മോണ്ടെവിഡിയോ: ലോകഫുട്‌ബോളിലെ വന്‍ ശക്തികള്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ മാറ്റുരയ്ക്കുമ്പോള്‍ അര്‍ജന്റീനയ്ക്കാണ് പോരാട്ടം ഏറ്റവും നിര്‍ണായകം. 14 മത്സരങ്ങളില്‍ നിന്ന് 6 ജയം മാത്രം സ്വന്തമാക്കിയ നീലപ്പട ലോകകപ്പില്‍ കളിക്കാതെ പുറത്താകേണ്ടിവരുമെന്ന പ്രതിസന്ധിഘട്ടത്തിലാണ്. 4 സമനിലയും 4 തോല്‍വിയും ഏറ്റുവാങ്ങിയ മെസിയും സംഘവും ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനക്കാരാണ്.

ആദ്യ ഘട്ടത്തില്‍ മെസിയുടെ നേതൃത്വത്തില്‍ വന്‍ മുന്നേറ്റം നടത്തിയ ലാറ്റിനമേരിക്കന്‍ ശക്തികള്‍ കോപ അമേരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് തോല്‍വികളിലേക്ക് കൂപ്പുകുത്തിയത്. നിലവിലെ സാഹചര്യത്തില്‍ അര്‍ജന്റീന ലോകകപ്പ് കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. അതിനാല്‍ തന്നെയാണ് ഇനിയുള്ള ഓരോ മത്സരവും നിര്‍ണായകമാകുന്നതും.

കരുത്തരായ ഉറുഗ്വയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് അര്‍ജന്റീന യുറുഗ്വേയെ നേരിടും. ബാഴ്‌സയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താനായ പടനായകന്‍ മെസ്സിയില്‍ തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. മെസിക്കൊപ്പം യുവതാരങ്ങളായ മൗറോ ഇക്കാര്‍ഡിയും, പൗളോ ഡിബാലയും കളിച്ചേക്കുമെന്നാണ് സൂചന. മറുവശത്ത് പരിക്ക് കാരണം ലൂയി സുവാരസ് കളിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അര്‍ജന്റീനയ്ക്ക് പുറമെ ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീല്‍, ചിലി, പെറു എന്നവരും ഇന്ന് രാത്രി കളത്തിലിറങ്ങും. ആദ്യ റൗണ്ടില്‍ തന്നെ ഒന്നാംസ്ഥാനത്തെത്തിയ ബ്രസീല്‍ ലോകകപ്പിനുള്ള യോഗ്യത ഉറപ്പാക്കിയപ്പോള്‍ മറ്റുള്ളവര്‍ക്കെല്ലാം ജയം അനിവാര്യമാണ്. ബ്രസീലിന്റെ മത്സരം ഇക്വഡോറിനെതിരെയാണ്. അതേസമയം യുറോപ്പില്‍ പോര്‍ച്ചുഗല്‍ ഫറോ ദ്വീപുകളെയും ഫ്രാന്‍സ് ഹോളണ്ടിനെയും നേരിടും.