12 വര്‍ഷങ്ങള്‍ക്ക് ശേഷം സെന്റ് ആല്‍ബര്‍ട്‌സില്‍ എസ്എഫ്‌ഐ; ഈ ജയം മാനേജ്‌മെന്റിന് വിദ്യാര്‍ഥികള്‍ നല്‍കിയ ചുട്ട മറുപടി

കൊച്ചി: സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ 12 വര്‍ഷത്തിനുശേഷം വീണ്ടും എസ്എഫ്‌ഐ. ബുധനാഴ്ച നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മൂന്നാം വര്‍ഷ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി വിദ്യാര്‍ഥികളായ അരുണ്‍ ജോസഫ് ഹാരിയെ ചെയര്‍മാനായും സിതാര സത്താറിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

റാദി സുധീഷ് (വൈസ് ചെയര്‍മാന്‍), വിപി ശ്രീനാഥ്, സേവ്യര്‍ സ്റ്റാലോണ്‍ (യുയുസി), അനന്തു കൃഷ്ണകുമാര്‍ (ആര്‍ട്‌സ്‌ക്‌ളബ് സെക്രട്ടറി), എം ബി അഭിഷേക് (മാഗസിന്‍ എഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. പാര്‍ലമെന്ററി രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 142ല്‍ 116 ക്‌ളാസ്പ്രതിനിധികളെയും എസ്എഫ്‌ഐക്ക് വിജയിപ്പിക്കാനായി.

2016-17 അധ്യയനവര്‍ഷത്തിലാണ് എസ്എഫ്‌ഐ യൂണിറ്റ് വീണ്ടും സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് എസ്എഫ്‌ഐ ക്യാമ്പസില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ശ്രദ്ധനേടി. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കറുത്ത വസ്ത്രം ധരിച്ച് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് ക്യാമ്പസിനുമുന്നില്‍ എസ്എഫ്‌ഐയുടെ പതാക ഉയര്‍ത്തി. എന്നാല്‍ ഇതിന്റെ പേരില്‍ യൂണിറ്റ് ഭാരവാഹികളടക്കം ഏഴുപേരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. നീണ്ടകാലത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷം സര്‍വകലാശാല കോളേജിനോട് വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മാനേജ്‌മെന്റിന് വിദ്യാര്‍ഥികള്‍ നല്‍കിയ ചുട്ട മറുപടിയാണ് എസ്എഫ്‌ഐയുടെ ചരിത്രവിജയമെന്ന് ജില്ലാ സെക്രട്ടറി വിഎം ജുനൈദ് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News