പുലിമുരുകന്‍ പുപ്പുലിമുരുകനായി; ഇന്ത്യയിലെ ആദ്യ 6-ഡി ചിത്രമെന്ന വിശേഷണം മുരുകന് സ്വന്തം

കൊച്ചി: മലയാളികള്‍ക്ക് പുതിയ ചലച്ചിത്ര കാഴ്ചാനുഭവമായി 6 ഡി എത്തി. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇന്ത്യയിലെ ആദ്യ 6 ഡി ചിത്രമായി അവതരിപ്പിക്കുന്നത് മുംബൈ ആസ്ഥാനമായ റേസ് 3 ഡി എന്ന കമ്പനിയാണ്. 6 ഡി പുലിമുരുകന്റെ ആദ്യ പ്രദര്‍ശനം കൊച്ചിയിലെ അബാദ് ന്യുക്ലിയസ് മാളിലെ 6 ഡി തിയറ്ററില്‍ നടന്നു. കേരളത്തിലുടനീളമുള്ള ഇരുപത്തിയാറ് 6 ഡി, 7 ഡി, 9 ഡി, 11 ഡി, 15 ഡി തിയറ്ററുകളില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യാന്‍ കമ്പനി ലക്ഷ്യമിടുന്നു.

ഇതുവരെ ഇത്തരം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രാദേശിക സിനിമകളുണ്ടായിരുന്നില്ലെന്ന് റേസ് 3 ഡി മാനേജിംഗ് ഡയറക്ടര്‍ അനുഭ സിന്‍ഹ പറഞ്ഞു. പുലിമുരുകന്‍ സിനിമയുടെ കാതല്‍ 10 മിനിറ്റിലൊതുക്കിയാണ് 6 ഡി-യിലേക്ക് മാറ്റിയത്. രാജ്യത്തെ ആദ്യ 6 ഡി ചിത്രം ഇവിടെയാണ് നിര്‍മിച്ചതെന്നത് മലയാളം സിനിമയ്ക്കും കൊച്ചിക്കും അഭിമാനകരമായ നിമിഷമാണിതെന്നും അവര്‍ പറഞ്ഞു. ചിത്രത്തിന്റെനിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പരീക്ഷണങ്ങള്‍ക്ക് തയ്യാറുള്ള ആളാണെന്നും അദ്ദേഹത്തിന്റെ പിന്തുണയില്ലാതെ പുലിമുരുകന്‍ 6 ഡി യാഥാര്‍ഥ്യമാകുമായിരുന്നില്ലെന്നും അനുഭ പറഞ്ഞു.

‘ചിത്രത്തില്‍ മോഹന്‍ലാല്‍ പുലിയെ കൊല്ലുമ്പോള്‍ വീശിയടിക്കുന്ന കാറ്റും ഇലകള്‍ പറക്കുന്നതും തിയറ്ററിനകത്ത് അനുഭവിക്കാന്‍ കഴിയുകയെന്നത് മനോഹരമായ അനുഭവമാണ്. സിനിമ കാണുകയല്ല മറിച്ച് അനുഭവിക്കുന്നത് പോലെയാണ്. പുലിമുരുകന്റെ ഈ 10 മിനിറ്റ് മലയാള സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കും,’ അനുഭ പറഞ്ഞു.

ഇതൊരു തുടക്കമാണെന്നും 6 ഡി തിയറ്ററുകള്‍ ശക്തമായ വിനോദോപാധിയായി മാറുമെന്നും അവര്‍ പറഞ്ഞു. 6 ഡിയിലേക്കുള്ള പരിവര്‍ത്തനം ഏറെ ചെലവേറിയതാണെന്നും അതുകൊണ്ടാണ് ഇതിന് മുമ്പ് ഇത്തരം പരീക്ഷണങ്ങള്‍ ഇവിടെ നടക്കാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ അനുഭ സിന്‍ഹ വളരെ കുറഞ്ഞ ചെലവിലാണ് 6 ഡി പരിവര്‍ത്തനം നടത്തിയത്. തന്റെ പരിവര്‍ത്തന സാങ്കേതികവിദ്യക്ക് പ്രശസ്തമായ എഐഎസ്, ലോസ് ഏഞ്ചല്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട്. ടോമിച്ചന്‍ മുളകുപാടം, ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാസ്റ്റര്‍ ഇജാസ് തുടങ്ങിയവരും പ്രദര്‍ശനോദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News