നെയ്മര്‍ ബാഴ്‌സ വിട്ടത് റയലിലെത്താന്‍; നെയ്മറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്ത്

മാഡ്രിഡ്: കഴിഞ്ഞ ദിവസങ്ങളില്‍ കായിക ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്തത് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴസയില്‍ നിന്ന് പി എസ് ജിയിലേക്ക് കൂടുമാറിയതായിരുന്നു. ഫുട്‌ബോള്‍ വിപണിയിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക് പാരിസിലെത്തിയ നെയ്മര്‍ കറ്റാലന്‍ ആരാധകരുടെ രോക്ഷത്തിന് പാത്രമായിരുന്നു. എന്നാല്‍ അവരെ ഒന്നു കൂടി ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബാഴ്‌സലോണയുടെ ചിരവൈരികളായ റയല്‍മാഡ്രിഡിലെത്തുകയെന്നതാണ് നെയ്മറിന്റെ ആത്യന്തികമായ ആഗ്രഹമെന്നതാണ് യഥാര്‍ത്ഥ കാരണം. ഇക്കാര്യം നേരത്തെ തന്നെ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നെങ്കിലും പലരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നെയ്മര്‍ തന്നെ അക്കാര്യം പറയുന്ന വിഡിയോ പുറത്തായിരിക്കുകയാണ്.

സ്‌പെയിനിലെ ഏറ്റവും പ്രശസ്തമായ ദിനപത്രം മാര്‍സയാണ് ഇക്കാര്യം തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ടത്. നെയ്മറിന്റെ മാത്രമല്ല ബ്രസീലിയന്‍ സഹതാരം ഫിലിപ്പ് കൗട്ടീന്യോയുടെയും ഏറ്റവും വലിയ ആഗ്രഹം റയലിന്റെ കുപ്പായമണിയുകയെന്നതാണെന്നും മാര്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടാണ് ബാഴ്‌സ കോടികളുമായി പിന്നാലെയെത്തിയിട്ടും ബ്രസീലിയന്‍ താരം തീരുമാനം മാറ്റത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

2008ല്‍ ബ്രസീലിന്റെ അണ്ടര്‍ 16 ടീമിനായി കളിക്കുമ്പോഴായിരുന്നു കൊച്ച് നെയ്മറും കൗട്ടീന്യോയും തങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നം പങ്കുവെച്ചത്. ലോകത്തെ ഏത് ക്ലബിനായി കളിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. തെല്ലിട ആലോചിക്കാതെ ഇരുവരും റയല്‍ മാഡ്രിഡ് എന്ന് ഉത്തരം പറയുകയായിരുന്നു. റയലാണ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബെന്ന് കൂടി കൗട്ടിന്യോ പറഞ്ഞിരുന്നു.

കൗട്ടീന്യോ ബാഴ്‌സയിലെത്തുന്നത് തടഞ്ഞ് നെയ്മര്‍ രംഗത്ത് വന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഈ വീഡിയോ പുറത്ത് വന്നത്. ഇരുവരും ദേശീയ താരങ്ങളെന്നതിനപ്പുറം ആത്മസുഹൃത്തുക്കള്‍ കൂടിയാണ്. എന്തായാലും ഇരുവരും റയലിന്റെ ജേഴ്‌സി അധികം വൈകാതെ തന്നെ അണിയുമെന്ന കാര്യത്തില്‍ കായിക ലോകത്തിന് സംശയമില്ല. ക്രിസ്റ്റിയാനോയ്ക്ക് ശേഷം റയലിന്റെ സുവര്‍ണതാരമെന്ന ലക്ഷ്യമാണ് നെയ്മറിനുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

REPORTAJE A LA SELECCION DE BRASIL SUB 16 – 20080318

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here