ദിലീപിന്റെ ഓണം ജയിലിലാകുമ്പോള്‍ രാമലീല ഓണത്തിനെത്തുമോ

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും തള്ളിക്കളഞ്ഞതോടെ താരത്തിന്റെ ഓണം അഴിക്കുള്ളിലാകുമെന്നുറപ്പായിട്ടുണ്ട്. കാവ്യയ്‌ക്കൊപ്പമുള്ള ആദ്യ ഓണമുണ്ണാന്‍ ദിലീപിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നതിനെക്കാളും ചര്‍ച്ചയാകുന്നത് രാംലീലയുടെ റിലീസ് എപ്പോഴുണ്ടാകുമെന്നതാണ്.

റംസാന് റിലീസ് ചെയ്യുമെന്ന് പ്രഖാപിച്ചിരുന്ന ചിത്രം ബക്രീദായിട്ടും തീയറ്ററുകളിലെത്തിയിട്ടില്ല. ഓണത്തിനെങ്കിലും ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമോയെന്നതാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം. ദിലീപിന് ഇന്ന് ജാമ്യം കിട്ടിയാല്‍ ചിത്രം അടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ദിലീപിന് റോഡ്‌ഷോയക്കമുള്ള വമ്പന്‍ സ്വീകരണങ്ങളും പി ആര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ ഫാന്‍സ് അസോസിയേഷനുകള്‍ പ്ലാന്‍ ചെയ്തിരുന്നു.

എന്നാല്‍ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞതോടെ ചിത്രത്തിന്റെ റിലീസും പ്രതിസന്ധിയിലായി. ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ ഏഴാം തിയതി റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന സൂചനയെത്തുടര്‍ന്നാണ് റിലീസ് നീട്ടിയത്.

ജുലൈ 10ാം തിയതി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ചിത്രവും പ്രതിസന്ധിയിലായി. തന്റെ ആദ്യ സംവിധാന സംരഭമാണെന്ന വിലാപവുമായി അരുണ്‍ ഗോപി രംഗത്തെത്തുകയും ചെയ്തിരുന്നു. ദിലീപിന് ജാമ്യം കിട്ടാതെ ചിത്രം റിലീസ് ചെയ്താന്‍ തീയറ്ററുകളില്‍ എന്ത് പ്രതികരണമാണ് ഉണ്ടാകുകയെന്ന ഭയവും അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാമലീല ഓണത്തിന് തിയറ്ററുകളിലെത്തില്ലെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News