ജര്‍മനിയെ ആശങ്കയിലാക്കി ഉഗ്രശേഷിയുള്ള ബോംബ്; എഴുപതിനായിരത്തിലധികം ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം

ബോംബ് ഭീഷണിയെ തുടര്‍ന്ന് എഴുപതിനായിരത്തിലധികം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുളള ശ്രമത്തിലാണ് ജര്‍മ്മനി. രണ്ടാംലോകമാഹായുദ്ധകാലത്ത് നാസിപ്പടയ്‌ക്കെതിരെ സഖ്യകക്ഷികള്‍ പ്രയോഗിച്ച ഉഗ്രശേഷിയുള്ള ബോംബുകളിലൊന്നാണ് ഇപ്പോള്‍ ജര്‍മ്മനിയെ ഭീതിപ്പെടുത്തുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രീട്ടിഷ് സേന ഉപയോഗിച്ച ബോംബ് നിര്‍വ്വീര്യമാകാത്ത നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാവുകയായിരുന്നു. പൊട്ടാതെ കിട്ടിയ ‘ബ്ലോക് ബസ്റ്റര്‍’ എന്ന ബോംബിന് 1,400 ടണ്‍ ഭാരമുണ്ട്. ഇതിന്റെ സ്‌ഫോടന ശേഷി ഇപ്പോള്‍ എത്രമാത്രമുണ്ടെന്ന് വ്യക്തമല്ലെങ്കിലും. പൂര്‍ണമായും നഗരത്തെ ഇല്ലാതാക്കാന്‍ ശേഷിയുളളതാണെന്നാണ് വിലയിരുത്തലുകള്‍.

ഫ്രാങ്ക്ഫര്‍ട്ടിലെ ഗോതെ യൂണിവേഴ്‌സിറ്റിയുടെ വെസ്റ്റ്എന്‍ഡ് ക്യാമ്പില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിനായി കുഴിക്കവേയാണ് ബോംബ് കണ്ടെത്തിയത്. ജര്‍മ്മനിയുടെ പല ഭാഗങ്ങളില്‍നിന്നും ഇപ്പോഴും പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ കണ്ടെടുക്കാറുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതേവരെ ലഭ്യമായവയില്‍ വലിപ്പവും സ്‌ഫോടക ശക്തിയും ഏറിയതാണ് ‘ബ്ലോക് ബസ്റ്റര്‍’ .

ബോംബ് നിര്‍വീര്യമാക്കുന്നതിനുള്ള നടപടി ഞായറാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധത്തിനു ശേഷം ജര്‍മ്മനി നേരിടുന്ന ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയാണിത്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഓഗ്‌സ്ബര്‍ഗില്‍ നിന്ന് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയിരുന്നു. 54,000 പേരെയാണ് അന്ന് ഒഴിപ്പിച്ചത്. മേയില്‍ ഹാനോവറില്‍ നിന്ന് ബോംബ് കണ്ടെത്തിയതോടെ അരലക്ഷം പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News