കറുത്ത മുത്ത് വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം; ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഐ.എം വിജയന്‍ നിരീക്ഷകന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാന താരം ഐ.എം വിജയന്‍ വീണ്ടും ദേശീയ ടീമിനൊപ്പം. കളിക്കാനല്ല, കളി നിരീക്ഷിക്കാന്‍. ദേശീയ നിരീക്ഷകന്റെ റോളില്‍ വിജയന്‍ ഇന്ത്യന്‍ ടീമിനൊപ്പം മുപ്പത്തിയൊന്നാം തീയതി മക്കാവുവിലേക്ക് പറക്കും.

സെപ്തംബര്‍ അഞ്ചിന് ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയും മക്കാവുവും തമ്മിലുള്ള കളി കണ്ട് വിലയിരുത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയാണ് വിജയന്റെ ദൗത്യം. ‘ടീം രാജ്യത്തിനു വേണ്ടി കളിക്കും, ഞാന്‍ ഗ്രൗണ്ടിനു പുറത്തിരുന്ന് നിരീക്ഷിച്ചു കളിക്കും’ ഇതാണ് വിജയന്റെ വാക്കുകള്‍.

കഴിഞ്ഞ മാര്‍ച്ചിലാണ് കറുത്ത മുത്തിനെ ദേശീയ ഫുട്ബോള്‍ നിരീക്ഷകനായി കായിക മന്ത്രാലയം നിയോഗിച്ചത്. പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനുമായി ഗ്രൗണ്ടിലിറങ്ങി താരങ്ങളുമായി പഴയ തന്ത്രങ്ങളും പുതിയ ട്രിക്കുകളും വിജയന്‍ പയറ്റി.

ക്യാപറ്റന്‍ സന്ദേശ് ജിങ്കാന്‍, ഗോളി സുബ്രതാ പോള്‍ തുടങ്ങിയ താരങ്ങളുമായി ദീര്‍ഘ സംഭാഷണം കഴിഞ്ഞാണ് മടങ്ങിയത്. വിജയന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടീമിന്റെ അഴിച്ചുപണി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കായിക മന്ത്രാലയം തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here