സിബിഐ കുറ്റപത്രവും രാജ്യദ്രോഹകുറ്റം ചുമത്തലും രാഷ്ട്രീയമായ വേട്ടയാടല്‍; നിയമപരമായി നേരിടുമെന്നും പി ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രവും തനിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതും രാഷ്ട്രീയമായ വേട്ടയാടലാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കളിയാണ് സി ബി ഐ കുറ്റപത്രത്തിലൂടെ മറനീക്കി പുറത്തുവന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ യു എ പി എ വകുപ്പ് ചുമത്തിയത് ചട്ടവിരുദ്ധമായാണ്. സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഇത്തരം നടപടികള്‍ സി ബി ഐ സ്വീകരിച്ചിരിക്കുന്നത്. ഇത് സി ബി ഐയുടെ രാഷ്ട്രീയ വേട്ട വ്യക്തമാക്കുന്നതാണെന്നും പി ജയരാജന്‍ വിവരിച്ചു.

ഇന്ന് രാവിലെയാണ് മനോജ് വധക്കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ജയരാജനെ 25–ാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. യു എ പി എ അടക്കം 15 വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. കണ്ണൂരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള ആരോപണങ്ങളാണ് ജയരാജനെതിരെ കുറ്റപത്രത്തിലുളളത്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും ഗുഢാലോചന നടത്തിയെന്നും സി ബി ഐ പറയുന്നു.

2014 സെപ്റ്റംബര്‍ ഒന്നിനു രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയില്‍ നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന ടി.ഐ. മധുസൂദനന്‍ എന്നിവര്‍ പ്രതികളാണെന്നാണ് സി ബി ഐ കുറ്റപത്രം പറയുന്നത്. പി. ജയരാജന്‍ അടക്കം ഒന്‍പതു പേര്‍ക്കു നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News