മോണ്ടെവിഡിയോ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന നിര്‍ണായകമത്സരത്തിന് ഉഉറുഗ്വയെ നേരിടുന്നതാണ് വാര്‍ത്താ കോളങ്ങളിലെ പ്രധാനവാര്‍ത്തായിരുന്നത്. എന്നാല്‍ വാര്‍ത്തകള്‍ മാറി മറിഞ്ഞപ്പോള്‍ ഫുട്‌ബോള്‍ മിശിഹയുടെ മാതൃകാപരമായ പെരുമാറ്റമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. കടുത്ത സമ്മര്‍ദത്തിനിടയിലും അര്‍ജന്റീനയുടെ പടനായകന്‍ ഒരു പയ്യനോട് കാണിച്ച സമാനതകളില്ലാത്ത സ്‌നേഹം ലോകമാകെ ചര്‍ച്ചയാകുകയാണ്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വയുമായി നിര്‍ണായക മത്സരത്തിനായി മോണ്ടെവിഡിയോയിലെത്തിയ മെസി കുഞ്ഞ് ആരാധകനെ കയ്യിലെടുക്കികയായിരുന്നു. നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തിന്റെ വിധി പോലിരിക്കും ലോകകപ്പ് യോഗ്യതയെങ്കിലും സെക്യൂരിറ്റി ഒരുക്കിയ അതിര്‍വരമ്പുകള്‍ ഭേദിച്ചെത്തിയ കുഞ്ഞു ആരാധകനെ മെസി സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയായിരുന്നു.

മെസ്സിയും കൂട്ടുകാരും ടീം ബസ്സിലേക്ക് കയറുന്നതിനിടെയാണ് ഈ സംഭവം നടന്നത്. ടീം ബസിറങ്ങി ഹോട്ടലിലേക്കു പോയിക്കൊണ്ടിരുന്ന മെസ്സിയുടെ ഏതാനും മീറ്ററുകള്‍ അകലെ വരെ സെക്യൂരിറ്റി ഗാര്‍ഡുകളെ കബളിപ്പിച്ചു കുഞ്ഞു ആരാധകന്‍ എത്തി. എന്നാല്‍, തന്റെ ആരാധനാ പാത്രത്തെ ഒന്നു തൊടാനുള്ള ആഗ്രഹത്തെ തച്ചുടച്ചു സെക്യൂരിറ്റി ഗാര്‍ഡുകള്‍ പയ്യനെ പിടിച്ചുനിര്‍ത്തി.

ഇതോടെ ആരാധകന്‍ കരച്ചിലാരംഭിച്ചു. എന്താണ് സംഭവിക്കുന്നത് മനസിലാകാതിരുന്ന മെസ്സി പതിയെ സംഭവം മനസിലാക്കിയതോടെ സെക്യൂരിറ്റിക്കാരനോട് പയ്യനെ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം ആരാധകന്റെ കൂടെ നിന്ന് ഒരു ഫോട്ടോയെടുത്ത് ഓട്ടോഗ്രാഫും നല്‍കി. അതിരില്ലാത്ത സന്തോഷത്തില്‍ നിന്ന അവനെ കെട്ടിപ്പിടിച്ച ശേഷമാണ് മെസി നടന്നുനീങ്ങിയത്.

വീഡിയോ പുറത്തുവന്നതോടെ മെസി ആരാധകരും കായിക ലോകവും ഇത് ഏറ്റെടുക്കുകയായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കണമെങ്കില്‍ മെസിക്കും കൂട്ടര്‍ക്കും ഉറുഗ്വയ്‌ക്കെതിരെ ജയം അനിവാര്യമാണ്.