ഭരണത്തിലുള്ളവര്‍ ഒത്താശ ചെയ്യുമ്പോള്‍ ആള്‍ദൈവങ്ങള്‍ വിരാജിക്കും; പരിഹാരമെന്ത്

ദില്ലി : ആള്‍ദൈവം ഗുര്‍മീത് റാം റഹിമിനെ ബലാത്സംഗക്കേസില്‍ ശിക്ഷിച്ചതോടെ ആള്‍ദൈവങ്ങളുടെ വിപുലമായ ശൃംഖലകളും ശിക്ഷാഭീതിയില്ലാതെയുള്ള അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകുകയാണ്. അതോടൊപ്പം ബിജെപിയും ദേര സച്ച സൌദയുടെ തലവനും തമ്മിലുള്ള രാഷ്ട്രീയമായ വേഴ്ചയും വെളിവാക്കപ്പെട്ടു. ഹരിയാനയിലെ സിര്‍സയിലാണ് ദേര സച്ച സൌദയുടെ കൊട്ടാരതുല്യമായ ആശ്രമമുള്ളത്. പഞ്ചാബിലും ഹരിയാനയിലുമായി ലക്ഷക്കണക്കിന് അനുയായികളാണ് ഗുര്‍മീത് എന്ന ആള്‍ദൈവത്തിനുള്ളത്.

ഈ അനുയായികളെ രാഷ്ട്രീയ കറന്‍സിയാക്കിയാണ് സ്വന്തം സാമ്രാജ്യം വികസിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ ആനുകൂല്യങ്ങള്‍ ബാബ നേടിയെടുത്തത്. 2014 ഒക്ടോബറില്‍ നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അഭ്യര്‍ഥന മാനിച്ച് ഗുര്‍മീത് സിങ് അവര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. ബിജെപിക്ക് വോട്ടുചെയ്യണമെന്ന് ഗുര്‍മീത് അനുയായികളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നരേന്ദ്രമോഡി ബാബയെ അദ്ദേഹത്തിന്റെ ഗുണഗണം വിശദീകരിച്ച് അതിരുകവിഞ്ഞ് പ്രശംസിക്കുകയും ചെയ്തു.

നേരത്തെ ദേര തലവന്‍ ഹരിയാനയിലും പഞ്ചാബിലും കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. എന്നാല്‍, പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ അകാലിദള്‍-ബിജെപി സഖ്യത്തെ പിന്തുണയ്ക്കാനാണ് ഗുര്‍മീത് സിങ് ജനങ്ങളോട് ആഹ്വാനം ചെയ്തത്.

ഗുര്‍മീത് സിങ്ങിന്റെ ഈ രാഷ്ട്രീയബന്ധം കാരണമാണ് അദ്ദേഹത്തിനെതിരെയുള്ള ബലാത്സംഗക്കേസില്‍ വിധി പറയുന്ന പാഞ്ച്കുല ജില്ലാ കോടതിക്കു മുമ്പില്‍ പതിനായിരക്കണക്കിന് ദേര അനുയായികള്‍ തടിച്ചുകൂടുന്നത് തടയാന്‍ മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നത്. വിധി പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പുതന്നെ ആയിരക്കണക്കിന് ജനങ്ങള്‍ കോടതിയിലും പരിസരത്തുമായി തടിച്ചുകൂടാന്‍ ആരംഭിച്ചിരുന്നു.

ഈ ജനക്കൂട്ടം വന്‍ ജനസമുദ്രമായി മാറുന്നതുവരെയും 144-ാംവകുപ്പ് അനുസരിച്ച് നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ഹരിയാന സര്‍ക്കാര്‍ തയ്യാറായില്ല. നാലുപേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടരുതെന്ന ഉത്തരവ് വന്നതിനുശേഷവും ‘ദേരയുടെ സമീപത്ത് ഈ ഉത്തരവിന് പ്രാബല്യമില്ലെന്നും അവിടേക്ക് വരുന്നവര്‍ വിശ്വാസികളാണെന്നും അവര്‍ സമാധാന പ്രിയരാണെന്നുമായിരുന്നു’ വിദ്യാഭ്യാസ മന്ത്രി രാം വിലാസ് ശര്‍മയുടെ അഭിപ്രായം.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനും അക്രമം തടയണമെന്ന കര്‍ശന നിര്‍ദേശത്തിനും ശേഷവും വന്‍ ആക്രമണം കാട്ടുന്നതിന് ബിജെപി സര്‍ക്കാര്‍ ജനക്കൂട്ടത്തിന് അനുവാദം നല്‍കി. ഇതിന്റെ ഫലമായുണ്ടായ കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. ഭൂരിപക്ഷം പേരും പൊലീസ് വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. വന്‍ തോതില്‍ സര്‍ക്കാര്‍ സ്വത്തുകളും സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചു.

മറ്റേതൊരു ജനാധിപത്യരാഷ്ട്രത്തിലും ഇത്തരം കൃത്യവിലോപം നടത്തിയ സര്‍ക്കാര്‍ അധികാരത്തില്‍ തുടരില്ല. പക്ഷേ, ബിജെപി തീരുമാനിച്ചത് മുഖ്യമന്ത്രി ഖട്ടര്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണ്. ആള്‍ദൈവവുമായുള്ള ബന്ധത്തെ തള്ളിപ്പറയാന്‍ ബിജെപിക്ക് കഴിയില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം തെരഞ്ഞെടുത്ത 47 ബിജെപി എംഎല്‍എമാരില്‍ 19 പേരും ഗുര്‍മീത് സിങ്ങിനെ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തി തങ്ങളെ പിന്തുണച്ചതിന് നന്ദി രേഖപ്പെടുത്തി. തുടര്‍ന്നങ്ങോട്ട് ഖട്ടര്‍ സര്‍ക്കാര്‍ ബാബയ്ക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ മാനദണ്ഡങ്ങളും മറികടന്ന് പണവും പ്രോത്സാഹനവും നല്‍കി. ഖട്ടര്‍ മന്ത്രിസഭയിലെ അംഗമായ അനില്‍ വിജ് ഗ്രാമീണ കായിക മേഖലയുടെ വികസനത്തിനായി 50 ലക്ഷം രൂപ ആശ്രമത്തിന് അനുവദിച്ചു. മറ്റൊരു മന്ത്രിയായ രാംവിലാസ് ശര്‍മ 51 ലക്ഷവും അനുവദിച്ചു.

പഞ്ചാബിലും ഹരിയാനയിലുമായി നൂറുകണക്കിന് ദേരകള്‍(ആശ്രമങ്ങള്‍) ഉണ്ട്. ചിലതിനൊക്കെ വന്‍തോതില്‍ അനുയായികളുമുണ്ട്. ദേര സച്ച സൌദയിലേക്ക് പ്രധാനമായും പട്ടികജാതി വിഭാഗങ്ങളും സമൂഹത്തിലെ അടിത്തട്ടിലുള്ള ജനവിഭാഗങ്ങളുമാണ് ആകര്‍ഷിക്കപ്പെട്ടത്. ഈ അനുയായികളില്‍ വലിയ വിഭാഗം സ്ത്രീകളുമാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളാണ് ഇവരിലധികവും. സര്‍ക്കാരുകളും പ്രധാന മതസ്ഥാപനങ്ങളും അന്തസ്സായ ജീവിതവും അവസരങ്ങളും നിഷേധിക്കുന്നതിനാലാണ് ഇവര്‍ ദേരകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഈ ജനവിഭാഗങ്ങളുടെ വിശ്വാസവും അഭിലാഷങ്ങളും ചൂഷണം ചെയ്യുകയാണ് ആള്‍ദൈവങ്ങളും ആത്മീയനേതാക്കളും.

ഇത്തരത്തിലുള്ള മറ്റൊരു ‘ആത്മീയ ഗുരു’വാണ് അസാറാം ബാപ്പു. ബിജെപിയുടെ പിന്തുണക്കാരനായ ഇദ്ദേഹം അവരുടെ റാലികളിലും മറ്റും പ്രത്യക്ഷപ്പെടാറുമുണ്ട്. അസാറാം ബാപ്പുവിന്റെ പ്രധാന ആശ്രമം ഗുജറാത്തിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന് ആശ്രമങ്ങളുണ്ട്. അസാറാം ബാപ്പുവും അദ്ദേഹത്തിന്റെ പുത്രനും 2013 മുതല്‍ ജയിലിലാണ്. ഇരുവരും തങ്ങളെ ബലാത്സംഗം ചെയ്തുവെന്ന സഹോദരിമാരുടെ പരാതിയെ തുടര്‍ന്നാണിത്. ജോധ്പുര്‍ ആശ്രമത്തില്‍ ആത്മീയഗുരു ബാലത്സംഗം ചെയ്തതായി ഒരു പതിനാറുകാരിയും പരാതിപ്പെട്ടു.

പഞ്ചാബിനും ഹരിയാനയ്ക്കും പുറത്ത് നിരവധി പുതിയ കപട മതനേതാക്കളും ആള്‍ദൈവങ്ങളും ഉയര്‍ന്നുവരികയാണ് ഇപ്പോള്‍. ഇതില്‍ പലരും ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രോത്സാഹനത്തിലാണ് വളരുന്നത്. ഇത്തരം ആള്‍ദൈവങ്ങളുടെ ഒരു പ്രത്യേകത വലിയ ബിസിനസ് സാമ്രാജ്യത്തിന് അവര്‍ രൂപം നല്‍കുന്നുവെന്നാണ്. ഇതില്‍ ഏറ്റവും പ്രധാനി യോഗ ഗുരു ബാബാ രാംദേവാണ്. മോഡിയുടെ പിന്തുണക്കാരനായ രാംദേവ് ഹിന്ദുത്വത്തിന്റെ പ്രചാരകനുമാണ്. മോഡി ഭരണകാലത്ത് രാംദേവിന്റെ ബിസിനസ് സാമ്രാജ്യം വളരെയധികം വികസിച്ചു. അദ്ദേഹത്തിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് വന്‍ ബിസിനസാണ്. 2016-17 വര്‍ഷത്തില്‍ പതഞ്ജലി എന്റര്‍പ്രൈസിന്റെ ടേണ്‍ ഓവര്‍ 10,561 കോടി രൂപയാണ്. ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അമിത പ്രോത്സാഹനം രാംദേവിന് ലഭിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലമാണ് രാംദേവിന് ലഭിച്ചിട്ടുള്ളത്. പ്രധാന ആശ്രമവും പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ കേന്ദ്രവുമായ ഉത്തരാഖണ്ഡില്‍ അദ്ദേഹത്തിന് പ്രോത്സാഹനമേകിയത് നാരായണ്‍ ദത്ത് തിവാരിയുടെ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു.

ഈ പുതുയുഗ ‘ബാബ’മാരും ‘ഗുരുക്കളും’ ശിക്ഷയെ ഭയക്കാതെ ധാര്‍ഷ്ട്യത്തോടെ പ്രവര്‍ത്തിച്ചത് അവര്‍ക്കു പിന്നില്‍ ‘അധികാരശക്തികള്‍’ ഉണ്ടെന്നതിനാലാണ്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ശ്രീ ശ്രീ രവിശങ്കര്‍. ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന സഭ്യതയുടെ മുഖമുള്ള രവിശങ്കര്‍ 2016 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ഒരു സാംസ്കാരികോത്സവം സംഘടിപ്പിച്ചു. യമുനയുടെ കരയിലാണ് കൂറ്റന്‍ പന്തല്‍ ഉയര്‍ന്നത്. വെള്ളം കയറുന്ന പാരിസ്ഥിതികലോല പ്രദേശത്തായിരുന്നു ഇത്. പാരിസ്ഥിതിക സംരക്ഷണത്തിന്റെ ചുമതലയുള്ള ഹരിതട്രിബ്യൂണല്‍ വേദി ഒരുക്കുന്നതിന് അനുമതി നല്‍കിയെങ്കിലും പാരിസ്ഥിതിക നാശത്തിന് അഞ്ചുകോടി രൂപ പിഴയടക്കാനും കല്‍പ്പിച്ചു. ഈ ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്തു.

പിഴയടയ്ക്കണമെന്ന ഹരിത ട്രിബ്യൂണലിന്റെ വിധിയെ രവിശങ്കര്‍ വെല്ലുവിളിച്ചു. ‘പരിപാടിക്ക് പച്ചക്കൊടി നല്‍കിയതിന്’ ഹരിത ട്രിബ്യൂണലിനാണ് പിഴ ചുമത്തേണ്ടതെന്നാണ് രവിശങ്കറിന്റെ വാദം! ഹരിത ട്രിബ്യൂണലിന്റെ വിധി തന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് ഫൌണ്ടേഷന് അംഗീകരിക്കാനാകില്ലെന്ന് രവിശങ്കര്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.

രാജ്യത്തെമ്പാടുമുള്ള ഇത്തരം പുതു കപട മതവിശ്വാസികളും ആത്മീയഗുരുക്കന്മാരും കരുതുന്നത് തങ്ങള്‍ നിയമത്തിന് വഴണ്ടേണ്ടവരല്ലെന്നാണ്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും ആര്‍എസ്എസിന്റെയും ഹിന്ദുത്വശക്തികളുടെയും പിന്തുണയുമുണ്ട്. ഇത്തരത്തിലുള്ള അപകടകാരികളായ ഒരു സംഘടനയാണ് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ഥ. ഭ്രാന്തമായ ഹിന്ദുത്വ നിലപാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ ജനജാഗ്രതി സന്‍സ്ഥ പ്രവര്‍ത്തിക്കുന്നത് ഇവരുടെ മേല്‍നോട്ടത്തിലാണ്. നരേന്ദ്ര ധബോള്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും കലബുര്‍ഗിയെയും വധിച്ചത് സനാതന്‍ സന്‍സ്ഥയുടെ കേഡര്‍മാരാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍, മഹാരാഷ്ട്രയിലെയും ഗോവയിലെയും ബിജെപി സര്‍ക്കാരുകള്‍ ഈ തീവ്രവാദി സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. രാഷ്ട്രീയവും ആള്‍ദൈവങ്ങളും കപട മതവിശാസങ്ങളും തമ്മിലുള്ള ഈ കൂടിച്ചേരല്‍ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂടിനാണ് ഭീഷണി ഉയര്‍ത്തുന്നത്. രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും കാര്യങ്ങളില്‍ ഇടപെടാനുള്ള ഈ ദേരകളുടെയും ആള്‍ദൈവങ്ങളുടെയും ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുക തന്നെ വേണം. ഭരണത്തിലിരിക്കുന്നവര്‍ തന്നെ അതിന് ഒത്താശ ചെയ്യുമ്പോള്‍ എങ്ങനെ ഇതിനെ തടയാന്‍ കഴിയും?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News