നുവരുന്നത്. 18-ാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ഫ്രഞ്ച് ചരിത്രകാരനായ അലക്സിസ് മൊന്ദേലി നിരീക്ഷച്ചതുപോലെ ‘ സാമൂഹ്യരംഗത്തെ എല്ലാ മേഖലകളിലെയും ഭൂരിഭാഗവും മധ്യവര്‍ത്തികളുടെ വലയില്‍ വിഴുന്നു. സാമ്പത്തികമേഖലയില്‍ ഉദാഹരണത്തിന് ധനഇടപാടുകാരും ഓഹരിവിപണിയിലെ ഊഹക്കച്ചവടക്കാരും വ്യാപാരികളും പണം മുഴുവന്‍ ഊറ്റിയെടുക്കുന്നു. സിവില്‍ മേഖലയില്‍ അഭിഭാഷകര്‍ കക്ഷികളെ കൊള്ളയടിക്കുന്നു. രാഷ്ട്രീയത്തില്‍ വോട്ടര്‍മാരെക്കാളും പ്രാധാന്യം ജനപ്രതിനിധികള്‍ക്കാകുന്നു. മതത്തിലാകട്ടെ ദൈവത്തെ പിന്നിലേക്ക് തള്ളി മധ്യവര്‍ത്തികള്‍(ആള്‍ദൈവങ്ങള്‍) അരങ്ങ് വാഴുന്നു.’

ദൈവത്തിന്റെ ഈ മധ്യവര്‍ത്തികള്‍ അവരുടെ വിശ്വാസങ്ങളെ മയക്കുമരുന്നില്‍നിന്നും മദ്യപാനത്തില്‍നിന്നും ഭാര്യാപീഡനത്തില്‍നിന്നും മോചിപ്പിക്കുകയും അവര്‍ക്ക് സബ്സിഡി നിരക്കില്‍ ഭക്ഷണവും ആരോഗ്യസേവനവും പ്രദാനംചെയ്യുകയും ചെയ്യുന്നു. ഫലപ്രദമല്ലാത്ത സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാപദ്ധതിയെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ട സേവനമാണ് ഇവര്‍ നല്‍കുന്നത്. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ ഫലപ്രദമല്ലെങ്കില്‍ സ്വാഭാവികമായും ജനങ്ങള്‍ അവര്‍ക്ക് ‘അഛേദിന്‍’ സമ്മാനിക്കുന്ന ഇത്തരക്കാരുടെ സ്ഥാപനങ്ങളെ ആശ്രയിക്കും. അനുയായികള്‍ക്ക് ദേരയിലുള്ള വിശ്വാസം മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് ദേരയ്ക്ക് ധാര്‍മികപ്രഭാവം നല്‍കുന്നു. അനുയായികളുടെ അതിയായ വിശ്വാസം ദേരകളെ ഗവണ്‍മെന്റില്‍നിന്നും രാഷ്ട്രീയവിഭാഗങ്ങളില്‍നിന്നും ജുഡീഷ്യറിയില്‍നിന്നും, എന്തിനധികം പറയണം കമ്പോളത്തില്‍നിന്നും മാറ്റിനിര്‍ത്തുന്നു. അകല്‍ച്ച ആള്‍ദൈവങ്ങള്‍ക്ക് ഗുണമായിമാറി. കോടതികള്‍ അവരെ കുറ്റക്കാരായി കണ്ടെത്തിയാലും അനുയായികള്‍ അവരെ നിഷ്കളങ്കരായി വിലയിരുത്തുന്നുവെന്നു മാത്രമല്ല നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഇരകളായി കാണുകയും ചെയ്തു.

ആള്‍ദൈവങ്ങളോടുള്ള ഈ അന്ധമായ ഭക്തി സമര്‍ഥമായി കച്ചവടം ചെയ്യപ്പെട്ടു. ഭക്തരെ വോട്ടര്‍മാരായും സ്വകാര്യസേനയായും തൊഴില്‍ദാതാക്കളായും ശരീരാവയവങ്ങളായും രക്തമായും വൈദഗ്ധ്യമായും കച്ചവടംചെയ്യപ്പെട്ടു. ഇതാണ് ആള്‍ദൈവങ്ങളുടെ അധികാരസ്രോതസ്സ്. ദൈവികപരിവേഷം ലഭിക്കാനും ഇത് സഹായകമായി. പല വിഭാഗങ്ങളുംചേര്‍ന്ന ഭക്തരുടെ ഈ മിശ്രിതം പ്രത്യേക ഗോത്രമായി. അവര്‍ പരസ്പരം ഇഴുകിച്ചേര്‍ന്നു. (ജാതി, മത വിഭാഗങ്ങള്‍ നോക്കാതെ) തൊഴില്‍ നേടാനും ബിസിനസ്സ് വര്‍ധിപ്പിക്കാനും ഉള്ള സാമൂഹ്യ മൂലധനമായി ഇത് വിനിയോഗിക്കപ്പെട്ടു. ഈ ബന്ധം ശക്തമാക്കാനുള്ള മധ്യസ്ഥരായി ആള്‍ദൈവങ്ങള്‍ പ്രവര്‍ത്തിച്ചു. ബന്ധങ്ങളിലെ ഈ പരസ്പരാശ്രിതത്വം രാഷ്ട്രീയവിഭാഗത്തെ ഇവരിലേക്കടിപ്പിച്ചു. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ആള്‍ദൈവങ്ങളെയും അവരെ പിന്തുണയ്ക്കുന്നവരെയും ആശ്രയിക്കാന്‍ തുടങ്ങി. ഇതൊരു പങ്കുകച്ചവടമായി വളര്‍ന്നു.

ഈ’ബാബ’മാരുടെ അഭ്യര്‍ഥന ഒരു ടോണിക്കായി രാഷ്ട്രീയ പാര്‍ടിനേതാക്കള്‍ കരുതി. എല്ലാ രാഷ്ട്രീയപാര്‍ടികളും ദേരകളുടെ പിന്തുണയ്ക്കായി മത്സരിച്ചു. മനഃസാക്ഷിക്കനുസരിച്ചല്ല വിശ്വാസങ്ങള്‍ക്കനുസരിച്ച് വോട്ട്ചെയ്യാന്‍ ദേരകള്‍ ഭക്തരോട് ആവശ്യപ്പെട്ടു. പഞ്ചാബിലെ 27 നിയമസഭാമണ്ഡലങ്ങളിലെ ഫലങ്ങളെ സ്വാധീനിക്കാന്‍ ദേര സച്ച സൌദക്ക് കഴിയും. തങ്ങളുടെ അധികാരം വര്‍ധിപ്പിക്കാനായി തെരഞ്ഞെടുപ്പ് മണ്ഡികള്‍ (കമ്പോളങ്ങള്‍) ദേരകള്‍ വികസിപ്പിച്ചെടുത്തു. പകരമായി നിയമവാഴ്ചയില്‍നിന്ന് ഈ ദേരകള്‍ക്കും ‘ബാബ’മാര്‍ക്കും സംരക്ഷണം നല്‍കിയെന്നുമാത്രമല്ല വാണിജ്യതാല്‍പ്പര്യം നിര്‍ബാധം മുന്നോട്ടു കൊണ്ടുപോകാനും സുഖസൌകര്യങ്ങള്‍ ആസ്വദിക്കാനും അവര്‍ക്ക് അവസരവും നല്‍കി.

രാഷ്ട്രീയ ഇടങ്ങള്‍ ഉപയോഗിച്ച് ദേരകള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടുന്നതിനോടൊപ്പം ഭക്തരുടെ അന്ധമായ വിശ്വാസം മുതലെടുത്ത് നിയമവാഴ്ചയെത്തന്നെ അട്ടിമറിക്കാന്‍ കരുത്ത് നേടി. അന്ധമായ ആരാധന അജ്ഞതയുണ്ടാക്കുന്നതുപോലെ ധാര്‍മിക അഹങ്കാരം അവര്‍ക്ക് അലങ്കാരവുമായി. സ്വാഭാവികമായും ഈ ബാബമാരുടെ തെറ്റായ പ്രവൃത്തികള്‍ സൌകര്യപൂര്‍വം മറച്ചുവയ്ക്കപ്പെട്ടു. സിര്‍സ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സച്ച സൌദയുടെ തലവന്‍ ബാബ ഗുര്‍മിത് റാം റഹിമിനെതിരെ രണ്ട് സാധ്വികളെ ബലാത്സംഗംചെയ്തെന്ന കേസാണുള്ളത്. അതോടൊപ്പം ദേര അനുയായി രഞ്ജിത് സിങ്ങിനെയും പത്രപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെയും വധിച്ചെന്നകേസും ഈ ബാബയ്ക്കെതിരെയുണ്ട്. അതുപോലെതന്നെ ഭജനപാടുന്ന ബാബ രാംപാല്‍ സ്വന്തം കബീര്‍ പന്തിക്കും തുടക്കമിട്ടു. ഇയാള്‍ക്കെതിരെയും വധക്കേസ് ചുമത്തപ്പെട്ടു. 2014ല്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പെട്രോള്‍ ബോംബുകളും കുപ്പികളും കല്ലുമായി അറസ്റ്റിനെ തടയാന്‍ ശ്രമിച്ചു. അയാളിപ്പോഴും ജയിലിലാണുള്ളത്. അനുയായികളുടെ രോഷപ്രകടനം കോടതിവിധിയെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. സ്റ്റേറ്റ് എന്ന സ്ഥാപനത്തിന്റെ വിലയാണ് ഇവിടെ ഇടിഞ്ഞത്. ദേരകള്‍ വോട്ട്ബാങ്കുകള്‍ മാത്രമാണോ അതോ അതിലപ്പുറം എന്തെങ്കിലുമാണോ? നവലിബറല്‍ സമ്പദ്വ്യവസ്ഥയിലെ വരുമാനക്കുറവും വര്‍ധിച്ച അസമത്വവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന നിരാശയ്ക്കും മോഹഭംഗത്തിനുമുള്ള പ്രത്യൌഷധമായി ദേരകളും ബാബമാരും സ്ഥാനംപിടിക്കുകയാണ്. ഈ മതഭ്രാന്തന്മാര്‍ക്കുമുമ്പില്‍ ഗവണ്‍മെന്റുകള്‍ ഭീരുത്വത്തോടെ പെരുമാറുന്നത് എന്തുകൊണ്ടാണ്? യഥാര്‍ഥ ജീവിതപ്രശ്നങ്ങളുയര്‍ത്തി പട്ടിണിപ്പാവങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഊര്‍ജം ചോര്‍ത്തിയെടുക്കുന്നതിന് ദേരകളെയാണ് ഉപയോഗിക്കുന്നത്. കാള്‍മാര്‍ക്സിന്റെ ഭാഷയില്‍, ‘മതം എന്നത് ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്. ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവുമാണ്. അതുപോലെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്’.

ഈ സാഹചര്യങ്ങളില്‍ മാറ്റംവരുത്തുന്നതിനുപകരം അവ മറച്ചുപിടിച്ച് ഈ ദേരകളെ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കുന്നതിനായി ഉപയോഗിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. രാഷ്ട്രീയവ്യവസ്ഥയിലെ പരസ്പരവിശ്വാസമില്ലായ്മയും ജുഡീഷ്യല്‍ കഴിവില്ലായ്മയും കമ്പോള മൌലികവാദങ്ങളും ഈ പ്രവണതയ്ക്ക് വളംവച്ചു. പോരയ്മകളില്‍ മുഖംപൂഴ്ത്തി ബാബമാരുടെ നിയമലംഘനങ്ങളെ ന്യായീകരിക്കാനും തയ്യാറാകുന്നത് പകല്‍വെളിച്ചത്തില്‍ അന്ധതനടിക്കലാണ്. ഇവിടെ ഉയരുന്ന ചോദ്യം ബാബമാരെ എത്രമാത്രം അന്ധമായി വിശ്വസിക്കാം എന്നതാണ്. അതോടൊപ്പം വിമര്‍ശമേതുമില്ലാതെ ഇവരെ ആരാധിക്കാന്‍ എന്തുകൊണ്ട് അനുവദിക്കുന്നുവെന്ന ചോദ്യവും ഉയരുന്നു. എത്രകാലം ബാബമാര്‍ക്കും അവരുടെ അനുയായികള്‍ക്കുംമുമ്പില്‍ നിയമവാഴ്ചയെ തകരാന്‍ സര്‍ക്കാര്‍ അനുവദിക്കും? രാഷ്ട്രീയനേതൃത്വത്തിന്റെയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ സാധ്യതയാണ് നിയമവാഴ്ച സംരക്ഷിക്കേണ്ടതും അതുവഴി ബാബമാരുടെ യുക്തിയേതുമില്ലാത്ത അവകാശവാദങ്ങളെ തുറന്നുകാട്ടേണ്ടതും.

(ചണ്ഡീഗഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് ആന്റ് കമ്യൂണിക്കേഷന്‍ ഡയറക്ടറാണ് ലേഖകന്‍.
കടപ്പാട്: ദി ട്രിബ്യൂണ്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here