കണ്ണൂര്‍ ജയിലിലെ ഗാന്ധി പ്രതിമ; കള്ളനോട്ടടിക്കാരന്‍റെ കലാവിരുത്; അത് മാനസന്തരം വന്നവന്‍റെ മഹാത്മഗാന്ധി!

ക്രൈംനമ്പര്‍-11107. കണ്ണൂര്‍ ജയിലിന് മുന്നിലെ ഗാന്ധി പ്രതിമയില്‍ ശില്‍പ്പിയുടെ പേരിന് കൂടെ ഇങ്ങനെയൊരു ക്രൈം നമ്പര്‍ കൂടി കാണാം. അമ്പതുകളുെട ഒടുവില്‍ കള്ളനോട്ടടിക്കേസില്‍ ജയിലിലായ ഏറണാകുളം സ്വദേശി ഫ്രാന്‍സിസ് സേവ്യരുെട ക്രൈം നമ്പറാണത്. ഗാന്ധി ശില്‍പ്പത്തിന് 54 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ നാട് ആ കള്ളനോട്ടടിക്കാരനായ ശില്‍പ്പിയെയും കൂടെ ഓര്‍ക്കുകയാണ്.

കള്ളനോട്ടുകാര്‍ക്കായി ഗാന്ധിച്ചിത്രം വരയ്ക്കുന്നതില്‍ വിദഗ്ധനായിരുന്നു ഫ്രാന്‍സിസ് സേവ്യര്‍. അക്കാലത്ത് കള്ളനോട്ട് അടിക്കുന്നവര്‍ ഗാന്ധിയുടെ ചിത്രം വരച്ചായിരുന്നു അച്ച് നിര്‍മിച്ചിരുന്നത്. ഒടുവില്‍ പൊലീസ് പിടിയിലായ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷിക്കപ്പെട്ടെത്തിയത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. മാനസാന്തരം വന്ന സേവ്യര്‍ പിന്നിട് തന്‍റെ ജയില്‍ ജീവിതം ഗാന്ധിച്ചിത്രങ്ങള്‍ വരയ്ക്കുന്നതിലും ഗാന്ധി സന്ദേശം പ്രചരിപ്പിക്കുന്നതിലും മാറ്റിവെച്ചു. സത്യസന്ധമായൊരു പശ്ചാത്താപത്തിന്‍റെ കഥ.

ഒടുവില്‍ ഫ്രാന്‍സിസ് തന്റെ തെറ്റിന് പ്രായശ്ചിത്തമായി ഗാന്ധിപ്രതിമ നിര്‍മിക്കാന്‍ അധികൃതരുടെ അനുമതി തേടി. ഫ്രാന്‍സിസ് സേവ്യറിന്റെ മാനസികാവസ്ഥ അനുഭാവപൂര്‍വം വീക്ഷിച്ച ജയില്‍ അധികൃതര്‍ പ്രതിമാനിര്‍മാണത്തിന് അനുവാദം നല്‍കി. മാസങ്ങളുടെ പ്രയത്നത്തിനൊടുവില്‍ തൂവെള്ളനിറമുള്ള രാഷ്ട്രപിതാവിന്‍റെ മനോഹരശില്‍പ്പം കണ്ണൂര്‍ ജയിലിന് മുന്നില്‍ യാഥാര്‍ത്ഥ്യമായി. ഫ്രാന്‍സിസ് സേവ്യറിന്‍റെ സ്വപ്ന സാക്ഷാത്ക്കാരം.1960 മെയ് ഏഴിന് അന്നത്തെ ആഭ്യന്തരമന്ത്രി പി ടി ചാക്കോയാണ് പ്രതിമ അനാഛാദനം ചെയ്തത്.

മാഹാത്മഗാന്ധിയെ കള്ളനോട്ടില്‍ വരച്ച് കുറ്റം ഏറ്റുവാങ്ങിയവന്‍ ഗാന്ധിപ്രതിമയുടെ പേരില്‍ അഭിനന്ദനപ്രവാഹങ്ങളും മുക്തകണ്ഡം ഏറ്റുവാങ്ങി. ഒരു കുറ്റവാളിയുടെ ശില്‍പ്പം ജയിലിനു മുന്നില്‍ സൂക്ഷിക്കുന്നത് ചരിത്ര സംഭവമായിരുന്നു. തന്‍റെ ആഗ്രഹസാക്ഷാത്ക്കാരം അനാച്ഛാദനം ചെയ്യപ്പെട്ട് അടുത്ത ദിവസം തന്നെ ശില്‍പ്പി കു‍ഴഞ്ഞ് വീണു മരിച്ച ദാരുണ സംഭവവും അതോടൊപ്പം നടന്നു.

ചായമടിച്ചും അലങ്കാരങ്ങള്‍ ചാര്‍ത്തിയും ഗാന്ധിശില്‍പ്പം ഗാന്ധിയുടെ എല്ലാ ഓര്‍മ്മ ദിനത്തിലും ജയിലധികൃതര്‍ പരിചരിക്കുന്നു. പക്ഷേ ശില്‍പ്പി ഒരു കുറ്റവാളിയാണെന്നും അയാളുടെ ആത്മാര്‍ത്ഥമായ മാനസാന്തരത്തിന്‍റെ സാക്ഷ്യമാണ് ശില്‍പ്പമെന്നും ആളുകള്‍ അറിയുന്നത് അടുത്തിടെയെയാണ്. പ്രതിമയുടെ ചുവട്ടില്‍ ശില്‍പ്പിയുടെ പേരിനൊപ്പം കൊടുത്ത ക്രൈംനമ്പര്‍-11107 ആ ചരിത്രത്തിന്‍റെ ചുരുക്കെ‍ഴുത്താണ് ; അപൂര്‍വമായ ഒരു കലാ ജീവിതത്തിന്‍റെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here