ഓട് മോദിജി കണ്ടം വഴി; നോട്ട് നിരോധനം പാളിയാല്‍ എന്നെ ജീവനോടെ കത്തിച്ചോളു; ഓര്‍മ്മയുണ്ടോ മോദിക്ക് ഈ വാക്കുകള്‍

ദില്ലി: 2016 നവംബര്‍ എട്ടാം തിയതി രാത്രി എട്ടര മണിക്കായിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. കള്ളപ്പണക്കാരെ മുച്ചൂടും മുടിക്കാന്‍ എന്ന് പറഞ്ഞ് തുടങ്ങിയ പ്രസംഗമത്സരം തീവ്രവാദപ്രവര്‍ത്തനങ്ങളുടെ വേരറുക്കുമെന്നതടക്കമുള്ള നിരവധി പ്രഖ്യാപനങ്ങളുടെ മഹാമേളയായിരുന്നു. സാധാരണക്കാരന് എണ്ണി തിട്ടപ്പെടുത്താന്‍ പോലും സാധിക്കാത്തയത്രയ്ക്കും കള്ളപ്പണം കണ്ടുകെട്ടുമെന്നതടക്കമുള്ള വീരവാദപ്രസംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ സജീവമായ വിമര്‍ശനത്തിന് ഇരയാകുകയാണ്.

നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരമാണെന്ന രാജ്യത്തെ അറിയപ്പെടുന്ന ധനകാര്യവിദഗ്ദര്‍ കാര്യകാരണസഹിതം വിവരിച്ചപ്പോഴും തന്റെ തീരുമാനം അതിഗംഭീരമാണെന്ന വിഡ്ഢിത്തരം വിളമ്പുകയായിരുന്നു മോദി. ഭക്തന്‍മാര്‍ ഇത് ആവര്‍ത്തിച്ചപ്പോഴും നാലുപാടും നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. കള്ളപ്പണത്തിനെതിരായ മിന്നലാക്രമണമെന്ന മോദിയുടെ ആവര്‍ത്തനങ്ങള്‍ സാമ്പത്തിക വിദഗ്ദര്‍ തള്ളിക്കളഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്തെ അഭിസംബോധന ചെയ്ത് ലോക ബുദ്ധിമാനായ പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തി.

അന്നത്തെ പ്രസംഗം ഭക്തന്‍മാരെ കോള്‍മയീര്‍ കൊള്ളിച്ചുകളഞ്ഞു. എനിക്ക് അമ്പത് ദിവസം തരൂ, നോട്ട് നിരോധനത്തിന്റെ ഗുണഫലം കാട്ടിത്തരാമെന്നായിരുന്നു പ്രസംഗമത്സരത്തിന്റെ രത്‌നചുരുക്കം. ഓരോരുത്തരുടേയും അക്കൗണ്ടില്‍ 15 ലക്ഷം എത്തുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വാഗ്ദാനം നടപ്പിലാക്കാനാണ് നോട്ട് നിരോധനമെന്ന മിന്നലാക്രമണമെന്ന് കൂടി ഭക്തന്‍മാരായ പാണന്മാര്‍ പാടി നടന്നു. രാജ്യം സര്‍വ്വതോന്മുഖമായ കുതിപ്പിലേക്ക് കടക്കുമ്പോള്‍ ചെറിയ ത്യാഗങ്ങള്‍ക്ക് എല്ലാവരും തയ്യാറാകണമെന്നും നോട്ട് നിരോധനം പാളിയാല്‍ എന്നെ പച്ചയ്ക്ക് കത്തിക്കു എന്നും മോദിജി വിളിച്ചു പറഞ്ഞു.

ദിവസം അമ്പത് കഴിഞ്ഞപ്പോള്‍ മോദിജിയും കൂട്ടരും നോട്ട് നിരോധനത്തെക്കുറിച്ചുള്ള വാചാലത പതുക്കെ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് റിസര്‍വ്വ് ബാങ്ക് ഔദ്യോഗികമായി തന്നെ കണക്ക് പുറത്തുവിട്ടതോടെ പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവശ്യം ശക്തമാകുകയാണ്. ഒരു രാത്രി കൊണ്ട് ജനങ്ങളെയെല്ലാം പാപ്പരാക്കിയ മോദി അന്ന് പറഞ്ഞ വാഗ്ദാനങ്ങളൊക്കെ എന്തായി എന്ന ചോദ്യമാണ് ഉയരുന്നത്. കെട്ടുകണക്കിന് കണ്ടെത്തിയ കള്ളപ്പണമെവിടെ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

അന്ന് മോദി പറഞ്ഞ വാക്കുകള്‍ കടമെടുത്ത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരും കുറവല്ല. പച്ചയ്ക്ക് കത്തിക്കൂ എന്ന ആഹ്വാനം എന്തായി എന്ന ചോദ്യത്തിന് ഇപ്പോള്‍ മോദി ഭക്തര്‍ക്ക് മിണ്ടാട്ടമില്ല. നോട്ടുനിരോധനത്തിലൂടെ അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും തിരികയെത്തിയെന്ന റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് മോദിയുടെ അവകാശവാദങ്ങള്‍ ഒന്നൊന്നായി പൊളിക്കുന്നതാണ്.

എന്തായാലും പച്ചയ്ക്ക് കത്തിക്കാനൊന്നുമില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പറയുന്നവര്‍ ഓട് മോദിജി കണ്ടം വഴിയെന്നെങ്കിലു പറയണ്ടെ എന്നാണ് ചോദിക്കുന്നത്. ഇനിയും ഇതിലെ ആടുകളെയും തെളിച്ചുകൊണ്ട് വരില്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല. ഇത്രയൊക്കെയായിട്ടും ഞാനൊന്നും അറിഞ്ഞില്ലേയെന്ന മട്ടില്‍ ഇരിക്കുന്ന സംഘി ഭക്തരുടെ കാര്യമാണ് പരമ കഷ്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News