തല ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകള്‍; ഒരുദിവസം നീണ്ട മാരത്തണ്‍ ശസ്ത്രക്രിയക്കൊടുവില്‍ വേര്‍പ്പെടുത്തി; രാജ്യത്തിന് അഭിമാന നേട്ടം

ഭുവനേശ്വര്‍: ഒഡീഷയില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെയാണ് മാരത്തണ്‍ ശസ്ത്രക്രീയയിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. തല ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകളെ ഒരു ദിവസം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വേര്‍പ്പെടുത്തിയത്. ദില്ലിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജിന് അഭിമാന നേട്ടം കൂടിയാണ് ഇത്.

ഇതാദ്യമായാണ് രാജ്യത്ത് ഇത്തരത്തിലൊരു ശസ്ത്രക്രീയ നടത്തി വിജയിപ്പിക്കുന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് എയിംസ് അധികൃതര്‍ തന്നെയാണ് വ്യക്തമാക്കിയത്. 40 വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു മാരത്തണ്‍ ശസ്ത്രക്രീയ നടന്നത്. ഒഡീഷ കാന്ദമാല്‍ ജില്ലയിലെ മിലിപാട ഗ്രാമത്തില്‍ നിന്നുള്ള രണ്ടര വയസുകാരായ ജാഗബാലിയ സയാമീസ് ഇരട്ടക്കുട്ടികളെ വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ ഇന്നലെ രാവിലെ ആരംഭിച്ച് ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്.

ജപ്പാനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ശസ്ത്രക്രിയയില്‍ പങ്കെടുത്തിരുന്നെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ മാസം 13 ാം തിയതിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഒരു കോടിരൂപ അനുവദിച്ചതില്‍ നിന്നാണ് ചികിത്സ നടത്തിയത്.

രണ്ടര കോടി കുട്ടികളില്‍ ഒന്ന് എന്ന നിലയിലാണ് തലച്ചോര്‍ ഒന്നായ സയാമീസ് ഇരട്ടകള്‍ പിറക്കുന്നത്. ഇവരെ വേര്‍പ്പെടുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ലോകത്ത് ഇതുവരെ അമ്പതില്‍ താഴെ ശസ്ത്രക്രീയകള്‍ മാത്രമാണ് ഇത്തരത്തില്‍ വിജയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ രാജ്യത്തിന് ഇത് സുവര്‍ണനേട്ടമാണെന്നാണ് എയിംസ് അധികൃതര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here