മുംബൈയില്‍ കനത്തമഴ തുടരുന്നു; മലയാളികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം; റോഡ്, റെയില്‍, വ്യോമഗതാഗതം പൂര്‍ണമായും സ്തംഭിച്ചു

മുംബൈ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. മലയാളികള്‍ ഏറെയുള്ള ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്.

കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കിടെ നാല് ഇഞ്ച് മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മഴ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വീട്ടില്‍ തന്നെ തങ്ങണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 2005ന് ശേഷമുള്ള ഏറ്റവും കനത്തമഴയാണ് ഇപ്പോള്‍ മുംബൈയില്‍ പെയ്തുകൊണ്ടിരിക്കുന്നത്.

ശനിയാഴ്ച ചെറിയ തോതില്‍ ആരംഭിച്ച മഴയാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായി പെയ്യുന്നത്. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കനത്ത പേമാരിയില്‍ നഗരം പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ്. റോഡ്, റെയില്‍, വ്യോമഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കടല്‍തീരത്തോട് ചേര്‍ന്നുള്ള റോഡുകളില്‍ കിലോമീറ്റുകളോളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണതും റോഡ് ഗതാഗതത്തെ ബാധിച്ചു. നഗരത്തിന്റെ ജീവനാഡിയായ ലോക്കല്‍ ട്രെയിനുകളുടെ സഞ്ചാരവും മഴയെതുടര്‍ന്ന് തടസ്സപ്പെട്ടിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും മഴയെ തുടര്‍ന്ന് താളം തെറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News