അപമാനം സഹിച്ച് ഇനിയില്ല; കാവ്യ കടല്‍ കടക്കുന്നു?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തില്‍ ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഭാര്യ കാവ്യാമാധവന്‍. ഇതിനിടയാണ് കാവ്യയെ ബന്ധുക്കള്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മൂന്നാം തവണയും ദിലീപിന് ജാമ്യം നിഷേധിച്ചതോടെയാണ് ഗള്‍ഫിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് താമസം മാറാന്‍ കാവ്യ ആലോചിക്കുന്നത്. ആലുവയിലെ നാട്ടുകാരുടെയും മറ്റും മുന്നില്‍ അപമാനം സഹിച്ച് തുടരാന്‍ സാധിക്കാതെ വന്നതോടെയാണ്, കാവ്യയുടെ ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കേസില്‍ കാവ്യയുടെ പങ്കിനെക്കുറിച്ച് അന്വേഷണസംഘത്തിന് സംശയങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍, ഗള്‍ഫിലേക്ക് പോകുന്ന തീരുമാനത്തില്‍ നിന്ന് താരം വിട്ടുനില്‍ക്കുമെന്നും വിവരങ്ങളുണ്ട്. നിലവിലെ അവസ്ഥയില്‍ വിദേശത്തേക്ക് പോകുന്നത് സംശയത്തിന് ഇടവരുത്തുമെന്ന് അഭിഭാഷകര്‍ കാവ്യയെ പറഞ്ഞ് ബോധിപ്പിച്ചതായും സൂചനയുണ്ട്.

നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ കാവ്യ പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെ അറിയില്ലെന്ന കാവ്യാമാധവന്റെ മൊഴി പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരുന്നു. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് കള്ളമാണെന്ന് സുനി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു. സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി.

അതേസമയം, ജാമ്യാപേക്ഷ വീണ്ടും തളളിയതോടെ ദിലീപിന്റെ ജയില്‍വാസം നീളുമെന്നുറപ്പായി. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ജാമ്യം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. വിചാരണ പൂര്‍ത്തിയാക്കിയ ശേഷം വരുന്ന വിധി ദിലീപിനെതിരാണെങ്കില്‍ ജയിലില്‍ നിന്നിറങ്ങാനുള്ള അവസാന പ്രതീക്ഷയും അസ്തമിക്കും.

ദിലീപ് അറസ്റ്റിലായി 50 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഇന്ന് ജാമ്യം കിട്ടുമെന്നായിരുന്നു ദിലീപിന്റെ പ്രതീക്ഷ. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയതോടെ ദിലീപിന്റെ പുറത്തിറങ്ങല്‍ അനിശ്ചിതത്വത്തിലായി. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയുടെ ഇതേ ബെഞ്ചിനെ വീണ്ടും സമീപിക്കാം എന്നതാണ് ദിലീപിനു മുന്നിലുള്ള ഒരു സാധ്യത. എന്നാല്‍ അതില്‍ തീരുമാനം വരണമെങ്കില്‍ ഇനിയും ആഴ്ചകളെടുക്കും. കേസില്‍ വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അങ്ങനെയെങ്കില്‍ വിചാരണ ഉടന്‍ ആരംഭിക്കും. വിചാരണ തുടങ്ങിയാല്‍ പിന്നെ വിധി വരുന്നതുവരെ ജാമ്യം ലഭിക്കാനുള്ള സാധ്യത വിരളമാണ്. അതിനാല്‍ ജനപ്രിയ നടന് വിചാരണത്തടവുകാരനായി ദീര്‍ഘനാള്‍ ജയിലില്‍ കഴിയേണ്ടി വരും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിന് മുന്നിലുള്ള മറ്റൊരു പോംവഴി. പക്ഷേ അത് ഉടന്‍ വേണ്ടെന്നാണ് ദിലീപിന് കിട്ടിയിരിക്കുന്ന നിയമോപദേശം.

വിധി വന്നയുടന്‍ ജയിലിലെത്തിയ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ ഇതു സംബന്ധിച്ച് ദിലീപുമായി ആശയവിനിമയം നടത്തി. അഭിഭാഷകനുമായി സംസാരിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് ദിലീപ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here