ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് വീണ്ടും രാജകുടുംബം; ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരും

തിരുവനന്തപുരം:  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്ന് തിരുവിതാകൂര്‍ രാജകുടുംബം‍.ബി നിലവറ തുറക്കുന്ന വിഷയത്തില്‍ ക്ഷേത്രതന്ത്രി അനുകൂല തീരുമാനമെടുത്താല്‍ പിന്നെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികള്‍ അല്ലെന്നും രാജകുടുംബം വ്യക്തമാക്കി.അതേസമയം ബി നിലവറ തുറക്കുന്ന വിഷയത്തില്‍ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്താനായി തലസ്ഥാനത്ത് എത്തിയ അമിക്കസ് ക്യൂറി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുമായി കൂടിക്കാ‍ഴ്ച നടത്തി. എന്നാല്‍ രാജകുടുംബാംഗങ്ങളുമായുള്ള ചര്‍ച്ച വൈകുന്നേരമാണ് നടക്കുക.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന നിരീക്ഷണം നേരത്തെ സുപ്രീംകോടതി നടത്തിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ബി നിലവറ തുറക്കുന്ന കാര്യങ്ങളെ കുറിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്താന്‍ അമിക്കസ് ക്യൂറിയെ കോടതി ചുമതലപ്പെടുത്തി.ഇതിനായി ഇന്നലെ രാത്രി തലസ്ഥാനത്ത് എത്തിയ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഇന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുമായി ചര്‍ച്ച നടത്തി.നില‍വറ നേരത്തെ തുറന്നിട്ടുണ്ട് എന്നതിലെ ചില രേഖകള്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ അമിക്കസ് ക്യൂറിക്ക് കൈമാറി. കൂടാതെ നിവലറ തുറക്കുന്നതിലെ ടെക്ക്നിക്കല്‍,സുരക്ഷാകാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.അതേസമയം ബി നിലവറ തുറക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലാണ് രാജകുടുംബം.ക്ഷേത്രം തന്ത്രി നിലവറ തുറക്കണമെന്നു തീരുമാനിച്ചാലും അത്തരം പ്രക്രിയുമായി രാജകുടുംബം സഹകരിക്കുകയില്ലെന്നും കുടുംബാംങ്ങള്‍ അറിയിച്ചു.

തങ്ങളുടെ നിലപാട് കോടതിയെയും അമിക്കസ് ക്യൂറിയെയും ധരിപ്പിക്കുമെന്നും രാജകുടുംബം പറഞ്ഞു.എന്നാല്‍ വൈകുന്നേരമാണ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബവുമായി ചര്‍ച്ചനടത്താനായി കവടിയാര്‍ കൊട്ടാരത്തില്‍ എത്തുന്നത്. അതിനുശേഷം ഭക്തരുടെ വിവിധ പ്രതിനിധികളുമായും ഗോപാല്‍സുബ്രഹ്മണ്യം വിവരങ്ങള്‍ ആരായും.ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആചാര അനുഷ്ടാനങ്ങള്‍ക്കോ വിഗ്രഹ പ്രതിഷ്ഠയ്ക്കോ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന കാര്യമാണ് തന്ത്രിയുമായി ചര്‍ച്ചചെയ്യുക.

നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായും അമിക്കസ് ക്യൂറി കൂടിക്കാ‍ഴ്ച നടത്തും.സുപ്രീംകോടതി നിയോഗിച്ച വിദഗ്ധര്‍ നടത്തുന്ന ശ്രീപത്മനാഭ സ്വാമി മൂലവിഗ്രഹ പരിശോധനയും ഗോപാല്‍ സുബ്രഹ്മമണ്യം നിരീക്ഷിക്കും.അമിക്കസ് ക്യൂറി ചര്‍ച്ച നടത്തിയശേഷം, സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ബി. നിലവറ തുറക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് ഇടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel