ഗൂര്‍മീതിന് ശരീരവേദനയുണ്ട്; ഇരുമ്പഴിക്കുള്ളിലും ഒപ്പം കഴിയാന്‍ ഹണി പ്രീതിനെ അനുവദിക്കണം; കോടതിയുടെ മറുപടി ഇങ്ങനെ

റോത്തക്: ദേര സച്ഛാ സൗദയും ഗുര്‍മീത് റാം റഹീമും നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഹണീ പ്രീതെന്ന യുവതിയുടെ പേര് ഒരു പക്ഷെ ആദ്യമായി കേള്‍ക്കുന്നത് കഴിഞ്ഞ ദിവസമാണ്. ജയിലിലേക്കുള്ള വിമാനയാത്രയില്‍ ഗുര്‍മീതിനെ അനുഗമിച്ചതിലൂടെയാണ് ഹണിയെന്ന പേരിലേക്ക് ഏവരുടെയും ശ്രദ്ധ പതിഞ്ഞത്. ഗുര്‍മീതിന്റെ നിഴലായിരുന്നു ഇവരാണ് ദേര സച്ഛയില്‍ മറ്റാരെക്കാളും ശക്തയെന്നതാണ് യാഥാര്‍ത്ഥ്യം.

ഗുര്‍മീതിന് മറ്റാരെക്കാളും ഇഷ്ടമുള്ളതും വളര്‍ത്തുപുത്രിയെന്നറിയപ്പെടുന്ന ഹണിയെ തന്നെയായിരുന്നു. ഒടുവില്‍ ബലാത്സംഗക്കുറ്റത്തിന് 20 വര്‍ഷം ജയില്‍ വാസം അനുഭവിക്കേണ്ടിവന്ന ഗുര്‍മീതിനെ കൈവിടാന്‍ ഹണി തയ്യാറല്ല. ആശാനൊപ്പം ജയില്‍ വാസത്തിനും തയ്യാറാണെന്ന നിലപാടിലാണ് വളര്‍ത്തു പുത്രിയെന്നറിയപ്പെടുന്ന ഹണി.

ഇക്കാര്യം ഹണീപ്രീത് തന്നെ കോടതിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹണിപ്രീതിനെ തനിക്കൊപ്പം ജയിലില്‍ കഴിയാന്‍ അനുവദിക്കണമെന്ന ആവശ്യം ഗുര്‍മീതും ഉന്നയിച്ചു. അഭിഭാഷകന്‍ വഴിയാണ് കോടതിയെ സമീപിച്ചതെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു മറുപടി.

ജയിലില്‍ കഴിയുന്ന വ്യക്തിക്ക് കൂട്ടിനു ആളെ വേണമോ വേണ്ടയോ എന്ന വിഷയം കോടതി പരിഗണിക്കേണ്ട കാര്യമല്ല. ജയില്‍ അധികാരികളോ സര്‍ക്കാരോ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി ചൂണ്ടികാട്ടി.

കടുത്ത പുറം വേദനയും അസഹനീയമായ തലവേദനയും ഉള്ള ആളാണ് ഗുര്‍മീതെന്നാണ് ഹണിപ്രീത് പറയുന്നത്. അക്യുപ്രഷര്‍ വിദഗ്ദയായ തന്റെ സഹായം സ്വാമിക്ക് ജയിലില്‍ വേണ്ടിവരുമെന്നും അതിനാല്‍ തന്നെയും ജയിലില്‍ കൂടെ താമസിക്കാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ഹണിപ്രീത് ചൂണ്ടികാണിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പുരുഷ തടവുകാര്‍ക്കൊപ്പം സാധാരണഗതിയില്‍ സ്ത്രീകളെ താമസിപ്പിക്കാറില്ല. എന്നാല്‍ സ്വയം പ്രഖ്യാപിത ദൈവങ്ങളാകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here