മോദിയുടെ നോട്ട് നിരോധനം വന്‍ പരാജയമെന്ന് ആര്‍ബിഐ; നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും തിരിച്ചെത്തി; എവിടെപോയി മോദി പറഞ്ഞ കള്ളപ്പണമെന്ന് കോണ്‍ഗ്രസിന്റെ ചോദ്യം

ദില്ലി; രാജ്യത്തെ കള്ളപ്പണമാഫിയക്കെതിരായ പോരാട്ടമെന്ന വലിയ പ്രഖ്യാപനത്തോടെ നവംബര്‍ എട്ടാം തിയതി രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഏര്‍പ്പെടുത്തിയ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമെന്ന് റിസര്‍വ്വ് ബാങ്കും. ആര്‍ ബി ഐ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.44 ലക്ഷം കോടി നോട്ടുകളാണ് അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അസാധുവാക്കപ്പെട്ട ആയിരത്തിന്റെ 8.9 കോടി നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്താനുള്ളത്.

7.62 ലക്ഷം കള്ളനോട്ടുകള്‍ കണ്ടെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ട് അച്ചടിക്കുന്നതിനുള്ള ചെലവുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഇരട്ടിയിലധികമായി. കഴിഞ്ഞ വര്‍ഷം 3400 കോടിയായിരുന്ന ചെലവ് ഇത്തവണ 7760 കോടി രൂപയായാണ് ഉയര്‍ന്നത്.

നോട്ട് നിരോധനം പ്രഖ്യാപിച്ചതുമുതല്‍ മോദിക്കെതിരെ വിമര്‍ശനമുന്നിയിച്ച സാമ്പത്തിക വിദഗ്ദരുടെയും പ്രതിപക്ഷത്തിന്റെയും നിലപാട് ശരിവയ്ക്കുന്നതാണ് ആര്‍ ബി ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. മോദി പറഞ്ഞ കള്ളപ്പണമെവിടെയെന്ന ചോദ്യവുമായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News