ദിലീപിനും കാവ്യയ്ക്കും വിവാഹശേഷമുള്ള ആദ്യ ഓണം സമ്മാനിക്കുന്നത് കയ്പ്പാര്‍ന്ന ഓര്‍മ്മകള്‍; ജനപ്രിയന്റെ അഴിക്കുള്ളിലെ 50 ദിവസങ്ങള്‍ ഇങ്ങനെ

ദിലീപ് എന്ന ജനപ്രീയന്‍ അപ്രിയനായതും അഴിയെണ്ണി കഴിച്ചു കൂട്ടിയതുമായ 50 ദിവസങ്ങളാണ് കടന്നുപോകുന്നത്. ആ കണക്ക് നീളുമെന്നല്ലാതെ അടുത്തൊന്നും പുറലോകം കാണുണമെന്നില്ലെന്ന് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു. ഹൈക്കോടതി രണ്ടാം വട്ടവും ജാമ്യമില്ല എന്ന് പറഞ്ഞതോടെ ഇനി അങ്ങോട്ട് ദിലീപിന്റെ നീക്കങ്ങള്‍ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് കേരളക്കരയും സിനിമാ ലോകവും

ദിലീപിനെതിരെ വളരെ നിര്‍ണായക തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയില്‍ ഉളളത്. പൊലീസ് കസ്റ്റഡിയിലിരിക്കെ പള്‍സര്‍ സുനി ദിലീപിന് ശബ്ദ സന്ദേശമയച്ചുവെന്ന നിര്‍ണായക തെളിവടക്കം നിരവധിയെണ്ണം ദിലീപിനെ വേട്ടയാടുന്നു. വിചാരണത്തടവുകാരനായി കേസിന്റെ അന്ത്യം വരെ ജനപ്രിയ നായകന്‍ കാരാഗ്രഹവാസത്തിലാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

2017 ഫെബ്രുവരി 17. അന്നായിരുന്നു ആ കറുത്ത ദിനം. സിനിമയുടെ ഡബ്ബിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വരികയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടികൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം നടിയെ വിട്ടയക്കുന്നു. കേസിലെ പ്രതിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ പൊലീസ് അറസ്റ്റു ചെയ്യുന്നു.

നടിയെ ആക്രമിച്ച കേസില്‍ 2 ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 19ന് രണ്ടുപേര്‍കൂടി പൊലീസ് പിടിയിലാകുന്നു. ക്രിമിനല്‍ സംഘാംഗങ്ങളായ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപും പൊലീസിന്റെ വലയില്‍.

സംഭവത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച് പ്രതിഷേധ കൂട്ടായ്മ പൊലീസിന് വലിയ ഒരു മുതല്‍കൂട്ടായിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന മഞ്ജു വാര്യരുടെ ഉറച്ച ശബ്ദം പൊലീസിന്റെ കൂര്‍മ്മബുദ്ധിയില്‍ തറഞ്ഞുകൊണ്ടു.

FEB 20ന് തമ്മനം സ്വദേശി മണികണ്ഠനും പിടിയിലാകുന്നതോടെ, കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. ക്വട്ടേഷന്‍ സാധ്യതയെക്കുറിച്ചു അന്വേഷണ സംഘത്തിന് സൂചന ലഭിക്കുന്നത് അവിടെനിന്നാണ്.

FEB 21ന് നടിയെ ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ ഒരു നടന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ശത്രുക്കള്‍ കുപ്രചാരണം നടത്തുകയാണെന്നുമുള്ള ആരോപണവുമായി നടന്‍ ദിലീപിന്റെ രംഗപ്രവേശം ഫെബ്രുവരി 22ന്.
FEB 23നായിരുന്നു പൊലീസിന്റെ നാടകീയമായ ഇടപെടല്‍. ബൈക്കില്‍ കോടതി സമുച്ചയത്തിനു പിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തി മതില്‍ചാടിക്കടന്ന് പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കീഴടങ്ങാനായി കോടതിയില്‍ പ്രവേശിക്കുന്നു. എന്നാല്‍ അതിസാഹസികമായി ഇരുവരെയും കോടതിമുറിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നു.

യുവനടിയെ ആക്രമിച്ചവര്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന മൊബൈല്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. ഫോണിനെക്കുറിച്ചുള്ള ചോദ്യത്തിനു സുനില്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. 50 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതതെന്ന് സുനി മൊഴിനല്‍കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

കേസിലെ നിര്‍ണ്ണായകമായ ഒരു ദിനമായിരുന്നു ഫെബ്രുവരി 25. സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു പൊലീസ് കോടതിയില്‍ പറയുന്നു. നാലുപ്രതികളെയും നടി തിരിച്ചറിയുന്നതും അന്നാണ്. സുനിയെയും വിജീഷിനെയും മാര്‍ച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നു. പിന്നീട് കോയമ്പത്തൂരില്‍നിന്നു പ്രതികളുടെ മൊബൈല്‍ ഫോണും കംപ്യൂട്ടറും കണ്ടെടുക്കുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റേതെന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം പരിശോധിക്കണമെന്നു ഫേസ്ബുക്കിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. പൊലീസ് ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങളെക്കുറിച്ചു മറുപടി നല്‍കാതെ പള്‍സര്‍ സുനി.

FEB 28ന് സുനില്‍കുമാറിന്റെ മൊബൈല്‍ ഫോണിനായി ബോള്‍ഗാട്ടി പാലത്തില്‍ നാവികസേന തിരച്ചില്‍ നടത്തി. കൂടുതല്‍ അന്വേഷണം നടത്തണമെന്നു പൊലീസ് കോടതിയില്‍. നാലുപ്രതികളുടെ കസ്റ്റഡി കാലാവധിയും പൊലീസ് നീട്ടിവാങ്ങി.

JUNE 24ന് നടിക്കുനേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമം നടക്കുന്നതായി നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും തിരശീലയ്ക്ക് മുന്നിലേക്ക്. സുനില്‍ എഴുതിയതെന്നു കരുതുന്ന കത്തും പുറത്ത്. സുനിലിന്റേതെന്നു കരുതുന്ന ഫോണ്‍ സംഭാഷണവും പുറത്താകുന്നു.

തന്നെയും സിനിമകളെയും തകര്‍ക്കാന്‍ ശ്രമമെന്ന ആരോപണവുമായി പിറ്റേന്ന് ദിലീപ്. നടന്‍ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി സുനിലിന്റെ സഹതടവുകാരനായ വിഷ്ണുവും അറസ്റ്റിലാകുന്നു. നടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ രംഗത്തുവരുന്നു. അനാവശ്യമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു നടി വ്യക്തമാക്കി.

JUNE 28ന് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെയും സംവിധായകന്‍ നാര്‍ദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബിലെ മൊഴിയെടുക്കല്‍ ഏതാണ്ട് 13 മണിക്കൂറാണ് നീണ്ടുനിന്നത്. മാരത്തണ്‍ ചോദ്യംചെയ്യല്‍ അവസാനിച്ചത് പുലര്‍ച്ച ഒരു മണിയോടെയാണ്.

നടിക്കുനേരെയുണ്ടായ അക്രമം JUNE 29 ന് ‘അമ്മയുടെ ‘യോഗത്തിലും ചര്‍ച്ച ചെയ്തില്ല. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുകേഷും ഗണേഷ്‌കുമാറുമൊക്കെ വാര്‍ത്തകളില്‍നിറഞ്ഞുനിന്നു.

JULY 10 ദിലീപിന്റെ ജീവിതത്തിലെ കറുത്ത ദിനം. നടിയെ ആക്രമിച്ച കേസില്‍ ജനപ്രീയ നടന്‍ ദിലീപ് അറസ്റ്റിലാകുന്നു. തെളിവുകള്‍ നിരത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ പൊട്ടിക്കരഞ്ഞ ഒരുഘട്ടത്തില്‍ ബോധക്ഷയം നടിച്ചും ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു നടനല്ലേ.. ചിലപ്പോള്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചെന്നിരിക്കും.

പിന്നീട് ദിലീപും അന്വേഷണ സംഘവും തമ്മിലുളള മാനസിക പോരാട്ടമായിരുന്നു. ദിലീപിനനുകൂലമായി സമൂഹമാധ്യമങ്ങളില്‍ തരംഗം തീര്‍ത്ത് ഒരു വേള ദിലീപ് അന്വേഷണ സംഘത്തെ ഞെട്ടിച്ചു. എന്നാല്‍ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ഗൂഢാലോചനയുടെ രംഗങ്ങള്‍ ഓരോന്നോരോന്നായി അന്വേഷണ സംഘം വരച്ചെടുത്തു. 2013ലെ കൊച്ചി അബാദ് പ്ലാസയിലെ അമ്മ ഷോയുടെ റിഹേഴ്‌സല്‍ ക്യാംപിലെ ഗൂഢാലോചന മുതല്‍ തൃശൂറിലെ ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനിലെ സമാഗമം വരെ സാഹചര്യത്തെളിവുകള്‍ കൊണ്ടും സാക്ഷി മൊഴികള്‍ കൊണ്ടും പൊലീസ് ബന്ധിപ്പിച്ചെടുത്തു.

അങ്കമാലി കോടതിയിലായിരുന്നു പിന്നീട് യുദ്ധം. ദിലീപിനു വേണ്ടി അഡ്വക്കേറ്റ് രാം കുമാര്‍ വക്കാലത്തേറ്റെടുത്തതോടെ ജാമ്യം ഉടന്‍ എന്ന പ്രതീതിയായി. എന്നാല്‍ ജനപ്രിയ നായകന്‍ പുറത്തിറങ്ങിയാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന് ഭംഗിയായി കോടതിയെ ബോധ്യപ്പെടുത്താനായി.

ഹൈക്കോടതിയിലായിരുന്നു അടുത്ത അങ്കം. അഡ്വക്കേറ്റ് രാംകുമാര്‍തന്നെ ദിലീപിന്റെ അഭിഭാഷനകന്‍. പൊലീസ് നുണ പറയുകയാണെന്ന് ക്രിമിനലിന്റെ വാക്ക് കേട്ട് ദിലീപിനെ പോലെയുള്ള മാന്യനെ കേസില്‍ കുടുക്കുകയാണെന്ന് രാംകുമാര്‍ വാദിച്ചു. അതേസമയം ഗൂഢാലോചനയുടെ തെളിവുകള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് പ്രോസിക്യൂഷന്‍ രാംകുമാറിന്റെ വാദങ്ങളെ ഘണ്ഡിച്ചു. ഒടുവില്‍ ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകള്‍ ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാട്ടി. പ്രദമദൃഷ്ട്യാ ദിലീപിനെതിരെ കേസുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി.

ഇനിയാണ് അഡ്വക്കേറ്റ് രാമന്‍ പിള്ളയുടെ ഊഴം. ദിലീപിനെതിരെ ഉന്നത തല ഗൂഢാലോചന നടന്നു എന്ന് രാമന്‍പിള്ള ഹൈക്കോടതിയിലെ രണ്ടാം ജാമ്യാപേക്ഷയില്‍ വാദിച്ചു. ദിലീപ് കിംഗ് ലയര്‍ ആണെന്ന് പ്രോസിക്യൂഷനും.

കടുത്ത വാദ പ്രതിവാദങ്ങളാണ് ദിലീപിന്റെ രണ്ടാം ജാമ്യാപേക്ഷ പരിഗണിക്കവെ ഉണ്ടായത്. ദിലീപിനെതിരെ മുംബൈ കേന്ദ്രമാക്കി ഗൂഢാലോചന നടന്നുവെന്ന് പ്രതിഭാഗം വാദിച്ചു. സിനിമയിലെ ചിലര്‍ ദിലീപിനെ ഇല്ലാതാക്കാന്‍ നോക്കുകയാണെന്നും വാദം ഉയര്‍ന്നു. അതേസമയം ദിലീപ് കിംഗ് ലയര്‍ ആണെന്ന് വ്യക്തമാക്കി പ്രോസിക്യൂഷനുവേണ്ടി ഹാജരായ ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരും രംഗത്തെത്തി. സീല്‍ ചെയ്ത കവറില്‍ കേസ് ഡയറിയും അന്വേഷണ സംഘം ഹാജരാക്കി. കസ്റ്റഡിയിലിരിക്കെ ആലുവ പൊലീസ് ക്ലബ്ബില്‍ പള്‍സര്‍ സുനി ദിലീപിനയച്ച ശബ്ദസന്ദേശം നിര്‍ണായക തെളിവായി. ദിലീപേട്ടാ കുടുങ്ങി എന്ന പള്‍സറിന്റെ സന്ദേശത്തോടെ ദിലീപിനെ ഈ കേസുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തായി. ഒടുവില്‍ പ്രോസിക്യൂഷന്റെ വാദങഅങള്‍ അംഗീകരിച്ച് കോടതി ദിലീപിന്റെ ഹൈക്കോടതിയിലെ രണ്ടാം ജാമ്യാപേക്ഷയും തള്ളി.

അതേസമയം, കേസില്‍ ദിലീപിന് മുന്നില്‍ ചില വഴികളുണ്ട്. ഹൈക്കോടതിയില്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ സുപ്രീംകോടതിയില്‍ ജാമ്യം ആവശ്യപ്പെടാം. പക്ഷേ, വേഗത്തില്‍ സുപ്രീംകോടതിയില്‍ പോകാനുള്ള സാധ്യത കുറവാണ്. പീഡനക്കേസില്‍ സുപ്രീംകോടതി സമീപകാലങ്ങളില്‍ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്. കുറ്റക്കാരനല്ലെന്ന് തെളിയിക്കണം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ദിലീപീന് ജയില്‍ മോചിതനാകാന്‍ സാധിക്കു. അതായത് വിചാരണ വേളയില്‍ ജയിലില്‍ കഴിയേണ്ടി വരും. അത് ചിലപ്പോള്‍ വര്‍ഷങ്ങളാകും.

മുമ്പൊക്കെ ഓണമാകുമ്പോള്‍ ദിലീപിന്റെ ദേ മാവേലി കൊമ്പത്ത് റിലീസാകുന്നുണ്ടോ എന്നായിരുന്നു മലയാളികളുടെ കാത്തിരുപ്പ്. ഈ ഓണത്തിന് ദിലീപിന്റെ റിലീസ് ഉണ്ടാകുമോ എന്നായിരുന്നു മലയാളികളുടെ ആകാംഷ. എന്തായാലും ആ ആകാംഷയ്ക്ക് താല്‍ക്കാലിക വിരാമമായി. ഇത്തവണ ദിലീപ് ഓണം ഉണ്ണുക ആലുവ സബ് ജയിലിലെ അന്തേവാസികള്‍ക്കൊപ്പമായിരിക്കും. ദിലീപ് അവസാനമായി അഭിനയിച്ച രാമലീല ഈ ഓണക്കാലത്ത് റിലീസ് ചെയ്യാനാവാതെ പെട്ടിക്കകത്താണ്. ദിലീപ് കാവ്യാ ദമ്പതികളുടെ വിവാഹത്തിനുശേഷമുള്ള ആദ്യ ഓണം ഇരുവര്‍ക്കും കയ്പ്പാര്‍ന്ന ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News