ശാന്തിയില്ലാതെ ബിജിബാല്‍; ബിജി ഭാര്യക്കുവേണ്ടി പാടിയ പാട്ടിന്റെ ഓര്‍മ്മയില്‍ ജെബി ജംഗ്ഷന്‍

ബിജിബാലിന്റെ ജീവിതത്തില്‍ നിന്ന് ശാന്തി പോകുകയാണ്. ശാന്തമായൊരു ഈണം പോലെ. മലയാളിത്തമുള്ള സംഗീതത്തിലൂടെ പാട്ടിലും പശ്ചാത്തല സംഗീതത്തിലും ഒരു പോലെ തിളങ്ങിയ സംവിധായകന് ഇതെങ്ങിനെ താങ്ങാനാവുമെന്ന വേദനയിലാകും ബിജിയുടെ പ്രിയപ്പെട്ടവര്‍. ബിജിബാല്‍ അതിഥിയായെത്തിയ ജെബി ജംഗ്ഷന്‍ ആ അധ്യായം അതുകൊണ്ട് തന്നെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും.

ജീവിതത്തില്‍ നൃത്തവും പാട്ടും ഒരുമിച്ചത് പോലൈാരു ജീവിതമായിരുന്നു ഇരുവരുടേയും. ശാന്തി അറിയപ്പെടുന്ന നര്‍ത്തകിയായിരുന്നു. നൃത്തവും പാട്ടും പോലെ ഇവര്‍ക്ക് രണ്ട് മക്കളുമുണ്ടായി. ദിയയും ദേവദത്തും. മൂവരും ഇനി ആ ശാന്തി സ്പര്‍ശത്തില്‍ നിന്ന് അകലെയാണ്.

സംഗീതത്തെക്കുറിച്ചല്ലാതെ സ്വന്തം ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കുന്ന പതിവില്ല ബിജിബാല്‍. ജെബി ജംഗ്ഷനില്‍ അതിഥിയായെത്തിയ ബിജി, എന്നാല്‍ തങ്ങളുടെ പ്രണയകാല അനുഭവങ്ങള്‍ ഓര്‍മ്മിക്കാന്‍ പിശുക്ക് കാട്ടിയില്ല. പലരും ഇവരുടേത് പ്രണയ ബന്ധമാണെന്ന് അറിഞ്ഞതും അപ്പോഴായിരുന്നു.

ഒരു കലോത്സവത്തില്‍ വച്ചാണ് ശാന്തിയും ബിജിയും ആദ്യം പരിചയപ്പെട്ടത്. പരിചയം മെല്ലെ പ്രണയത്തിലേക്ക് നീങ്ങി. ശാന്തിയുടെ സഹോദരന്‍ യദൃശ്ചികമായി ബിജിയുടെ വയലിന്‍ ക്ലാസിലെ വിദ്യാര്‍ത്ഥിയായി. അത് പ്രണയം ഗാഢമാക്കാനുള്ള ഫോണ്‍വിളികള്‍ക്കും കണ്ടു മുട്ടലുകള്‍ക്ക് നിമിത്തമാക്കി. ഇരുവരെയും പിന്നെയും യാദൃശ്ചികതകള്‍ പിന്തുടര്‍ന്നു. ശാന്തിയുടെ വീട്ടുകാര്‍ ഇരുവരുടെയും ഒരു പൊതു സുഹൃത്തുമായി ചോര്‍ന്ന് വിവാഹാലോചനയുമായി എത്തി. പക്ഷേ ബിജിക്ക് ജോലിയും കൂലിയുമില്ലാത്തതിനാല്‍ വീട്ടുകാര്‍ക്ക് വിസമ്മതം. അങ്ങനെ അങ്ങനെ വിവാഹത്തിലെത്തിയ രസകരമായ കഥകള്‍ ബിജി പറയുന്നുണ്ട്.

പ്രണയകാലത്ത് ഒരു പാട് പാട്ടുകള്‍ ബിജി ഫോണിലൂടെ ശാന്തിക്ക് പാടിക്കൊടുക്കാറുണ്ടായിരുന്നുവെന്ന് ശാന്തിയും ജെബി ജംഗ്ഷനിലെത്തി വെളിപ്പെടുത്തി. പ്രിയപ്പെട്ട ഒരു പാട്ട് അവര്‍ക്കായി പാടാന്‍ ആവശ്യപ്പെടുകയും ചെയ്തു. അഗ്‌നിദേവന്‍ എന്ന ചിത്രത്തില്‍ എംജി രാധാകൃഷ്ണന്‍ ഈണമിട്ട ‘നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളേ’ എന്ന ഗാനമാണ് ബിജി ശാന്തിയ്ക്ക് വേണ്ടി പാടിക്കൊടുത്തത്. ‘ഏതപൂര്‍വ്വ തപസിനാല്‍ സ്വന്തമാക്കി നിന്‍ രാഗലോല പരാഗ സുന്ദര ചന്ദ്ര മുഖബിംബം’ എന്ന വരിയില്‍ ബിജി ആ ഗാനം പാടിനിര്‍ത്തുന്നു.

അപൂര്‍വ്വമായ അവരുടെ പ്രണയ തപസിനെക്കുറിച്ചുള്ളതാണ് ആ ഗാനമെന്ന് ആര്‍ക്കും തോന്നും. ശരിക്കും അയാളുടെ ആ ചന്ദ്രമുഖ ബിംബമാണ് മാഞ്ഞില്ലാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News