തൃശൂരിലെ നാട്ടിന്‍പുറങ്ങള്‍ക്ക് ആവേശം പകരാന്‍ കുമ്മാട്ടി കൂട്ടങ്ങളൊരുങ്ങി; കുമ്മാട്ടികളെത്തുന്നത് ഉത്രാടം മുതല്‍ നാലാം ഓണം വരെ

തൃശൂര്‍: പൂരത്തിനും പുലികളിക്കും ഒപ്പം തന്നെ തൃശൂരുകാര്‍ക്ക് ആവേശം പകരുന്ന കലാരൂപമാണ് കുമ്മാട്ടികളി. മുഖംമൂടിയണിഞ്ഞ് പര്‍പ്പിടക പുല്ല് പുതച്ചെത്തുന്ന കുമ്മാട്ടികള്‍ ഓണത്തപ്പനെ വരവേല്‍ക്കാനുള്ള ഗ്രാമീണരുടെ അനുഷ്ഠാനകലയാണ്. ഇക്കുറി ഉത്രാട നാള്‍മുതല്‍ നാലാം ഓണം വരെയാണ് കുമ്മാട്ടികള്‍ ഗ്രാമവീഥികളില്‍ അസുരതാളം ചവിട്ടുക. കാലങ്ങളായി പിന്തുടരുന്ന കുമ്മാട്ടികളിക്കു പിന്നില്‍ വലിയൊരു െഎതീഹ്യവുമുണ്ട്.

പാണ്ഡവരുടെ വനവാസ കാലത്ത് പാശുപാതാസ്ത്രത്തിനായി അര്‍ജുനന്‍ കഠിന തപസ്സ് ചെയ്തുവെന്നും, തപസ്സ് പരീക്ഷിക്കാന്‍ ശിവപാര്‍വ്വതിമാര്‍ കിരാത വേഷം ധരിച്ച് ഭൂതഗണങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടി കാട്ടിലെത്തിയെന്നുമാണ് വിശ്വാസം. കാട്ടാളനോട് അടിയറവുപറയേണ്ടിവന്നതില്‍ ദുഃഖിച്ച അര്‍ജുനന് മുന്നില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടു വരം നല്‍കുകയും ചെയ്തു.

പിന്നീട് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ ശിവപാര്‍വ്വതിമാര്‍ക്കായി ഭൂതഗണങ്ങള്‍ വീണ്ടും വാദ്യ മേളങ്ങള്‍ക്കൊപ്പം നൃത്തം വയ്ക്കുന്ന ചടങ്ങിന് തുടക്കമായെന്നും, ഇതാണ് കുമ്മാട്ടികളിയായി രൂപം പ്രാപിച്ചതെന്നുമാണ് ഐതീഹ്യം.

കാട്ടാളന്‍, തള്ള, ഹനുമാന്‍, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍. കിഴക്കുമ്പാട്ടുകര ദേശമാണ് കുമ്മാട്ടി കളിയുടെ പ്രധാന കേന്ദ്രം. വിവിധ കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചും അഞ്ഞൂറോളം കലാകാരന്‍മാരെ അണിനിരത്തിയും ഫ്‌ലോട്ടുകളുടെ അകമ്പടിയോടെയാണ് കുമ്മാട്ടികളി സംഘങ്ങള്‍ തയ്യാറെടുക്കുന്നത്.

പര്‍പ്പിടക പുല്ല് ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ടത് ഇക്കുറി കുമ്മാട്ടി കൂട്ടങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും തനത് ശൈലി പിന്തുടരാന്‍ തന്നെയാണ് കുമ്മാട്ടി സംഘങ്ങളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here