‘മലബാര്‍ മില്‍ക്ക്’ പാലില്‍ നിരോധിതവസ്തുക്കള്‍; പരിശോധനയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു; അതിര്‍ത്തികളില്‍ പരിശോധന തുടരുന്നു

പാലക്കാട്: പാലക്കാട് മീനാക്ഷിപുരം ചെക്കുപോസ്റ്റില്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടി. ക്ഷീര വികസന വകുപ്പിന്റെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തില്‍ വില്‍പന നടത്താനായി തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച പാലില്‍ നിരോധിത രാസവസ്തുക്കള്‍ കണ്ടെത്തിയത്. പരിശോധനകള്‍ക്കു ശേഷം വാഹനം തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു.

പാലക്കാട് മീനാക്ഷിപുരത്തെ ക്ഷീരവികസന വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ദിണ്ഡിഗലിലുള്ള എആര്‍ ഡയറി പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വന്ന പാലില്‍ രാസവസ്തുക്കള്‍ കലര്‍ന്നതായി കണ്ടെത്തിയത്. മലബാര്‍ മില്‍ക്കെന്ന പേരില്‍ വില്‍പനക്കെത്തിച്ച പാക്കറ്റ് പാലിന്റെ ടോണ്‍ഡ് മില്‍ക്കിലും ഡബില്‍ ടോണ്‍ഡ് മില്‍ക്കിലും കാര്‍ബേണേറ്റും, ഹൈഡ്രജന്‍ പെറോക്‌സൈഡും അടങ്ങിയതായി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. പാലിന്റെ അസിഡിറ്റി കുറക്കാനും കേട് വരാതിരിക്കാനും ഉപയോഗിക്കുന്ന ഈ രണ്ട് രാസവസ്തുക്കളും കലര്‍ന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

അഞ്ച് വ്യത്യസ്ത നിലവാരത്തിലുള്ള 5500 ലിറ്ററോളം പാലാണ് വാഹനത്തിലുണ്ടായിരുന്നത്. എറണാകുളം പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് പാല്‍ വില്‍പന നടത്തിയിരുന്നത്. ക്ഷീര വികസന വകുപ്പില്‍ നിന്ന് വാഹനം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്ത ശേഷം പരിശോധന പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു.

പത്തിലേറെ ബ്രാന്‍ഡുകളുടെ പേരില്‍ ഓണ സീസണില്‍ പ്രതിദിനം 10 ലക്ഷം മുതല്‍ 12 ലക്ഷം ലിറ്റര്‍ പാല്‍ വരെ കേരളത്തിലേക്കെത്തുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് മീനാക്ഷിപുരത്ത് ക്ഷീര വികസനവകുപ്പിന്റെ കീഴില്‍ പാല്‍ പരിശോധനക്കായി ആദ്യത്തെ സ്ഥിരം ലബോറട്ടറി നിലവില്‍ വന്നത്. ലബോറട്ടറി നിലവില്‍ വന്ന ശേഷം ഇവിടെ ആദ്യമായാണ് മായം ചേര്‍ത്ത് പാല്‍ പിടികൂടുന്നത്. മായം കലര്‍ത്തുന്ന പാല്‍ അതിര്‍ത്തി കടന്നെത്തുന്നത് തടയാന്‍ മീനാക്ഷിപുരത്തെ സ്ഥിരം ലാബിനു പുറമെ വാളയാര്‍, ആര്യങ്കാവ്, കുമളി, പാറശാല ചെക്ക് പോസ്റ്റുകളില്‍ താത്ക്കാലിക ലബോറട്ടറികള്‍ ആരംഭിച്ച് ക്ഷീരവികസന വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here