തൃപ്പൂണിത്തുറയില്‍ യുവാവ് വിദ്യാര്‍ത്ഥിനിയുടെ തലയില്‍ ചാണക വെള്ളം ഒഴിച്ചു

കൊച്ചി: പ്രേമനൈരാശ്യം മൂത്ത യുവാവ് വിദ്യാര്‍ത്ഥിനിയുടെ തലയില്‍ ചാണക വെള്ളം ഒഴിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം.

കോളേജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാനായി വിദ്യാര്‍ത്ഥിനി നടന്നു പോകുമ്പോഴാണ് യുവാവിന്റെ ക്രൂരത. ഗവ. പാലസ് ഹൈസ്‌കൂളിന് മുന്‍വശം റോഡരികില്‍ നില്‍ക്കുകയായിരുന്നു യുവാവ്. ഇവിടെയെത്തിയ പെണ്‍കുട്ടിയുടെ തലവഴി യുവാവ് കൈയില്‍ കരുതിയിരുന്ന കുഴമ്പ് രൂപത്തിലുള്ള ചാണകവെള്ളം ഒഴിക്കുകയായിരുന്നുവത്രെ. ഇതെ തുടര്‍ന്ന് പെണ്‍കുട്ടി ഭയന്ന് വാവിട്ട് നിലവിളിച്ചു.

വിദ്യാര്‍ത്ഥിനിയുടെ കരച്ചില്‍ കേട്ട് ബൈക്ക് യാത്രികര്‍ ഉള്‍പ്പടെ ഓടിക്കൂടി. പെണ്‍കുട്ടിയെ ഉടന്‍ പാലസ് സ്‌ക്കൂളിലേയ്ക്ക് മാറ്റി. ചാണക പ്രയോഗം നടത്തി ഓടി രക്ഷപ്പെടാന്‍ നോക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. ഇയാളെ പിന്നീട് പൊലീസില്‍ ഏല്പിച്ചു.

തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ വൈക്കം സ്വദേശി ആഷിക്കിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് 364 ാം വകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രേമ നൈരാശ്യമാണ് 19 കാരനായ യുവാവിനെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here