ദിലീപ് സുപ്രീംകോടതിയെ സമീപിക്കുമോ? ലഭിച്ച നിയമോപദേശം ഇങ്ങനെ

കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി രണ്ടാം തവണയും തളളിയതോടെ ജയില്‍വാസം നീളുമെന്നുറപ്പായി. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ജാമ്യം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. വിചാരണ പൂര്‍ത്തിയാക്കിയ ശേഷം വരുന്ന വിധി ദിലീപിനെതിരാണെങ്കില്‍ ജയിലില്‍ നിന്നിറങ്ങാനുള്ള അവസാന പ്രതീക്ഷയും അസ്തമിക്കും.

ദിലീപ് അറസ്റ്റിലായി 50 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഇന്ന് ജാമ്യം കിട്ടുമെന്നായിരുന്നു ദിലീപിന്റെ പ്രതീക്ഷ. എന്നാല്‍ രണ്ടാമതും ജാമ്യാപേക്ഷ തള്ളിയതോടെ ദിലീപിന്റെ പുറത്തിറങ്ങല്‍ അനിശ്ചിതത്വത്തിലായി. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയുടെ ഇതേ ബെഞ്ചിനെ വീണ്ടും സമീപിക്കാം എന്നതാണ് ദിലീപിനു മുന്നിലുള്ള ഒരു സാധ്യത. എന്നാല്‍ അതില്‍ തീരുമാനം വരണമെങ്കില്‍ ഇനിയും ആഴ്ചകളെടുക്കും. കേസില്‍ വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അങ്ങനെയെങ്കില്‍ വിചാരണ ഉടന്‍ ആരംഭിക്കും. വിചാരണ തുടങ്ങിയാല്‍ പിന്നെ വിധി വരുന്നതുവരെ ജാമ്യം ലഭിക്കാനുള്ള സാധ്യത വിരളമാണ്. അതിനാല്‍ ജനപ്രിയ നടന് വിചാരണത്തടവുകാരനായി ദീര്‍ഘനാള്‍ ജയിലില്‍ കഴിയേണ്ടി വരും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിന് മുന്നിലുള്ള മറ്റൊരു പോംവഴി. പക്ഷേ അത് ഉടന്‍ വേണ്ടെന്നാണ് ദിലീപിന് കിട്ടിയിരിക്കുന്ന നിയമോപദേശം.

വിധി വന്നയുടന്‍ ജയിലിലെത്തിയ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ ഇതു സംബന്ധിച്ച് ദിലീപുമായി ആശയവിനിമയം നടത്തി. അഭിഭാഷകനുമായി സംസാരിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് ദിലീപ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News