തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു. സെപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്നും ആരംഭിക്കേണ്ടിയിരുന്ന യാത്ര ഒക്ടോബര്‍ മാസത്തിലേക്കാണ് മാറ്റിയത്.

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെ അടിമുടി ബാധിച്ച അഴിമതി ആരോപണങ്ങളിലും മറ്റു വിഷയങ്ങളിലും മറുപടി പറയാന്‍ സാധിക്കാത്തത് കൊണ്ടാണ് തീരുമാനമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. നേരത്തെയും അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് യാത്ര സെപ്തംബറിലേക്ക് മാറ്റിവച്ചത്.

സെപ്റ്റംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര 11 ജില്ലകളിലാണ് പര്യടനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലുദിവസം യാത്ര നടത്താനായിരുന്നു പദ്ധതി.

യാത്രയില്‍ 13 ബിജെപി മുഖ്യമന്ത്രിമാരും അഞ്ച് ഉപമുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന വന്‍സംഘം കേരളത്തില്‍ എത്തുമെന്നായിരുന്നു അവകാശവാദം. അമിത് ഷാ മൂന്ന് ദിവസം യാത്രയില്‍ ജാഥാംഗമായി പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചത്.