അഴിക്കുള്ളില്‍ 50 ദിനം; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. രാവിലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ്.

അറസ്റ്റിലായി രണ്ട് മാസമാകുമ്പോഴാണ് ജാമ്യാപേക്ഷയില്‍ വീണ്ടും വിധിയുണ്ടാകുന്നത്. നാളെ കോടതിയില്‍ ജാമ്യം കിട്ടിയാല്‍ തങ്ങളുടെ പ്രിയതാരത്തിനു ഗംഭീര സ്വീകരണമൊരുക്കാന്‍ പി ആര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ ചില ഫാന്‍സ് അസോസിയേഷനുകള്‍ തയ്യാറെടുക്കുന്നുണ്ട്. സബ്ജയില്‍ മുതല്‍ ദിലീപിന്റെ ആലുവയിലെ വീടു വരെ റോഡ് ഷോ നടത്താനാണ് ഫാന്‍സ് അസോസിയേഷനുകളുടെ നീക്കം. അതേസമയം, അപേക്ഷ തള്ളിയാല്‍ റിമാന്‍ഡ് തടവുകാരനായി സബ്ജയിലിലാകും താരത്തിന്റെ ഇത്തവണത്തെ ഓണം.

ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായ 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 50 ദിവസത്തിലേറെയായി റിമാന്‍ഡിലില്‍ കഴിയുന്ന ദിലീപിന്റെ മൂന്നാം ജാമ്യാപേക്ഷയാണിത്.

പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ മൊഴി മാത്രം മുഖവിലക്കെടുത്താണ് പൊലീസ് ദിലീപിനെതിരേ കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിഭാഗം കോടതില്‍ വാദിച്ചത്. പള്‍സര്‍ സുനിയുമായി ചേര്‍ന്ന് താരം ഗൂഢാലോചന നടത്തിയെന്നത് വിശ്വസനീയമല്ലെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.

അതേസമയം, സുനില്‍കുമാറിനെ പാര്‍പ്പിച്ചിരുന്ന കാക്കനാട് ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് കേസില്‍ ദിലീപിനുള്ള പങ്ക് സുനി പറഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പോലീസുകാരന്റെ ഫോണില്‍ നിന്നും സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള കടയിലേക്കു വിളിച്ചതായും മൊഴിയുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ താരം പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News