ജസ്റ്റിസ് ജഗ്ദീപ് സിംഗാണ് താരം; വിധി പറയാനെത്തിയതും തിരിച്ചുപോയതും ചരിത്രം

റോത്തക്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ ഇരുമ്പഴിക്കുള്ളിലാക്കിയ വിധി പ്രസ്താവിച്ച ജസ്റ്റിസ് ജഗ്ദീപ് സിംഗാണ് രാജ്യത്തെ പുതിയ താരം. ന്യായത്തിന് വേണ്ടി നിലകൊണ്ട ന്യായധിപനു മേല്‍ ആദ്യം മുതലെ കടുത്ത ഭീഷണിയാണ് ഉയര്‍ന്നിരുന്നത്. അതുകൊണ്ടു തന്നെ ജഗ്ദീപിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

വിധി പറയാനായി അദ്ദേഹത്തെ എത്തിച്ചത് ആകാശമാര്‍ഗമായിരുന്നു. റാം റഹീമിന് 20 വര്‍ഷത്തെ കഠിന തടവ് വിധിച്ചതിനു തൊട്ടുപിന്നാലെ ജഡ്ജിയും അഭിഭാഷകരും കോടതി വിട്ടു. വിധി പ്രസ്താവിക്കാനെത്തിയ എത്തിയ അതേ ഹെലികോപ്ടറിലാണ് തിരിച്ചു മടങ്ങിയത്.

വിധി വന്നതിനു പിന്നാലെ ജയില്‍ പരിസരത്തെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പരിസരവാസികളോട് വീടിന് പുറത്തേക്കിറങ്ങരുതെന്നതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്നത്.

ഗുര്‍മീതിന്‍റെ വിധിക്കു ശേഷം രാജ്യം മു‍ഴുവന്‍ അന്വേഷിക്കുന്നത് ജഗ് ദീപിന്‍റെ വിവരങ്ങളാണ്.ആൾ ദൈവത്തിനെ ശിക്ഷയക്ക് വിധിച്ച സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ജഗദീപ് സിങ്ങ് വാർത്തകളിലെ താരമാവുകയാണ്. നീതിയുടെ കാവലാൾ എന്നാണ് കർക്കശക്കാരനായ ജഡ്ജിയെ വിശേഷിപ്പിക്കുന്നത്.

നീതി മറയാക്കിയ കുറ്റവാളിയെ നീതിയുടെ പര്യായമായ നിയമം കൊണ്ട് തുറുങ്കിലടച്ചതൊടെ സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ജഗദീപ് സിങ്ങ് നീതിയുടെ കാവലാളായി മാറി. അങ്ങേയറ്റം സമ്മർദ്ദങ്ങൾക്ക് നടുവിലും നീതിക്കുവേണ്ടി ജീവന്‍ പണയപ്പെടുത്തിയാണ് വിവാദ ആൾദൈവത്തിനെതിരേ ജഡ്ജ് ജഗദീപ് സിങ്ങ് വിധി പറഞ്ഞത്.

ഹരിയാനയിലെ ജിന്ദ് സ്വദേശിയായ ജഗ്ദീപ് സിംഗ് 2000ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണ് നിയമ ബിരുദം പാസായത്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന ജഗ്ദീപ് സിംഗ് കഴിഞ്ഞ വര്‍ഷമാണ് സിബിഐ ജഡ്ജിയായി ചുമതലയേറ്റത്. ജുഡീഷ്യല്‍ സര്‍വിസില്‍ പ്രവേശിക്കുന്നത്തിന് മുമ്പ് ഹരിയാന-പഞ്ചാബ് ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു അദ്ദേഹം.

പൊതു സമൂഹത്തിൽ വളരെ സാധാരണക്കാരനായണ് അദ്ദേഹം പെരുമാറുക. അധികം സംസാരിക്കാറില്ലെന്നും ജോലിയിൽ കർക്കശക്കാരനെന്നും സഹപ്രവർത്തകർ പറയുന്നു. ജോലിയോട് അദ്ദേഹം പുലര്‍ത്തുന്ന ആത്മാര്‍ഥതയും,നിശ്ചയദാര്‍ഢ്യവും, സാമര്‍ഥ്യവും, സത്യസന്ധതയും അരക്കിട്ടുറപ്പിക്കുന്നതാണ് ഗുർമിത് റാംറഹീമിനെതിരേയുളള വിധി.

വാഹനാപകടത്തിൽ പെട്ടവർക്ക് അടിയന്തിര സഹായമെത്തിച്ച് മുമ്പുംജഗ്ദീപ് സിംഗ് വാർത്തകളിൽ താരമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പഞ്ച്കുളയില്‍ നിന്ന് ഹിസാറിലേയ്ക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റവരെ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കും അദ്ദേഹം നേരിട്ട് മേൽനോട്ടം വഹിച്ചു.

അക്രമ സംഭവങ്ങളെ മുൻകൂട്ടിക്കണ്ട്. ഗുർമിതിനെതിരേ വിധി പറയുമ്പോൾ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കണന്ന് അദ്ദേഹം സംസ്ഥാന സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. ഗുർമീതിന്‍റെ അനുയായികളിൽനിന്നുളള ഭിഷണികളുടെ നടുവിൽ ശക്തമായ സുരക്ഷയിലാണ് ജഡ്ജ് ജഗദീപ് സിങ്ങ് വിധിപറഞ്ഞത്.

ആൾദൈവത്തിനെതിരേ മു‍ഖം നോക്കാതെ നടപടിയെടുക്കാൻ ജഡ്ജ് ജഗദീപ് സിങ്ങ് കാട്ടിയ ചങ്കുറ്റം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുളള ആദരവ് വർദ്ധിപ്പിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here