ആദ്യ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണ് കൊച്ചി മെട്രോ. കന്നി ഓണം ആഘോഷമാക്കാന്‍ തന്നെയാണ് കെ എം ആര് എല്ലിന്റെ തീരുമാനം. ഓണം സ്പെഷല്‍ എന്താണെന്നു ചോദിച്ചാല്‍ യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പ്രത്യേക ഇളവുകള്‍ അവതരിപ്പിക്കുന്നു എന്ന് തന്നെയാണ് ഉത്തരം.
മാസ- ദിവസ അടിസ്ഥാനത്തിലുള്ള പാസുകള്‍ മെട്രോയില്‍ ഉണ്ടാകും. ഈ ടിക്കറ്റു പയോഗിക്കുന്നവര്ക്കാവും ഇളവ് ലഭിക്കുക. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് വാരാന്ത്യങ്ങളിലാണ് മെട്രോയില്‍ തിരക്കേറുന്നത്. ഓണാവധി ദിവസങ്ങളില്‍ കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ സര്‍വ്വീസ് ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. എട്ടര മിനിറ്റ് ഇടവേളയില്‍ 221 ട്രിപ്പുകളാണ് സാധാരണ ദിവസങ്ങളിലുള്ളത്. ഓണാവധി ദിവസങ്ങളില്‍ ഇത് ഏഴര മിനിറ്റ് ഇടവേളയില്‍ 255 ട്രിപ്പാക്കി മാറ്റും.
കൊച്ചി മെട്രോ എന്ന ബ്രാന്‍ഡ് നെയിം ജനങ്ങളുടെ മനസ്സില്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് ‘വണക്കം കൊച്ചി’ എന്ന പേരില്‍ ഒരു ക്യാമ്പയിനും ആസൂത്രണം ചെയ്യുന്നുണ്ട്. മെട്രോയ്ക്കൊപ്പം കൊച്ചിയിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങി പൊതുമുതല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വരെ ക്യാമ്പയിനില്‍ വിഷയമാകും. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും പരസ്യങ്ങളിലൂടെയും ഇത് ജനങ്ങളിലെത്തിക്കാനാണ് നീക്കം.
അതേ സമയം പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടില്‍ തുടര്‍ച്ചയായി പരീക്ഷണയോട്ടം നടത്തുന്നുണ്ട്. സെപ്റ്റംബര്‍ മധ്യം വരെ പരീക്ഷണയോട്ടം തുടരും. സെപ്റ്റംബര്‍ 20 നു ശേഷം സുരക്ഷാ കമ്മീഷണറുടെ പരിശോധനയുണ്ടാകും.5 കിലോമീറ്ററിലായി നാല് സ്റ്റേഷനുകളുള്ള ഈ റൂട്ടില്‍ ഒക്ടോബറോടെ യാത്രാസര്‍വീസ് ആരംഭിക്കാനാണ് കെ എം ആര് എല്‍ ലക്ഷ്യമിടുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here