ഗ്രാമത്തില്‍ നിന്ന് സ്വന്തം പ്രതിഭയുടെ ബലത്തില്‍ ഉയര്‍ന്നുവരുന്ന താരങ്ങളുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തുന്നതാര്; കായിക ഭരണരംഗത്ത് മാറ്റം അനിവാര്യം

കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് ആതിഥ്യമരുളാന്‍ കേരളം ഒരുങ്ങുന്നതിന്റെ ആവേശം നിറഞ്ഞുനില്‍ക്കുന്ന വേളയിലാണ് ഇത്തവണത്തെ ദേശീയ കായികദിനം. നമ്മുടെ ജീവിതത്തില്‍ സ്പോര്‍ട്സിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്ന ദിവസമാണിത്. ഈ ഓര്‍മപ്പെടുത്തലില്‍മാത്രം കാര്യങ്ങള്‍ ഒതുങ്ങരുത്. കായികരംഗത്ത് കേരളത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായും മുതലെടുക്കാനാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാനുള്ള അവസരമാക്കി ഈ കായികദിനത്തെ മാറ്റണം.

ഫുട്ബോളില്‍ ഒരു കാലത്ത് ഇന്ത്യയിലെ ഒന്നാംകിടക്കാരായ കേരളം ഇന്ന് ഏറെ പിന്നിലായി. ഞാന്‍ ദേശീയ ടീമില്‍ കളിക്കുന്ന സമയത്ത് എട്ടും ഒമ്പതും മലയാളിതാരങ്ങളാണ് ഇന്ത്യന്‍ ക്യാമ്പില്‍ ഉണ്ടായിരുന്നത്. ഇന്ത്യക്കായി ആദ്യ ഇലവനില്‍ ഏഴു മലയാളികള്‍വരെ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ പേരിന് ഒരാള്‍ ഉണ്ടായാലായി. കഴിഞ്ഞദിവസം സെന്റ് കീറ്റ്സിനെതിരെ മുംബൈയില്‍ ഇന്ത്യ കളിക്കാനിറങ്ങിയപ്പോള്‍ ഞാനും ഗ്യാലറിയില്‍ ഉണ്ടായിരുന്നു. അനസ് എടത്തൊടികമാത്രമാണ് ആദ്യ ഇലവനിലുണ്ടായിരുന്ന മലയാളി. വല്ലാത്ത വിഷമം തോന്നി.
ഫുട്ബോളില്‍ കേരളത്തിനുണ്ടായ തിരിച്ചടിയില്‍ കളി ഭരണക്കാര്‍ക്ക് വലിയ പങ്കുണ്ട്. അവരാണ് ഫുട്ബോള്‍ വളര്‍ച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത്. കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തം നിര്‍വഹിക്കണം. പ്രതിഭാശാലികളായ കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകണം. അത്തരം പിന്തുണയില്ലെങ്കില്‍ ആര്‍ക്കും എവിടെയും എത്താനാകില്ല. ഞാന്‍ ഫുട്ബോള്‍താരമായതില്‍ നിരവധിപേരുടെ പിന്തുണയുണ്ട്.

ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ടീമില്‍നിന്ന് പി യു ചിത്രയെ ഒഴിവാക്കിയത് ഏറെ സങ്കടപ്പെടുത്തി. ഏഷ്യന്‍ മീറ്റില്‍ ചിത്രയുടെ ഗംഭീരപ്രകടനം കണ്ടവരാരും അത്തരമൊരു അനീതിക്ക് കൂട്ടുനില്‍ക്കില്ല. ഗ്രാമത്തില്‍നിന്ന് സ്വന്തം പ്രതിഭയുടെ ബലത്തില്‍ ഉയര്‍ന്നുവന്ന താരമാണ് ചിത്ര. ആ കുട്ടിക്ക് ഒരവസരം കൊടുക്കാമായിരുന്നു. അതുണ്ടായില്ല. ചിത്രയ്ക്കൊപ്പം നിന്ന കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അഭിമാനകരമാണ്. കളി ഭരണത്തിന്റെ ചുക്കാന്‍പിടിക്കുന്നവര്‍ക്ക് അതൊന്നും കാണാന്‍ നേരമില്ല. ഇത്തരം മോശം പ്രവണതകള്‍ തുടരുമ്പോള്‍ നമ്മുടെ കായികരംഗം എങ്ങനെ നന്നാകും. ഇപ്പോഴത്തെ കായികഭരണരീതി മാറണം. നമ്മള്‍ കുട്ടികള്‍ക്ക് വഴി കാണിച്ചു കൊടുക്കണം. വഴിമുടക്കികളാകരുത്.

കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ഇഷ്ടങ്ങളും കഴിവും തിരിച്ചറിഞ്ഞ് ഓരോ കായികഇനത്തിലേക്ക് തിരിച്ചുവിടണം. ഈ രീതി പിന്തുടരുന്ന വിദേശരാജ്യങ്ങള്‍ കളിക്കളത്തില്‍ വലിയ നേട്ടങ്ങളാണുണ്ടാക്കുന്നത്. കുട്ടികള്‍ക്കായി മികച്ച അക്കാദമികളും കഴിവുറ്റ പരിശീലകരും വേണം. വിവിധ കായികഇനങ്ങളിലെ മുന്‍കാല താരങ്ങളുടെ സേവനം കാര്യക്ഷമമായി ഉപയോഗിക്കണം.

കേരളത്തില്‍ കായികരംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നു. കായികതാരങ്ങളുടെ ക്ഷേമത്തിനും കായിക അടിസ്ഥാനസൌകര്യവികസനത്തിനും സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. അക്കാദമികള്‍ കൊണ്ടുവരുന്നു, സ്പോട്സ് കോംപ്ളക്സുകള്‍ വരുന്നു, കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്നു…, ചുരുങ്ങിയ കാലംകൊണ്ടുതന്നെ സംസ്ഥാന കായികമേഖലയില്‍ പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിനു സാധിച്ചു. കായികരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് ഈ നടപടികള്‍ നല്‍കുന്ന പ്രചോദനം ചെറുതല്ല.

കഴിഞ്ഞ കുറെ ഫുട്ബോള്‍ ലോകകപ്പുകള്‍ക്ക് നേരിട്ട് സാക്ഷിയായിട്ടുണ്ട്. അന്ന് സ്വന്തം രാജ്യത്തിന്റെ പതാകയുമായി ഗ്യാലറിയിലേക്കു വരുന്നവരെ കാണുമ്പോള്‍ ഞാനും ആഗ്രഹിച്ചിരുന്നു, ഒരിക്കല്‍ നമ്മുടെ ദേശീയപതാകയുമായി കളികാണണമെന്ന്. അണ്ടര്‍ 17 ലോകകപ്പ് അതിനുള്ള അവസരമാണ് തരുന്നത്. നമ്മുടെ പുതുതലമുറയ്ക്ക് കളിക്കളത്തിലേക്ക് കടന്നുവരാനുള്ള വലിയ പ്രചോദനമാകും ഈ ലോകകപ്പ് എന്നുറപ്പ്. എനിക്കും കളിക്കാരനാകണമെന്ന ആശ ഓരോ കുട്ടിയിലും ഉണര്‍ത്താന്‍ ഈ ആവേശത്തിന് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News